ന്യൂഡല്‍ഹി: കേരളത്തിലേക്ക് വരുന്നതിനുള്ള സുരക്ഷാ ചെലവിനായി വൻ തുക ഈടാക്കാനുള്ള കർണാടക പൊലീസ് തീരുമാനത്തിനെതിരെ അബ്ദുന്നാസർ മഅ്ദനി സുപ്രിംകോടതിയെ സമീപിക്കും. ഉടൻ ഹരജി ഫയൽ ചെയ്യാനാണ് തീരുമാനം. മഅദനിക്ക് നാട്ടിലേക്ക് വരണമെങ്കിൽ അകമ്പടിക്കും സുരക്ഷക്കുമായി വൻ തുകയാണ് കർണാടക പൊലീസ് ആവശ്യപ്പെട്ടത്.
60 ലക്ഷം രൂപയാണ് ഇപ്പോൾ അടക്കേണ്ട തുക. ഫലത്തിൽ ഒരു കോടിയിലധികം ചിലവ് വരുമെന്നാണ് കരുതുന്നത്. ഈ തുക താങ്ങാൻ കഴിയുന്നതല്ലെന്നും ഇക്കാര്യത്തിൽ കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്.
കർണാടകയുടേത് പക പോക്കലാണെന്ന് പിഡിപി സംസ്ഥാന വൈസ് ചെയർമാൻ മുട്ടം നാസർ മീഡിയവണിനോട് പറഞ്ഞു. മുൻപ് മകന്റെ വിവാഹത്തിന് നാട്ടിലേക്ക് വരുന്നതിനും വലിയ തുക ആവശ്യപ്പെട്ടിരുന്നു. അപ്പോഴും കോടതിയെ സമീപിച്ച് ഇളവ് നേടുകയായിരുന്നു.