ഡൽഹി: രണ്ടാഴ്ച മുമ്പ് ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ മുൻ എം.പിയും ഗുണ്ടാ തലവനുമായ അതീഖ് അഹമ്മദും സഹോദരൻ അഷ്റഫും പൊലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട സംഭവത്തിൽ ചോദ്യങ്ങളുന്നയിച്ച് സുപ്രിംകോടതി. ഏപ്രിൽ 15ന് പതിവ് പരിശോധനയ്‌ക്കായി ആശുപത്രിയിലേക്ക് പോലീസ് അകമ്പടിയോടെ കൊണ്ടുപോകുന്നതിനിടെയാണ് അതിഖ് അഹമ്മദിനെയും സഹോദരൻ അഷ്‌റഫിനെയും മൂന്ന് അക്രമികൾ വെടിവെച്ച് കൊലപ്പെടുത്തിയത്. മാധ്യമപ്രവർത്തകരെന്ന് നടിച്ചെത്തിയ കൊലപാതകികൾ ഇരുവരെയും ഒന്നിലധികം തവണ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം കീഴടങ്ങുകയായിരുന്നു.
സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തർപ്രദേശ് സർക്കാരിനോട് സുപ്രിംകോടതി ആവശ്യപ്പെട്ടു. ഏപ്രിൽ 13 ന് ഝാൻസിയിൽ പ്രത്യേക ദൗത്യസംഘം എൻകൗണ്ടറിൽ കൊലപ്പെടുത്തിയ അതീഖ് അഹമ്മദിന്റെ മകൻ അസദിന്റെ മരണത്തെ കുറിച്ചും കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്.
“എങ്ങനെയാണ് കൊലയാളികൾക്ക് അതീഖിനെ കുറിച്ചുള്ള വിവരം ലഭിച്ചത്? കൊലപാതകത്തിന്റെ ദൃശ്യങ്ങൾ ടിവിയിൽ കണ്ടതാണ്. അതീഖിനെയും സഹോദരനെയും എന്തുകൊണ്ടാണ് ആംബുലൻസിൽ കയറ്റാതിരുന്നത്? എന്തിനാണ് അവരെ നിർബന്ധിച്ച് നടത്തിക്കൊണ്ട് പോയത്?”; കോടതി ചോദിച്ചു.
കോടതി നിർദേശിച്ചത് പ്രകാരം അവരെ നിർബന്ധിത മെഡിക്കൽ ടെസ്റ്റിന് കൊണ്ടുപോവുകയായിരുന്നു എന്നാണ് യുപി സർക്കാർ സുപ്രിംകോടതിയെ അറിയിച്ചത്. കോടതിയുടെ ഉത്തരവനുസരിച്ച്, അവരെ രണ്ട് ദിവസം കൂടുമ്പോൾ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകേണ്ടതായിരുന്നു. മാധ്യമങ്ങൾക്ക് ഇക്കാര്യം അറിയാമായിരുന്നു. വിഷയം പരിശോധിക്കാൻ ഒരു കമ്മീഷനെ നിയോഗിച്ചിട്ടുണ്ടെന്നും യുപി സർക്കാർ കോടതിയെ അറിയിച്ചു.
ഈ മനുഷ്യനും (അതിഖ് അഹമ്മദ്) അദ്ദേഹത്തിന്റെ മുഴുവൻ കുടുംബവും കഴിഞ്ഞ 30 വർഷമായി കൊലപാതക കേസുകളിലടക്കം കുടുങ്ങിക്കിടക്കുകയാണ്. ഭയാനകമായ സംഭവമാണ് നടന്നത്. കൊലയാളികളെ ഉടൻ തന്നെ പിടികൂടിയിരുന്നു. പ്രമുഖരാകാൻ വേണ്ടി ചെയ്തതാണെന്ന് കുറ്റവാളികൾ സമ്മതിക്കുകയും ചെയ്തു; യുപി സർക്കാരിനു വേണ്ടി ഹാജരായ മുകുൾ റോത്തഗി പറഞ്ഞു.
കൊലപാതകത്തിന്റെ ദൃശ്യങ്ങൾ എല്ലാവരും ടിവിയിൽ കണ്ടതാണ്. ന്യൂസ് ഫോട്ടോഗ്രാഫർമാരുടെ വേഷത്തിലാണ് കൊലയാളികൾ വന്നത്. അവർക്ക് പാസ്സ് ഉണ്ടായിരുന്നു, ക്യാമറകൾ കൈവശം വച്ചിരുന്നു, കൂടാതെ തിരിച്ചറിയൽ കാർഡുകൾ പോലും കൈവശം വച്ചിരുന്നു, അത് വ്യാജമാണെന്ന് പിന്നീട് കണ്ടെത്തി. അവിടെ 50ലധികം ആളുകളും ഉണ്ടായിരുന്നു. ഇങ്ങനെയാണ് അവർ അതീഖിനെയും സഹോദരനെയും കൊലപ്പെടുത്തിയത്; അഭിഭാഷകൻ വിശദീകരിച്ചു.
കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, കൊള്ളയടിക്കൽ, കലാപം തുടങ്ങി ഒരു നീണ്ട ക്രിമിനൽ റെക്കോർഡ് ആണ് മുൻ പാർലമെന്റ് അംഗമായ അതീഖ് അഹമ്മദിന് ഉണ്ടായിരുന്നത്. 2018-ൽ ജയിലിനുള്ളിൽ ഒരു ബിസിനസുകാരനെ ആക്രമിക്കാൻ അദ്ദേഹം ആസൂത്രണം ചെയ്തതായും ആരോപിക്കപ്പെടുന്നുണ്ട്. 2019 മുതൽ ഗുജറാത്തിലെ അതീവ സുരക്ഷാ ജയിലിൽ തടവിലായിരുന്ന അദ്ദേഹത്തെ കോടതി വിചാരണയ്ക്കായാണ് പ്രയാഗ്‌രാജിലേക്ക് കൊണ്ടുവന്നതെന്നും അഭിഭാഷകൻ പറഞ്ഞു.
അതേസമയം, അതീഖ് അഹമ്മദിന്റെയും കുടുംബാംഗങ്ങളുടെയും കൊലപാതകങ്ങൾ നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ കുറ്റവാളികളെ ഇല്ലാതാക്കുന്നതിന്റെ ഭാഗമാണെനാൻ അഭിഭാഷകനായ വിശാൽ തിവാരി സുപ്രിംകോടതിയിൽ സമർപ്പിച്ച ഹരജിയിൽ പറയുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള നിലവിലെ ബിജെപി സർക്കാർ അധികാരത്തിൽ വന്ന 2017 മുതൽ ഉത്തർപ്രദേശിൽ നടന്ന 183 ഏറ്റുമുട്ടലുകളെ കുറിച്ച് അന്വേഷിക്കണമെന്നും തിവാരി ആവശ്യപ്പെട്ടു. കൊലപാതകങ്ങളെക്കുറിച്ച് മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സുപ്രിംകോടതി യുപി സർക്കാരിന് നൽകിയിരിക്കുന്ന നിർദേശം.
അതിഖ് അഹമ്മദിനെയും സഹോദരൻ അഷ്‌റഫിനെയും കഴിഞ്ഞ ശനിയാഴ്ച രാത്രി പ്രയാഗ്‌രാജിലേക്ക് മെഡിക്കല്‍ പരിശോധനയ്‌ക്കായി കൊണ്ടുപോകുന്നതിനിടെയാണ് മൂന്നംഗ സംഘം വെടിവെച്ചുകൊന്നത്. മാധ്യമപ്രവർത്തകരെന്ന വ്യാജേനയെത്തിയ മൂന്നു പേരാണ് പോയിന്‍റ് ബ്ലാങ്കില്‍ വെടിയുതിര്‍ത്തത്. വെടിയുതിര്‍ക്കുന്നതിനിടെ ജയ് ശ്രീറാം എന്ന് കൊലയാളികള്‍ പറയുന്നുണ്ടായിരുന്നു. ലവ്‌ലേഷ് തിവാരി, സണ്ണി, അരുൺ മൗര്യ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.