തിരുവനന്തപുരം: സ്ത്രീകൾ ഇരുചക്ര വാഹനങ്ങളിൽ പിന്നിലിരുന്ന് യാത്ര ചെയ്യുമ്പോൾ സാരിയും ചുരിദാർ ഷാളും അലസമായി നീട്ടിയിടാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നൽകി. സാരിയുടെയോ ഷാളിന്റെയോ അറ്റം പിൻചക്രത്തിൽ കുരുങ്ങി അപകടങ്ങൾ ഉണ്ടാകുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് ഫേസ്‌ബുക്ക് പേജിലൂടെ കേരള പൊലീസ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.
കേരള പൊലീസിന്റെ ഫേസ്ബുക്ക് കുറിപ്പ്
ഇക്കാര്യം ഒന്ന് ശ്രദ്ധിക്കണേ !!
ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ പിന്നിലിരുന്ന് യാത്ര ചെയ്യുന്ന സ്‌ത്രീകൾ സാരിയും ചുരിദാർ ഷാളും അലസമായി നീട്ടിയിടാതിരിക്കാൻ ശ്രദ്ധിക്കുക. സാരിയുടെയോ ഷാളിന്റെയോ അറ്റം പിൻചക്രത്തിൽ കുരുങ്ങി അപകടങ്ങൾ ഉണ്ടാകുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്. അതുപോലെ കഴുത്തിൽ ഷാൾ ചുറ്റിക്കെട്ടിയിടാതിരിക്കുക. അബദ്ധത്തിൽ എവിടെയെങ്കിലും കുരുങ്ങിയാൽ അപകടം ദാരുണമായിരിക്കും. യാത്ര തുടങ്ങുന്നതിന് മുമ്പ് ഈവക മുൻകരുതലുകൾ ഉറപ്പു വരുത്തുക. യാത്രക്കിടയിലും ശ്രദ്ധിക്കുക.
മോട്ടോർ വാഹന നിയമപ്രകാരം ഇരുചക്രവാഹനത്തിന്റെ പുറകിലിരുന്ന് യാത്ര ചെയ്യുന്നവർക്കു പിടിക്കാവുന്ന വിധത്തിൽ ഓടിക്കുന്ന ആളുടെ പിന്നിൽ വാഹനത്തിന്റെ വശത്തായി കൈപിടിയും പാദങ്ങൾ വയ്‌ക്കാൻ ഫുട് റെസ്‌റ്റും പിന്നിലിരിന്ന് യാത്ര ചെയ്യുന്നയാളുടെ വസ്‌ത്രങ്ങൾ ചക്രത്തിന്റെ ഉള്ളിലേക്കു കടക്കാത്ത വിധം ചക്രത്തിന്റെ പകുതിയോളം മൂടുന്ന സാരിഗാർഡും നിർബന്ധമാണ്.
ശുഭയാത്ര