അടുത്തിടെ രണ്ട് മുംബൈ പോലീസുകാർ ഹെൽമറ്റില്ലാതെ സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ ദിവസങ്ങൾക്ക് ശേഷം, ഉത്തർപ്രദേശിലെ രണ്ട് പൊലീസുകാരും ഹെല്‍മറ്റില്ലാതെ യാത്ര ചെയ്‍ത് ക്യാമറയില്‍ കുടുങ്ങിയിരിക്കുന്നു. പൊലീസുകാര്‍ രാത്രിയിൽ ഹെൽമെറ്റില്ലാതെ ബൈക്കിൽ യാത്ര ചെയ്യുന്നതിന്റെ വീഡിയോ ഓൺലൈനിൽ വൈറലായിരിക്കുകയാണ്.
നിയമപാലകർ എങ്ങനെയാണ് ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നതെന്നും റോഡുകളിലെ സുരക്ഷയെക്കുറിച്ച് ശ്രദ്ധിക്കാത്തതെന്നും കാണിക്കുന്ന ഈ വീഡിയോ രണ്ട് പെൺകുട്ടികൾ ആണ് പകർത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ആണ് സംഭവം. വീഡിയോയിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർ ട്രാഫിക് നിയമങ്ങൾ വ്യക്തമായി ലംഘിച്ച് മോട്ടോർ സൈക്കിളിൽ ഓടിക്കുന്നത് കാണാം.
റോഡിലൂടെ ഇരുചക്രവാഹനത്തിൽ പോകുകയായിരുന്ന യുവതികള്‍ പൊലീസിന്‍റെ നിയമലംഘനത്തെ ചോദ്യം ചെയ്യുന്നതും വീഡിയോയില്‍ കേള്‍ക്കാം. ”നിങ്ങളുടെ ഹെൽമെറ്റ് എവിടെ? നിങ്ങള്‍ക്ക് നാണമില്ലേ? നിയമങ്ങൾ പൊതുജനങ്ങൾക്ക് മാത്രമാണോ? നിയമങ്ങൾ നിങ്ങൾക്ക് ബാധകമല്ലേ?” പെൺകുട്ടികൾ പോലീസുകാരോട് ആക്രോശിക്കുന്നത് കേള്‍ക്കാം. എന്നാല്‍ പൊലീസുകാരില്‍ നിന്നും ഒരു പ്രതികരണവും ഉണ്ടായില്ല. പകരം, ചിത്രീകരണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്ന് തോന്നിക്കുന്ന രീതിയിൽ പോലീസുകാർ അതിവേഗം ബൈക്ക് ഓടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.
ട്വിറ്ററിൽ ഈ വീഡിയോ പോസ്റ്റ് ചെയ്‍തതിന് പിന്നാലെ സോഷ്യൽ മീഡിയയില്‍ ഇത് വലിയ ചർച്ചയായി. പോലീസ് ഇത്തരം ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന മറ്റ് പല സംഭവങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞപ്പോൾ നിരവധി നെറ്റിസൺസ് ചോദ്യങ്ങൾ ഉന്നയിച്ചു. ഇതോടെ വൈറലായ വീഡിയോ ശ്രദ്ധയിൽപ്പെട്ട പോലീസ് നടപടിയെടുക്കാൻ തീരുമാനിച്ചു. ഒടുവില്‍ ഈ രണ്ട് പോലീസുകാർക്കെതിരെ ചലാൻ പുറപ്പെടുവിച്ചതായും രണ്ട് പോലീസുകാർക്കും 1,000 രൂപ വീതം പിഴ ചുമത്തിയതായും ഗാസിയാബാദ് ട്രാഫിക് പോലീസ് അറിയിച്ചു.
#ghaziabadpolice का वीडियो है, @ghaziabadpolice के सामने का वीडियो है, सोशल मीडिया पर तेज़ी से वायरल हो रहा है, @Uppolice #viralvideo pic.twitter.com/uZCqJNVc0B
— MANOJ SHARMA UP 32 JOURNALIST 🇮🇳🇮🇳🇮🇳 (@ManojSh28986262) April 16, 2023