ദില്ലി: ഐപിഎല്ലില്‍ തുടര്‍ തോല്‍വികളില്‍ വലയുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. ഈ സീസണില്‍ കളിച്ച അഞ്ച് കളിയും തോറ്റ ഏക ടീം ഡല്‍ഹി മാത്രമാണ്. ഇതിനിടെ ഡല്‍ഹി ടീം ക്യാംപില്‍ നിന്ന് മറ്റൊരു വാര്‍ത്ത കൂടി വരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സ് താരങ്ങളുടെ ലക്ഷങ്ങള്‍ വിലയുള്ള ബാറ്റും ഷൂസും തൈ പാഡും ഗ്ലൗസുമെല്ലാം മോഷണം പോയെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ശനിയാഴ്ച റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരശേഷം ഡല്‍ഹിയില്‍ തിരിച്ചെത്തിപ്പോഴാണ് മോഷണവിവരം അറിയുന്നത്.
ഡല്‍ഹി നായകന്‍ ഡേവിഡ് വാര്‍ണര്‍, ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ്, ഫില്‍ സാള്‍ട്ട്, യാഷ് ദുള്‍ എന്നിവരുടെ കിറ്റിലെ സാധനങ്ങളാണ് മോഷണം പോയത്. ഇവരുടെ കിറ്റുകളില്‍ നിന്ന് 16 ബാറ്റുകള്‍, പാഡ്, ഷൂസ്, തൈ പാഡ്, ഗ്ലൗസ് എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്. വിമാനത്താവളത്തില്‍ വെച്ചാകാം മോഷണം നടന്നതെന്നാണ് സൂചന. കളിക്കാരുടെ കിറ്റുകള്‍ അവരുടോ ഹോട്ടല്‍ മുറികളിലെത്തിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
Also READ:ഡല്‍ഹി താരങ്ങളുടെ ലക്ഷങ്ങള്‍ വിലയുള്ള ബാറ്റും പാഡും ഷൂസും മോഷ്ടിച്ചു
കിറ്റില്‍ നിന്ന് സാധനങ്ങള്‍ നഷ്ടമായ വിവരം കളിക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് ടീം പൊലീസില്‍ പരാതി നല്‍കി. ഇതാദ്യമായാണ് ഇത്തരമൊരു സംഭവം നടക്കുന്നതെന്നും കളിക്കാരുടെയെല്ലാം കിറ്റുകളില്‍ നിന്ന് എന്തെങ്കിലും ഒരു സാധനമെങ്കിലും നഷ്പ്പെട്ടിട്ടുണ്ടെന്നും ഡല്‍ഹി ടീം വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
മോഷണം പോയവയില്‍ കൂടുതലും ഡല്‍ഹിയുടെ വിദേശ താരങ്ങളുടെ ബാറ്റുകളാണ്. ഇവക്ക് ലക്ഷങ്ങള്‍ വിലവരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. കളിക്കാരുടെ കിറ്റ് ബാഗുകളെല്ലാം സുരക്ഷിതമായി എത്തിക്കേണ്ട ചുമതല സ്വകാര്യ കമ്പനിക്കാണ്. ഐപിഎല്ലില്‍ കളിച്ച അഞ്ച് കളികളും തോറ്റ ഡല്‍ഹി പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. നാളെ കൊല്‍ക്കത്തക്കെതിരെ ആണ് ഡല്‍ഹിയുടെ അടുത്ത മത്സരം.