ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവവിഭാഗങ്ങളുമായുള്ള സ്നേഹസംഗമം അതേരീതിയില്‍ റമസാന്‍ ദിനത്തില്‍ ആവര്‍ത്തിക്കേണ്ടതില്ലെന്ന് ബി.ജെ.പി തീരുമാനം. നഗരങ്ങളില്‍ കഴിയുന്ന മുസ്ലിംകളെ മാത്രം നേരില്‍ കണ്ടാല്‍ മതിയെന്നാണ് നേതൃത്വത്തിന്റെ തീരുമാനം. അതേസമയം ദരിദ്രരായ മുസ്‍ലിം സമൂഹത്തിന് വേണ്ടി നരേന്ദ്രമോദി സര്‍ക്കാരിന്റെ പദ്ധതികളെക്കുറിച്ച് അവരെ ബോധ്യപ്പെടുത്താനും പ്രചാരണം തുടങ്ങും.
ബി.ജെ.പിയുടെ ഹൈദരാബാദ് ദേശീയ നിര്‍വാഹക സമിതി യോഗത്തിന്റെ തീരുമാനപ്രകാരമാണ് മതന്യൂനപക്ഷങ്ങളെ പാര്‍ട്ടിയോട് അടുപ്പിക്കാനുള്ള ശ്രമം ഉണ്ടായത്. അതനുസരിച്ചായിരുന്നു ഈസ്റ്റര്‍ ദിനത്തിലെ സ്നേഹസംഗമങ്ങള്‍. വ്യാപകമായി സമാഗമങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. എന്നാല്‍ അതേ മാതൃകയില്‍ റമസാന്‍ ദിനത്തില്‍ കൂടിച്ചേരലുകള്‍ ഉണ്ടാകില്ല. നഗരകേന്ദ്രീകൃത മുസ്‌ലിംകള്‍ , വ്യവസായികള്‍ തുടങ്ങിയവര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് കൂടുതല്‍ അടുക്കുന്നുവെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. മുത്തലാഖ് നിരോധിച്ചതോടെ മുസ്‌ലിം വനിതകളും മോദിയുടെ നിലപാടുകളോട് യോജിക്കുന്നവരായി . ഈ പിന്തുണ ഉറപ്പിച്ചുനിര്‍ത്താനാണ് തീരുമാനം. അതുപോലെ അഭ്യസ്ഥവിദ്യരായ മുസ്‌ലിം യുവാക്കളും ബി.ജെ.പിയുടെ നയങ്ങളെ എതിര്‍ക്കുന്നില്ലെന്നും വിലയിരുത്തലുണ്ട്.
ബിഹാര്‍ , ഉത്തര്‍പ്രദേശ് തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുസ്‌ലികളിലെ ദരിദ്രവിഭാഗങ്ങള്‍ക്ക് മോദി സര്‍ക്കാര്‍ ഏര്‍പ്പെടുത്ത പദ്ധതികള്‍ ഗുണം ചെയ്തുവെന്നും അവരുടെ പിന്തുണ ബിജെപിക്ക് ലഭിച്ചുവെന്നും പാര്‍ട്ടി വിലയിരുത്തുന്നു. ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതികളെക്കുറിച്ച് കൂടുതല്‍ ജനങ്ങളില്‍ അവബോധമുണ്ടാക്കണമെന്നാണ് നേതൃത്വത്തിന്റെ നിര്‍ദ്ദേശം.