ഇനി ബീജം ദാനം ചെയ്യരുത്; അഞ്ഞൂറോളം കുട്ടികളെ ജനിപ്പിച്ച 41-കാരനെ വിലക്കി ഡച്ച് കോടതി

0
268

ബീജം ദാനം ചെയ്യുന്നതില്‍ നിന്ന് യുവാവിനെ വിലക്കിനെ നെതര്‍ലന്‍ഡിലെ കോടതി. ജൊനാഥന്‍ ജേക്കബ് മെയ്ജര്‍ എന്ന 41-കാരനേയാണ് കോടതി വിലക്കിയത്. ഇയാള്‍ വിവിധ കാലങ്ങളിലായി ദാനം ചെയ്ത ബീജത്തില്‍ നിന്ന് ഇതുവരെ 550-ല്‍ അധികം കുട്ടികളാണ് ജനിച്ചത്. കോടതി വിലക്ക് ലംഘിച്ച് ഇനിയും ബീജം ദാനം ചെയ്താല്‍ ഒരു ലക്ഷം യൂറോ (ഏകേശം 91 ലക്ഷം രൂപ) പിഴയായി നല്‍കേണ്ടി വരുമെന്നും ബിബിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജൊനാഥനെതിരേ ഒരു ഫൗണ്ടേഷനും ഒരു കുട്ടിയുടെ അമ്മയും കേസ് നല്‍കിയതോടെയാണ് ഈ വാര്‍ത്ത പുറംലോകമറിഞ്ഞത്. സ്വന്തം ബീജത്തില്‍ നിന്ന് ജനിച്ച കുട്ടികളുടെ എണ്ണത്തില്‍ കുറവ് കാണിച്ചാണ് ഇയാള്‍ വീണ്ടും ബീജം ദാനം ചെയ്തിരുന്നതെന്ന് കേസ് പരിഗണിച്ച കോടതി നിരീക്ഷിച്ചു.

2007-ലാണ് ഇയാള്‍ ബീജം ദാനം ചെയ്യാന്‍ തുടങ്ങിയത്. 13 ക്ലിനിക്കിലെങ്കിലും ജൊനാഥാന്‍ ബീജം നല്‍കിയിട്ടുണ്ടാകും. ഇതില്‍ 11 എണ്ണവും നെതര്‍ലന്‍ഡ്‌സിലാണ്. ഡച്ച് ക്ലിനിക്കല്‍ ഗൈഡ്‌ലൈന്‍ അനുസരിച്ച് ഒരാള്‍ 12-ല്‍ അധികം സ്ത്രീകള്‍ക്ക് ബീജം ദാനം ചെയ്യാന്‍ പാടില്ല. അതിനൊപ്പം 25-ല്‍ അധികം കുട്ടികളുടെ പിതാവുമാകാന്‍ പാടില്ല. എന്നാല്‍ ഇതെല്ലാം ലംഘിച്ചായിരുന്നു ജൊനാഥന്റെ ബീജദാനം.

നൂറുകണക്കിന് സഹോദരങ്ങളുണ്ടെന്ന സത്യം കുട്ടികള്‍ വലുതാകുമ്പോള്‍ മനസിലാക്കുകയും അത് കുട്ടികളില്‍ മാനസിക പ്രശ്‌നങ്ങളുണ്ടാക്കും എന്നതും മുന്‍കൂട്ടി കണ്ടാണ് ഈ ഗൈഡ്‌ലൈന്‍ തയ്യാറാക്കിയത്. ഇതിനൊപ്പം ഒരേ പ്രദേശത്ത് ഒരാളുടെ ബീജത്തില്‍ നിന്ന് നൂറുകണക്കിന് കുട്ടികളുണ്ടാകുമ്പോള്‍ സഹോദരങ്ങള്‍ തമ്മിലുള്ള വിവാഹത്തിലേക്കും ലൈംഗികബന്ധത്തിലേക്കും അത് എത്തിച്ചേരും എന്നതും ഈ ഗൈഡ്‌ലൈന്‍ തയ്യാറാക്കാന്‍ കാരണമായി.

സംഗീതത്തില്‍ ഏറെ താത്പര്യമുള്ള ജൊനാഥന്റെ പ്രൊഫഷനും അതു തന്നെയാണ്. നിലവില്‍ കെനിയയിലാണ് ഇയാള്‍ താമസിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here