കണ്ണൂര്‍: ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് സംഘപരിവാര്‍ സ്ഥാപിച്ച ബോര്‍ഡിനെതിരെ വിമര്‍ശനം. തലശേരി തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം വിഷു ഉത്സവത്തിന്റെ ഭാഗമായി സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണിപ്പോള്‍. മഞ്ഞോടി ഭാഗത്തു നിന്നു ക്ഷേത്രത്തിന്റെ പടിഞ്ഞാറ് നടയിലേക്കു പോകുന്ന റോഡിനു മുന്‍വശത്താണ് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ രാമരാജ്യത്തിലേക്ക് സ്വാഗതമെന്ന കൂറ്റന്‍ ബോര്‍ഡ് സ്ഥാപിച്ചത്. ഇതിനു പിന്നാലെ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ കിഴക്കെ നടയിലേക്കു പോകുന്ന റോഡില്‍ ‘ആരുടെയും രാജ്യത്തേക്കല്ല, തിരുവങ്ങാടിന്റെ മണ്ണിലേക്ക് സ്വാഗതം’ എന്ന ബാനറും നാട്ടിയിട്ടുണ്ട്.
ഇരു ബോര്‍ഡുകളും ബാനറും സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവച്ചിരിക്കുകയാണ്. സംഘ്പരിവാര്‍ സ്ഥാപിച്ച ബോര്‍ഡിനു കീഴില്‍ സ്വകാര്യ സ്ഥാപനത്തിന്റെ പരസ്യവും നല്‍കിയിട്ടുണ്ട്. സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ രംഗത്തെത്തുന്നുണ്ട്. കഴിഞ്ഞ 14 മുതല്‍ ആരംഭിച്ച ക്ഷേ
ത്രോത്സവം 21നു സമാപിക്കും. ഉത്സവത്തിനു മുമ്പ് തന്നെ പ്രവേശന കവാടത്തില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഡി.വൈ.എഫ്.ഐയും സംഘ്പരിവാറിനു എതിരേയുള്ള ബാനര്‍ നാട്ടിയത്.
ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്രമാണെങ്കിലും ബി.ജെ.പി സ്വാധീന മേഖലയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബി.ജെ.പി കൗണ്‍സിലറാണ് വാര്‍ഡിനെ പ്രതിനിധാനം ചെയ്യുന്നത്. മത്സ്യബന്ധന തൊഴിലാളിയും സി.പി.എം പ്രവര്‍ത്തകനുമായ പുന്നോല്‍ താഴെ വയലിലെ കെ. ഹരിദാസന്‍ വധക്കേസിലെ മുഖ്യപ്രതി കെ. ലിജേഷ് പ്രതിനിധാനം ചെയ്യുന്ന മഞ്ഞോടി വാര്‍ഡിലാണ് ക്ഷേത്രം.