‘ബിജെപിയെ പുറത്താക്കാന്‍ മുസ്ലീങ്ങള്‍ ഒന്നിക്കണം’; ജനാധിപത്യത്തെ സംരക്ഷിക്കണമെന്ന് മമത ബാനര്‍ജി

0
235

കൊല്‍ക്കത്ത: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പുറത്താക്കാന്‍ മുസ്ലീങ്ങള്‍ ഒന്നിക്കണണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിലൂടെ ചിലര്‍ രാജ്യം വിഭജിക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ തന്റെ ജീവന്‍ നല്‍കിയും ഈ ശ്രമത്തെ തടയുമെന്നും മമത ബാനര്‍ജി പറഞ്ഞു. കൊല്‍ക്കത്തയില്‍ ഈദുല്‍ ഫിത്തര്‍ ആഘോഷ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു പ്രതികരണം.

‘നമ്മള്‍ ഒന്നിച്ചാല്‍ ബിജെപിക്ക് അവരുടെ സീറ്റ് നഷ്ടപ്പെടും. അടുത്ത വര്‍ഷം ഈ സമയത്ത് കേന്ദ്രത്തില്‍ മാറ്റം കൊണ്ടുവന്നിരിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ കേന്ദ്രം ആര് ഭരിക്കണം എന്ന് തീരുമാനിക്കാന്‍ തിരഞ്ഞെടുപ്പ് നടക്കും. വിഘടന ശക്തികള്‍ക്കെതിരെ ഒന്നിച്ച് പോരാടുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം. അടുത്ത തെരഞ്ഞെടുപ്പില്‍ അവരെ പുറത്താക്കാന്‍ വോട്ട് ചെയ്യുമെന്ന് ഉറപ്പ് വരുത്തണം. ജനാധിപത്യത്തെ സംരക്ഷിക്കുന്നതില്‍ വീഴ്ച പറ്റിയാല്‍ എല്ലാം അവസാനിക്കും’, മമത പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് പ്രവാസികള്‍ എല്ലാം രാജ്യത്തെത്തണമെന്നും വോട്ട് ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു. ചിലര്‍ ബിജെപിയില്‍ നിന്ന് വോട്ട് വാങ്ങി മുസ്ലീം വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും, എന്നാല്‍ അവര്‍ക്കതിന് സാധിക്കില്ലെന്നും മമത ബാനര്‍ജി പറഞ്ഞു. കലാപങ്ങളല്ല, സമാധാനമാണ് നമുക്ക് വേണ്ടത്. വഞ്ചകര്‍ക്കെതിരെയും പണക്കൊഴുപ്പിന്റെ ഏജന്‍സികള്‍ക്കെതിരെയും പോരാടണം. ഇതിന് താന്‍ തയ്യാറാണ്. ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here