കൗമാരക്കാരിയുടെ മരണം: ബംഗാളിൽ പ്രതിഷേധക്കാർ പൊലീസ് സ്‌റ്റേഷന് തീയിട്ടു

0
229

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കഴിഞ്ഞയാഴ്ച കൗമാരക്കാരിയായ പെൺകുട്ടിയുടെ മൃതദേഹം കനാലിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധിച്ചവർ പൊലീസ് സ്‌റ്റേഷന് തീയിട്ടു. ഉത്തർ ദിനാജ്പൂർ ജില്ലയിലെ കലിയഗഞ്ച് പൊലീസ് സ്റ്റേഷനാണ് പ്രതിഷേധക്കാർ തീയിട്ടത്. വിഷയത്തിൽ പൊലീസ് നിഷ്‌ക്രിയത്വം കാണിക്കുന്നു എന്ന് ആരോപിച്ച് ആദിവാസി, രാജ്ബങ്ഷി വിഭാഗങ്ങളിൽപ്പെട്ടവർ ഇന്ന് ഉച്ചയ്ക്ക ശേഷം സംഘടിപ്പിച്ച പ്രതിഷേധത്തിലാണ് സംഭവം.

പൊലീസ് ലാത്തിച്ചാർജ്ജ് ആരംഭിച്ചെങ്കിലും ജനക്കൂട്ടം സ്റ്റേഷനിലേക്ക് ഇരച്ചു കയറി തീയിടുകയൈായിരുന്നു എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ ദിവസം, ബി.ജെ.പി പ്രവർത്തകർ ഉത്തർ ദിനാജ്പൂർ ജില്ലാ ആസ്ഥാനമായ റായ്ഗഞ്ചിലെ പൊലീസ് സൂപ്രണ്ടിന്റെ ഓഫീസ് ഉപരേധിച്ചിരുന്നു. പ്രതിഷേധക്കാരുടെ ഭാഗത്തുനിന്ന് കല്ലേറുണ്ടായതിനാൽ പൊലീസ് കണ്ണീർ വാതകവും ലാത്തിചാർജും പ്രയോഗിച്ചു ജനത്തെ പിരിച്ചുവിടുകയായിരുന്നു. ബി.ജെ.പിയാണ് അക്രമത്തിന് പിന്നിലെന്ന് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് കുറ്റപ്പെടുത്തി.

ഈ മാസം 21നാണ് 17കാരിയുടെ മൃതദേഹം കലിയഗഞ്ച് കനാലിൽ കണ്ടെത്തിയത്. പെൺകുട്ടി ബലാത്സംഗത്തിനിരായായി കൊല്ലപ്പെട്ടതാണെന്ന് ആരോപിച്ച് പ്രദേശ വാസികൾ റോഡ് ഉപരോധിക്കുകയും നിരവധി കടകൾ അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. എന്നാൽ വിഷാംശം ഉള്ളിൽ ചെന്നാണ് കുട്ടി മരിച്ചതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്ത് സംഘർഷം രൂക്ഷമായതോടെ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here