ലഖ്നൗ: ഐപിഎല്ലില്‍ ഗൗതം ഗംഭീറും എം എസ് ധോണിയും തമ്മിലുള്ള രസക്കേടിന്‍റെ കഥ ആരാധകര്‍ക്കെല്ലാം അറിയാം. ധോണിക്കെതിരെ ഒളിയമ്പെയ്യാന്‍ കിട്ടുന്ന ഒരു അവസരവും ഗംഭീര്‍ പാഴാക്കാറുമില്ല. എന്നാല്‍ വിരാട് കോലിയും ഗംഭീറും തമ്മിലുള്ള പോര് അങ്ങനെയല്ല. വിരാട് കോലി തന്‍റെ ആദ്യ ഏകദിന സെഞ്ചുറി നേടിയ ശ്രീലങ്കക്കെതിരായ മത്സരത്തില്‍ മാന്‍ ഓഫ് ദ് മാച്ച് ആയത് ഗൗതം ഗംഭീറായിരുന്നു. കോലി 107 റണ്‍സടിച്ചപ്പോള്‍ ഗംഭീര്‍ 150 റണ്‍സടിച്ചിരുന്നു. എന്നാല്‍ അന്ന് പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്കാരം വാങ്ങാനെത്തിയ ഗംഭീര്‍ അത് കോലിക്ക് നല്‍കാന്‍ പറയുകയായിരുന്നു. ഇരവരും ഡല്‍ഹി ടീമിന് വേണ്ടി കളിച്ചാണ് ഇന്ത്യന്‍ ടീമിലെത്തിയത്.
ഇന്ത്യന്‍ ടീമിലേക്കുള്ള വഴിയടച്ചതോ പോരിന് കാരണം
കൃത്യമായി പറഞ്ഞാല്‍ വിരാട് കോലി ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായതകനായശേഷമായിരുന്നു ഇത്. 2012ല്‍ ആര്‍സിബി നായകനായ കോലിയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകനായിരുന്നു ഗംഭീറും തമ്മില്‍ 2013 സീസണില്‍ നടന്ന മത്സരത്തില്‍ വാക്കുകള്‍ കൊണ്ട് പരസ്പരം പോരടിച്ചിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന കൊല്‍ക്കത്ത-ബാംഗ്ലൂര്‍ പോരാട്ടത്തിനിടെ നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലുണ്ടായിരുന്ന കോലി റണ്‍ ഔട്ടാവാന്‍ ഒരു സാധ്യതയും ഇല്ലാതിരുന്നിട്ടും മനപൂര്‍വം സ്റ്റംപിലേക്ക് പന്തെറിഞ്ഞ ഗംഭീറിന്‍റെ നടപടിയും കോലിയെ ചൊടിപ്പിച്ചു. ഇരുവരും തമ്മില്‍ വാക്കു തര്‍ക്കം കൈവിടുമെന്ന ഘട്ടത്തില്‍ കൊല്‍ക്കത്ത താരങ്ങള്‍ ഇടപെട്ട് ഇരുവരെയും പിടിച്ചു മാറ്റുകയായിരുന്നു.
I am a Virat Kohli fan myself. But those who are abusing Gautam Gambhir have a look at this! Gautam Gambhir had gifted his POTM award to Virat Kohli after his first ODI century. #ViratKohli #naveenulhaq #LSGvsRCB #gautamgambhir #IPL2023 #IPLonJioCinema #RCBvLSG pic.twitter.com/bgSm4twbpt
— VK CHARLIE 777 (@tulunaduUtd) May 2, 2023
ആ കാലഘട്ടത്തില്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ശിഖര്‍ ധവാന്‍റെ വരവോടെ ഓപ്പണര്‍ സ്ഥാനം നഷ്ടായിരുന്ന ഗംഭീറിന് പിന്നീട് ടെസ്റ്റ് ടീമില്‍ മാത്രമായിരുന്നു പ്രതീക്ഷ. എന്നാല്‍ 2014-2015 ഓസ്ട്രേലിയന്‍ പരമ്പരക്കിടെ ടെസ്റ്റ് ടീം നായകനായി മാറിയ കോലി ഒരിക്കല്‍ പോലും ഗംഭീറിനെ ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചില്ല. ഗംഭീറിന്‍റെ മോശം ഫോമും ഒരു കാരണമായിരുന്നെങ്കിലും അതോടെ രാജ്യാന്തര ക്രിക്കറ്റില്‍ ഗംഭീറിന്‍റെ അവാസാന വഴിയും അടയുകയായിരുന്നു.
എന്നാല്‍ 2016ല്‍ ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളുടെ കരുത്തില്‍ കോലിക്ക് കീഴില്‍ ഗംഭീര്‍ ടെസ്റ്റ് ടീമില്‍ തിരച്ചെത്തിയെങ്കിലും ന്യൂസിലന്‍ഡിനും ഇംഗ്ലണ്ടിനുമെതിരെ ഓരോ ടെസ്റ്റില് കളിച്ചശേഷം ഒഴിവാക്കി. പിന്നീടൊരിക്കലും ഗംഭീറിന് ഇന്ത്യന്‍ ടീമിലെത്താനായിട്ടില്ല. ഗൗരവ് കപൂറുമായുള്ളൊരു അഭിമുഖത്തില്‍ തനിക്ക് കോലിയുമായി ഒരു പ്രശ്നവുമില്ലെന്ന് ഗംഭീര്‍ പറഞ്ഞിട്ടുണ്ടെങ്കിലും അതില്‍ അത്ര കഴമ്പില്ലെന്നാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ തെളിയിക്കുന്നത്. ഇന്നലത്തെ മത്സരത്തിലെ മോശം പെരുമാറ്റത്തിന് ഇരുവര്‍ക്കും മാച്ച് ഫീയുടെ 100 ശതമാനം പിഴ ചുമത്തിയിരുന്നു.