കാസർകോട് : മംഗൽപ്പാടി പഞ്ചായത്തിലെ മാലിന്യ പ്രശ്നം പരിഹരിക്കാൻ ജില്ലാ ഭരണകൂടത്തിന്റെ അന്ത്യശാസനം. മേയ് എട്ടിനകം പ്രശ്നം പരിഹരിച്ചില്ലെങ്കിൽ പഞ്ചായത്തിന്റെ ഭരണം ഏറ്റെടുക്കുമെന്നാണ് കളക്ടർ മുന്നറിയിപ്പ് നൽകി. വീടുകളിൽനിന്നും ഫ്ളാറ്റുകളിൽനിന്നും ശേഖരിച്ച മാലിന്യം നീക്കം ചെയ്യാനും ശാസ്ത്രീയമായി നിർമാർജനം ചെയ്യാനുമാണ് തദ്ദേശസ്ഥാപന അധികൃതർക്ക് ജില്ലാഭരണകൂടം സമയം അനുവദിച്ചിരിക്കുന്നത്.
കേരള ദുരന്തനിവാരണ നിയമപ്രകാരമാണ് കളക്ടർ കത്ത് കൈമാറിയത്. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുമായും ഭരണസമിതിയുമായി ഇതുസംബന്ധിച്ച് പലതവണ ചർച്ച നടത്തിയിരുന്നു. നിലവിൽ മാലിന്യനീക്കവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അധികൃതർ പല നടപടികളും സ്വീകരിച്ചതായി അറിയിച്ചിട്ടുണ്ട്. വീടുകളിലുംഫ്‌ളാറ്റുകളിലുമെത്തി ബോധവത്കരണ നോട്ടീസുകൾ കൈമാറിയിട്ടുണ്ട്.
മംഗൽപ്പാടിയിലെ മാലിന്യപ്രശ്നം ഗൗരവമേറിയ വിഷയമായിട്ടാണ് ജില്ലാ ഭരണകൂടം പരിഗണിക്കുന്നത്. അതുകൊണ്ടാണ് ശാശ്വത പരിഹാരം കാണാൻ വിഷയത്തിൽ നേരിട്ട് ഇടപെട്ടത്. മേയ് എട്ടിന് ഈ വിഷയത്തിൽ അവലോകനയോഗം നടക്കും. അന്ന് തദ്ദേശ സ്ഥാപന അധികൃതർ സ്വീകരിച്ച നടപടികളും ചർച്ച ചെയ്യും. ശേഷം തുടർനടപടികൾ സ്വീകരിക്കേണ്ടതുണ്ടോ എന്നത് തീരുമാനിക്കുമെന്നും കളക്ടർ കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാരിന്റെ രണ്ടാംവാർഷിക ആഘോഷപരിപാടികളെ കുറിച്ച് വിശദീകരിക്കാൻ വിളിച്ച പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുകയായിരുന്നു അവർ.