മാറ്റേറെയാണ് തപസൂം ശൈഖിന്റെ റാങ്കിന്; കര്‍ണാടക 12ാം ക്ലാസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഹിജാബിട്ട പെണ്‍കുട്ടി

0
210

ഹിജാബ് ധരിക്കുന്നതിന്റെ പേരില്‍ ഒരു സംഘം തങ്ങള്‍ക്കെതിരെ ഭീഷണികളുതിര്‍ക്കുമ്പോള്‍ ഭീതി ജനിപ്പിക്കുന്ന വീര്യത്തോടെ ആഞ്ഞടുക്കുമ്പോള്‍ അവള്‍ തീരുമാനിച്ചിരുന്നു. ഇവരുടെ ‘അഹന്ത’ക്കുമേല്‍ വിജയത്തിന്റെ തീമഴയായി പെയ്യുമെന്ന്. പഠനം പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ അവള്‍ തയ്യാറായില്ല. ഏറെ വിഷമത്തോടെയാണെങ്കിലും പരീക്ഷാ ഹാളിനു മുന്നില്‍ തന്റെ ഹിജാബഴിച്ചുവെച്ച് പടച്ച തമ്പുരാന് മുന്നില്‍ പ്രാര്‍ത്ഥനയായി പെയ്ത് അവള്‍ പരീക്ഷയെഴുതി. റിസല്‍ട്ട് വന്നപ്പോള്‍ അവള്‍ ഒന്നാമത്. ആര്‍ട്‌സ് വിഭാഗത്തില്‍ 600ല്‍ 593 മാര്‍ക്ക് വാങ്ങി വിജയച്ചിരിയോടെ ഹിജാബിട്ട് അവള്‍ വാര്‍ത്താ മാധ്യമങ്ങളില്‍ താരമായി.

പലപ്പോഴും പഠനം പാതിവഴിയില്‍ നിര്‍ത്തിയാലോ എന്ന് ആലോചിട്ടുണ്ട്. അത്രമേല്‍ പ്രയാസകരമായിരുന്നു ഹിജാബ് അഴിച്ചുവെച്ച് ക്ലാസ് മുറിയില്‍ ഇരിക്കുക എന്നത്. ഞാന്‍ എന്ന വ്യക്തിയെ തന്നെ അടിയറവ് വെക്കുന്നത് പോലെയായിരുന്നു അത്. എന്നാല്‍ വിദ്യാഭ്യാസം പാതിവഴിയില്‍ അവസാനിപ്പിക്കുമ്പോള്‍ അത് ഈ സമുദായത്തിന് എത്രമാത്രം നഷ്ടമാണ് ഉണ്ടാക്കുക എന്ന് എന്റെ രക്ഷിതാക്കള്‍ എന്നെ ബോധ്യപ്പെടുത്തി- തപസൂം പറയുന്നു. വിദ്യാഭ്യാസമില്ലായ്മ എന്നത് തമുദായത്തെ എത്രത്തോളം ഇരുട്ടിലേക്ക് തള്ളിവിടും. അതിനാല്‍ പഠനം തുടരേണ്ടത് അനിവാര്യമാണെന്ന് അവര്‍ എനിക്ക് ബോധ്യമാക്കിത്തന്നു. ഉയര്‍ന്ന നിലയില്‍ എത്തിയാല്‍ ഈ അനീതിക്കെതിരെ തനിക്ക് കുറച്ചു കൂടി ശക്തമായി പ്രതികരിക്കാനാവും എന്ന് അവര്‍ ചൂണ്ടിക്കാട്ടി. അന്നെടുത്ത തീരുമാനം ശരിയായിരുന്നു എന്ന് എനിക്കിപ്പോള്‍ തോന്നുന്നു.

ഹിജാബ് ഇടാതെ ക്ലാസില്‍ ഇരിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഏറെ പ്രയാസകരമായിരുന്നു. ഇന്ത്യപോലെ ഒരു മതേതര രാജ്യത്ത് വിദ്യാഭ്യാസം നേടാന്‍ ഒരു മുസ്‌ലിം പെണ്‍കുട്ടിക്ക് അവളുടെ ഹിജാബ് ഉപേക്ഷിക്കണം എന്നു പറയുന്നത് അങ്ങേഅറ്റം അനീതിയല്ലാതെ പിന്നെന്താണ്- അവള്‍ ചോദിച്ചു.

ഇലക്ട്രോണിക്‌സ് എഞ്ചിനീയര്‍ അബ്ദുല്‍ കലാം ശൈഖിന്റെയും പര്‍വീണ്‍ ശൈഖിന്റേയും രണ്ടാമത്തെ കുട്ടിയാണ് തപസും. അവളുടെ മൂത്ത് രഹോദരന്‍ അബ്ദുല്‍ കലാം ശൈഖ് ബംഗളൂരു എഞ്ചിനീയറിങ് കോളജില്‍ മെഷീന്‍ ഡിസൈനിങ്ങില്‍ എംടെക് ചെയ്യുകയാണ്. വിദേശ സര്‍വ്വകലാശാലയില്‍ നിന്ന് ക്ലിനിക്കല്‍ സൈക്കോളജിയില്‍ മാസ്റ്റര്‍ ബിരുദം നേടുക എന്നതാണ് തപസൂമിന്റെ സ്വപ്‌നം.

മധുരപ്രതികാരം…
തപസൂമിന്റെ വിജയത്തില്‍ അനുമോദിച്ച് നിരവധി പ്രമുഖരാണ് രംഗത്തെത്തിയത്. വിജയമാണ് ഏറ്റവും നല്ല മധുരപ്രതികാരം ശശിതരൂര്‍ ട്വീറ്റ് ചെയ്തു.

ഏറെ സഹനങ്ങള്‍ക്കൊടുവില്‍ നേടിയ മധുര നേട്ടവുമായി തപസ്സൂം പക്ഷേ വീണ്ടും സ്‌കൂളിന്റെ പടി കയറിയത് ഹിജാബണിഞ്ഞാണ്. അന്ന് അവള്‍ക്കു നേരെ ഉയര്‍ന്ന വെറുപ്പിന്റെ വിരലുകള്‍ ഇന്ന് താഴ്ന്നിരുന്നു. ഹിജാബിനെതിരെ വാചാലമായിരുന്ന പ്രിന്‍സിപ്പല്‍ ഉള്‍പെടെ അധ്യാപകര്‍ ഇത്തവണ അവള്‍ക്കു മുന്നില്‍ വരവേല്‍പിന്റെ പരവതാനി വിരിച്ചു. ഹിജാബണിഞ്ഞ് ഏറെ അഭിമാനത്തോടെ തലയുയര്‍ത്തിപ്പിടിച്ച് അവള്‍ നടന്നു കയറി..ഒരു ‘കഷ്ണം’ തുണിയുടെ പേരില്‍ തങ്ങളുടെ സ്വപ്‌നങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന നിരവധി പേരുടെ പ്രതിനിധിയായി.

ഡിസംബര്‍ 2021നാണ് കര്‍ണാടകയില്‍ ഹിജാബ് വിവാദം ആരംഭിക്കുന്നത്. ഉഡുപ്പിയിലെ പ്രീ യൂനിവേഴ്‌സിറ്റി കോളജ് കാമ്പസിനകത്ത് ഹിജാബ് ധരിക്കുന്നത് നിരോധിച്ചു. പ്രതിഷേധവുമായി വിദ്യാര്‍ത്ഥിനികള്‍ രംഗത്തെത്തി. പ്രശ്‌നം സങ്കീര്‍ണമായി. രാജ്യമെങ്ങും പ്രതിഷേധങ്ങള്‍ നടന്നു. ഹിന്ദുത്വ ഗ്രൂപ്പുകള്‍ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും മുന്നില്‍ ഭീഷണിയുമായി തമ്പടിച്ചു. ഹിജാബ് മതപരമായ നിര്‍ബന്ധകാര്യമല്ലെന്ന് കര്‍ണാടക ഹൈക്കോടതി വിധിച്ചു. കേസ് സുപ്രിം കോടതിയിലെത്തി. നിലവില്‍ ഹരജി സുപ്രിം കോടതിക്കു മുന്നിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here