മുച്ചക്ര വാഹനമായ ഓട്ടോറിക്ഷയിലും ഇനി സീറ്റ്‌ബെല്‍റ്റ്. ഓണ്‍ലൈന്‍ ഓട്ടോറിക്ഷ സേവനദാതാക്കളായ റാപിഡോ കമ്പനിയാണ് രാജ്യത്ത് ഓട്ടോറിക്ഷയില്‍ സീറ്റ്‌ബെല്‍റ്റ് അവതരിപ്പിച്ചിരിക്കുന്നത്.റാപിഡോ വിപുലമായ രീതിയില്‍ നടപ്പിലാക്കുന്ന സുരക്ഷാ ബോധവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി സുരക്ഷക്ക് പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായാണ് റാപിഡോ ഓട്ടോറിക്ഷയില്‍ സീറ്റ് ബെല്‍റ്റ് അവതരിപ്പിച്ചിരിക്കുന്നത്.
ബെംഗളൂരു നഗരത്തില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ പദ്ധതി പതിയെ മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് റാപിഡോയുടെ തീരുമാനം എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. റാപിഡോയുടെ ഓട്ടോറിക്ഷാ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരുടെ സുരക്ഷ കൂട്ടുന്നതിന്റെ ഭാഗമായി നാല് ഘട്ട വെരിഫിക്കേഷനുകള്‍ ഡ്രൈവര്‍മാര്‍ക്ക് ഏര്‍പ്പെടുത്താന്‍ റാപ്പിഡോ തീരുമാനിച്ചിട്ടുണ്ട്. ഇതിനൊപ്പം തത്സമയ റൈഡിങ് ട്രോക്കിങ്, സ്ത്രീ യാത്രക്കാരുടെ വിവരങ്ങള്‍ സുരക്ഷയുടെ ഭാഗമായി രഹസ്യമാക്കി വെക്കുക, ഷെയേര്‍ഡ് റൈഡര്‍മാര്‍ക്കായി 24*7 ഓണ്‍ ഗ്രൗണ്ട് സപ്പോര്‍ട്ട് എന്നിവയും റാപിഡോ വാഗ്ധാനം ചെയ്യുന്നുണ്ട്.
‘സമൂഹത്തോട് ഉത്തരവാദിത്വമുളള സേവനം നല്‍കുന്നവര്‍ എന്നതിന്റെ അടിസ്ഥാനത്തില്‍ റോഡ് സുരക്ഷക്കുളള പ്രാധാന്യം വളരെ വലുതാണെന്ന് ഞങ്ങള്‍ മനസിലാക്കുന്നു. ഞങ്ങളുടെ ക്യാപ്റ്റന്‍മാരായ ഡ്രൈവര്‍മാര്‍ക്ക് വേണ്ടി പരിശീലന പരിപാടികള്‍, ബോധവത്ക്കരണ പരിപാടികള്‍ എന്നിവയൊക്കെ ഞങ്ങള്‍ നടത്തുന്നുണ്ട്. സീറ്റ്‌ബെല്‍റ്റ് ഉപയോഗിക്കുന്നതോടെ റാപിഡോയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് അപകടങ്ങള്‍ സംഭവിച്ചാല്‍ പോലും രക്ഷപ്പെടാന്‍ സാധിക്കും,’ റാപിഡോയുടെ സഹ സ്ഥാപകനായ പവന്‍ ഗുണ്ടുപ്പള്ളി പറഞ്ഞു.