തിരുവനന്തപുരം: വൈദ്യുതി യൂണിറ്റിന് മാസംതോറും 20 പൈസവരെ കൂടാനിടയാക്കുന്ന കേന്ദ്രസർക്കാർ തീരുമാനം കേരളവും നടപ്പാക്കും. ഇതിനായി കേന്ദ്രനിർദേശത്തിൽ ചെറിയ മാറ്റങ്ങൾവരുത്തി കരടുചട്ടം തയ്യാറാക്കി. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷനാണ് താരിഫ് നിർണയചട്ടങ്ങളിൽ ഭേദഗതി വരുത്തിയത്.
വൈദ്യുതി വാങ്ങുന്നതിന് അധികച്ചെലവുണ്ടായാൽ ഇന്ധന സർചാർജായി മാസംതോറും യൂണിറ്റിന് പരമാവധി 20 പൈസവരെ കമ്മിഷന്റെ മുൻകൂർ അനുമതിയില്ലാതെ കെ.എസ്.ഇ.ബി.ക്ക് കൂട്ടാം. ചെലവുകുറഞ്ഞാൽ ഉപഭോക്താക്കൾക്ക് ബില്ലിൽ ഇളവുനൽകണം. എങ്കിലും നിലവിലെ സാഹചര്യത്തിൽ എല്ലാമാസവും ചെലവ് കൂടാനാണ് സാധ്യത. മാസം 40 യൂണിറ്റിൽ താഴെമാത്രം ഉപയോഗിക്കുന്നവരെ സർചാർജിൽനിന്ന് ഒഴിവാക്കി.
വിതരണ ഏജൻസികൾക്ക് അധികച്ചെലവ് മുഴുവൻ അടുത്തമാസത്തിലെ ബില്ലിലൂടെ ഈടാക്കണമെന്ന ഭേദഗതിയാണ് കേന്ദ്രം വൈദ്യുതിനിയമത്തിൽ നടപ്പാക്കിയത്. അധികബാധ്യത റെഗുലേറ്ററി കമ്മിഷന്റെ അനുമതിയോടെമാത്രമേ ഈടാക്കാനാവൂവെന്ന വ്യവസ്ഥയും കേന്ദ്രം നീക്കി. ഇതനുസരിച്ച് സംസ്ഥാന കമ്മിഷനുകളും മൂന്നുമാസത്തിനകം ചട്ടംമാറ്റണമെന്ന് കേന്ദ്രം ഉത്തരവിട്ടു.
എന്നാൽ, കേരളം ഈ നിർദേശം പൂർണമായും അംഗീകരിച്ചിട്ടില്ല. അധികച്ചെലവു മുഴുവൻ ഈടാക്കാമെന്നതിനുപകരം ഇന്ധനച്ചെലവിലെ വ്യത്യാസംമാത്രം (ഇന്ധന സർചാർജ്) ജനങ്ങളിൽനിന്ന് ഈടാക്കിയാൽമതിയെന്നാണ് സംസ്ഥാന കമ്മിഷന്റെ ചട്ടം. ഇത് കമ്മിഷനെ അതതുമാസം അറിയിക്കണം.
കേന്ദ്രനിർദേശത്തെ സംസ്ഥാനം എതിർത്തിരുന്നു. അതിനാലാണ് മാറ്റങ്ങളോടെ നടപ്പാക്കുന്നത്. ഇന്ധനത്തിനെന്നപോലെ വൈദ്യുതി നിരക്കും ക്രമാതീതമായി ഉയരുമെന്നായിരുന്നു കേരളത്തിന്റെ വാദം. കരട് ചട്ടങ്ങളെപ്പറ്റി പൊതുതെളിവെടുപ്പിലൂടെ കമ്മിഷൻ ഉപഭോക്താക്കളുടെ വാദം കേൾക്കും. ഒരുമാസത്തിനകം അഭിപ്രായങ്ങൾ അറിയിക്കണം.
20 പൈസ കൂടുന്നത് ഇങ്ങനെ
* ഓരോമാസത്തെയും വൈദ്യുതോത്പാദനത്തിനുള്ള ഇന്ധനച്ചെലവ് സംബന്ധിച്ച് അടുത്തമാസം 25-ന് റെഗുലേറ്ററി കമ്മിഷൻ കണക്ക് പ്രസിദ്ധീകരിക്കണം. എത്ര പൈസവീതം യൂണിറ്റിന് ഈടാക്കുമെന്നും കമ്മിഷനെ അറിയിക്കണം. അതിന് അടുത്തമാസംമുതൽ ഈടാക്കാം.
* ഉദാഹരണത്തിന് ഏപ്രിലിലെ കണക്ക് മേയ് 25-ന് പ്രസിദ്ധീകരിക്കണം. ജൂൺമുതൽ സർചാർജ് ഈടാക്കാം.
* ചെലവ് എത്രകൂടിയാലും ഒരു മാസം യൂണിറ്റിന് 20 പൈസയിൽ കൂടുതൽ ഈടാക്കാൻ പാടില്ല. ആ മാസത്തെ ബാധ്യത 20 പൈസയിൽ കൂടുതലാണെങ്കിൽ ശേഷിക്കുന്നത് അടുത്തമാസം ഈടാക്കാൻ മാറ്റിവെക്കണം.
* മുൻമാസത്തേതുൾപ്പെടെ ആ മാസവും 20 പൈസമാത്രമേ ഈടാക്കാവൂ. ഇങ്ങനെ കുടിശ്ശികവന്നാൽ അത് ആറുമാസത്തിലൊരിക്കൽ കമ്മിഷന് പ്രത്യേക അപേക്ഷ നൽകണം. കമ്മിഷൻ അനുവദിച്ചാൽമാത്രം ഈ തുക ഈടാക്കാം.