ഒരു മുസ്ലീം അമ്പലക്കമ്മിറ്റി ഭാരവാഹിയോ? നെറ്റിചുളിക്കാൻ വരട്ടെ, ഗുളികനെയും ദേവിയേയുമൊക്കെ ആരാധിക്കാനൊരു കാരണമുണ്ടെന്ന് മുഹമ്മദാലി

0
247

തൃശൂർ: ഇസ്ലാം വിശ്വാസി അമ്പലക്കമ്മിറ്റി ഭാരവാഹിയോ? നെറ്റിച്ചുളിക്കുന്നവരോട് വഞ്ചിപ്പുര മുള്ളക്കര വീട്ടിൽ മുഹമ്മദാലി സാഹിബ് പറയും – ” നമ്മടെ ചോറായ ഈ കടല് പോലേണ് ദൈവവിശ്വാസം…പള്ളിയും അമ്പലവുമെല്ലാം ഒന്ന് തന്നേണ്…”

കടലിനെ വിശ്വസിക്കുന്നതു പോലെയാണ് പള്ളിയിലും അമ്പലത്തിലുമുള്ള മുഹമ്മദാലിയുടെ വിശ്വാസം. കയ്പമംഗലം പുത്തൻപള്ളിയിൽ വെളളിയാഴ്ച നിസ്‌കാരം മുടക്കില്ല. അതേ നിഷ്‌ഠയോടെ അയിരൂർ മുത്തപ്പനെയും വണങ്ങും. അയിരൂർ ചാപ്പക്കടവ് ശ്രീ ഗുളികൻ മുത്തപ്പൻ ഭഗവതി ക്ഷേത്രക്കമ്മിറ്റി വൈസ് പ്രസിഡന്റുമാണ് ഈ 74കാരൻ. മുപ്പതിലേറെ വർഷമായി ക്ഷേത്രകാര്യങ്ങളിൽ സജീവം. മതപരിവർത്തനത്തിന്റെയും വ‌ർഗ്ഗീയതയുടെയും പേരിൽ വിവാദങ്ങളുയരുമ്പോൾ മതേതരത്വത്തിന്റെ പ്രകാശമാവുകയാണ് മുഹമ്മദാലി.

”പ്രാരബ്ധങ്ങളിൽ പഠനം മുടങ്ങി പന്ത്രണ്ടാം വയസീ കടലിൽ പോകാൻ തുടങ്ങീതാണ്. കടലിൽ പോയോർക്കെല്ലാം ദുരിതങ്ങളായിരുന്നു. വഞ്ചി മറിഞ്ഞ് പലരെയും കാണാതായി. അപകടങ്ങളുണ്ടായി. ദുരിതം കൂടീപ്പോ തീരത്തുള്ളവരെല്ലാം ചേർന്ന് താംബൂലപ്രശ്‌നം നടത്തി. ദേവിയുടെ സാന്നിദ്ധ്യം ഉണ്ടെന്നും യഥാവിധി പ്രതിഷ്ഠിക്കണമെന്നും പറഞ്ഞു. അങ്ങനെയാണ് ഗുളികൻ മുത്തപ്പനെയും ദേവിയെയും ആരാധിക്കാൻ തുടങ്ങിയത്. വിശ്വാസികളേറെയുണ്ടായി.””-മുഹമ്മദാലി ഓർമ്മിക്കുന്നു.

ഇവിടത്തെ വഞ്ചികൾക്ക് അയിരൂർ മുത്തപ്പൻ, തേവർ, വിഷ്ണു, പരശുരാമൻ, തമ്പുരാട്ടി, രാജേശ്വരി എന്നൊക്കെയാണ് പേര്. ക്ഷേത്രമാകട്ടെ, എല്ലാ മതസ്ഥർക്കും വാതിൽ തുറന്നിട്ടിരിക്കുന്നു. മതേതരമനസുകൾ ഏപ്രിൽ 20 മുതൽ 28 വരെ പ്രതിഷ്ഠാ മഹോത്സവം വിപുലമായി കൊണ്ടാടുകയും ചെയ്‌തു.

മഹാബലിപുരത്തെ ശില്പി നാരായണൻ കൊത്തിയ മുത്തപ്പൻ ഭഗവതി വിഗ്രഹം മുഹമ്മദാലിയുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. അദ്ദേഹം വിഗ്രഹങ്ങൾക്ക് മുമ്പിൽ പ്രാർത്ഥനാനിരതനായത് മതസൗഹാർദ്ദത്തിന്റെ നേർക്കാഴ്ചയായി. കൊടിക്കൂറ ഉയർത്തിയപ്പോഴും മുന്നിൽ നിറുത്തി.

”മൂന്ന് വർഷായി ക്ഷേത്രം പുതുക്കിപ്പണിത് പുനഃപ്രതിഷ്ഠ നടത്താനുള്ള ഒരുക്കത്തിലായിരുന്നു. അതിലെല്ലാം പങ്കാളിയായി. എല്ലാരും പ്രസിഡന്റാകാൻ നിർബന്ധിച്ചു. ഹിന്ദുമതാചാരം പൂർണമായും അറിയാത്തതിനാൽ വൈസ് പ്രസിഡന്റാകാമെന്ന് സമ്മതിച്ചു.”

പ്രായമായതിനാൽ മുഹമ്മദാലി വല്ലപ്പോഴുമേ കടലിൽ പോകൂ. ആർക്കെങ്കിലും കടലിൽ അപകടമുണ്ടായാൽ ഇരിക്കപ്പൊറുതിയില്ല. ഉടൻ വഞ്ചിയിൽ കേറും.

ഭാര്യയും ഗൾഫിലുള്ള മകനും രണ്ട് പെൺമക്കളുമടങ്ങുന്നതാണ് കുടുംബം. അദ്ദേഹത്തിന്റെ വിശ്വാസത്തിന് അവർക്കും എതിർപ്പില്ല.

മുള്ളു കൊള്ളാതെ രക്ഷിക്കാം

പുനഃപ്രതിഷ്ഠാസമയത്ത് മുത്തപ്പൻ വെളിച്ചപ്പെട്ടു വന്നപ്പോൾ ചോദിച്ചു, എന്തെങ്കിലും വേണോ എന്ന്. ഒന്നും ഉരിയാടാതെ നിന്ന എന്നെ അനുഗ്രഹിച്ചത്, മുള്ളു കൊള്ളാതെ സംരക്ഷിക്കാം എന്നു പറഞ്ഞായിരുന്നു. ഏത് വിശ്വാസവും ഉറച്ചതാണെങ്കിൽ ഫലം കിട്ടും.

LEAVE A REPLY

Please enter your comment!
Please enter your name here