മുംബൈ: ബാറ്റിംഗിൽ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് മുന്നിൽ തകരാത്ത റെക്കോര്‍ഡുകൾ ചുരുക്കം മാത്രമാണ്. എന്നാൽ സച്ചിൻ തീര്‍ത്ത രണ്ട് റെക്കോര്‍ഡുകൾ ആര്‍ക്കും മറികടക്കാനാവില്ലാ എന്നതാണ് യാഥാര്‍ഥ്യം. ഈ രണ്ട് റെക്കോര്‍ഡുകളും ക്രിക്കറ്റുള്ള കാലത്തോളം ഇന്ത്യന്‍ ഇതിഹാസത്തിന്‍റെ പേരില്‍ മായാതെ നിലനില്‍ക്കും.
2010 ഫെബ്രുവരി 24, ഗ്വാളിയാര്‍ സവായ് മാൻസിംഗ് സ്റ്റേഡിയത്തില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം പുരോഗമിക്കുന്നു. ആദ്യ ഇന്നിംഗ്‌സിലെ നാൽപത്തിയൊമ്പതാം ഓവറിലെ നാലാം പന്ത് ചാൾ ലാങ്‌കെവല്‍റ്റ് വൈഡ് ലൈനിനോട് ചേര്‍ത്തെറിഞ്ഞപ്പോള്‍ സച്ചിൻ പതിയെ ബോള്‍ പോയിന്‍റ് റീജിയണിലേക്ക് തട്ടിയിട്ടു. റണ്‍ പൂര്‍ത്തിയാക്കി ഹെൽമറ്റും ബാറ്റും മഹാതാരം ആകാശത്തേക്ക് ഉയര്‍ത്തി. ആര്‍ത്തിരമ്പുന്ന കാണികളുടെ ശബ്‌ദത്തെ ഭേദിച്ച് കമന്‍ററി ബോക്‌സിലിരുന്ന് രവി ശസ്ത്രി ഇരമ്പി. ഏകദിന ക്രിക്കറ്റിൽ ആദ്യമായി വ്യക്തിഗ സ്കോര്‍ ഇരുനൂറ് തികയ്ക്കാനുള്ള നിയോഗം അങ്ങനെ ക്രിക്കറ്റിന്‍റെ തമ്പുരാന്‍റെ ബാറ്റുകളിലായി. 147 പന്തിൽ 25 ഫോറും മൂന്ന് സിക്‌സറും ഉൾപ്പെടെയായിരുന്നു സച്ചിന്‍റെ ഈ ഐതിഹാസിക ഇന്നിംഗ്‌സ്.
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ശേഷം നിരവധി പേര്‍ ഡബിൾ സെഞ്ചുറി തികച്ചിട്ടുണ്ടെങ്കിലും മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ഈ ഇന്നിംഗ്‌സിന്‍റെ മാറ്റൊന്ന് വേറെ തന്നെ. ഒരു സെഞ്ചുറിയെങ്കിലും കുറിക്കാൻ ഏതൊരു ബാറ്ററും കൊതിക്കുമ്പോൾ സെഞ്ചുറികളിൽ സെഞ്ചുറി തീര്‍ത്തു സച്ചിൻ ടെന്‍ഡുല്‍ക്കര്‍. 2012 മാര്‍ച്ചിൽ ബംഗ്ലാദേശിനെതിരെയായിരുന്നു സച്ചിന്‍റെ നൂറാം സെഞ്ചുറി. ടെസ്റ്റിൽ 51 ഉം ഏകദിനത്തിൽ 49 ഉം ഉൾപ്പടെയാണ് സച്ചിന്‍റെ സെഞ്ചുറികളിലെ സെഞ്ചുറി നേട്ടം. നൂറ് സെഞ്ചുറികളുടെ റെക്കോര്‍ഡ് വിരാട് അടക്കമുള്ളവര്‍ ഒരുപക്ഷേ മറികടന്നേക്കും. എന്നാൽ ആദ്യ 100 സെഞ്ചുറികളെന്ന റെക്കോര്‍ഡ് സച്ചിന് മാത്രം സ്വന്തമായി എക്കാലവും നിലനില്‍ക്കും.