ഡേവിഡ് വില്ലിക്ക് പകരക്കാരനായി! ലഖ്‌നൗവിനെതിരെ മത്സരത്തിന് മുമ്പ് സര്‍പ്രൈസ് പുറത്തുവിട്ട് ആര്‍സിബി

0
197

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സിനെ നേരിടാനൊരുങ്ങുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. മത്സരത്തിന് മുമ്പ് ഒരു അപ്‌ഡേറ്റ് കൂടി പുറത്തുവിട്ടിരിക്കുകയാണ് ടീം. ടൂര്‍ണമെന്റിനിടെ പരിക്കേറ്റ് പുറത്തായ ഡേവിഡ് വില്ലിക്ക് പകരക്കാരനെ പ്രഖ്യാപിച്ചിരിക്കുയാണ് ടീം. ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ക്ക് പകരം ഇന്ത്യന്‍ വെറ്ററന്‍ താരം കേദാര്‍ ജാദവിനെ ആര്‍സിബി ടീമില്‍ ഉള്‍പ്പെടുത്തി.

ഒരു കോടിക്കാണ് ആര്‍സിബി കേദാറിനെ ടീമിലെത്തിച്ചത്. 2010ല്‍ ഡല്‍ഹി ഡെയര്‍ഡെള്‍സിനൊപ്പമാണ് കേദര്‍ അരങ്ങേറ്റം നടത്തിയത്. ഇതുവരെ 93 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ള കേദാര്‍ 1196 റണ്‍സ് നേടിയിട്ടുണ്ട്. 2016-17 സീസണില്‍ ആര്‍സിബിക്ക് വേണ്ടിയും കേദാര്‍ കളിച്ചിട്ടുണ്ട്. 16 ഇന്നിംഗ്‌സുകളില്‍ നിന്ന് 25.75 ശരാശരിയില്‍ 309 റണ്‍സാണ് സമ്പാദ്യം. 141.74-ാണ് ആര്‍സിബിയില്‍ കേദാറിന്റെ സ്‌ട്രൈക്ക് റേറ്റ്.

പിന്നീട് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി കളിച്ച കേദാര്‍ 2021 സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിലെത്തി. എന്നാല്‍ തുടര്‍ന്നുള്ള രണ്ട് ഐപിഎല്‍ താരലേലത്തിലും താരത്തെ ടീമിലത്തിക്കാന്‍ ആരും തയ്യാറായില്ല.

royal challengers bangalore announces replacement for david willey saa

വൈകിട്ട് ഏഴരയ്ക്കാണ് ആര്‍സിബി, ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സിനെ നേരിടുന്നത്. ചിന്നസ്വാമിയിലെ റണ്ണൊഴുകിയ കളിയില്‍ ലഖ്‌നൗ ബാംഗ്ലൂരിന്റെ, 212 റണ്‍സ് മറികടന്നത് അവസാന പന്തിലാണ്. പഞ്ചാബിനെ 56 റണ്‍സിന് തകര്‍ത്ത ആത്മവിശ്വാസവുമായാണ് കെ എല്‍ രാഹുലും സംഘവും ബാംഗ്ലൂരിനെ കാത്തിരിക്കുന്നത്.

കൊല്‍ക്കത്തയോട് തോറ്റ കോലിക്കും സംഘത്തിനും വിജയവഴിയില്‍ തിരിച്ചെത്തണം. കോലി, ഡുപ്ലെസി, മാക്‌സ്വെല്‍ ത്രയത്തില്‍ അവസാനിക്കുന്നതാണ് ബാംഗ്ലൂരിന്റെ ബാറ്റിംഗ് കരുത്ത്. മുഹമ്മദ് സിറാജും ഹര്‍ഷല്‍ പട്ടേലും ഒഴികെയുള്ള ബൗളര്‍മാരും പ്രതീക്ഷയ്‌ക്കൊത്ത് പന്തെറിയുന്നില്ല. രാഹുലിന്റെ മെല്ലെപ്പോക്കുണ്ടെങ്കിലും കെയ്ല്‍ മയേഴ്‌സ് തുടക്കമിടുന്ന ലക്‌നൗവിന്റെ ബാറ്റിംഗ് നിര ട്രാക്കിലായിക്കഴിഞ്ഞു. സ്റ്റോയിനിസും ബദോണിയും പുരാനുമെല്ലാം മിന്നും ഫോമിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here