ദമ്മാം: ഹജ്ജിലേക്കുള്ള വഴിദൂരം നടന്നുതീർക്കാൻ മലയാളക്കരയിൽനിന്ന് പുറപ്പെട്ട ശിഹാബ് ചോറ്റൂരിന് സൗദിലെത്തിയപ്പോൾ കൂട്ടായി ജിതേഷ്. ഹഫർ അൽ ബാത്വിനിൽ നിന്ന് മദീന ലക്ഷ്യമിട്ട് നടന്നു തുടങ്ങിയപ്പോൾ പൊരിവെയിലത്ത് കുടചൂടി തണലേകി അനുഗമിക്കുകയാണ് മലപ്പുറം, കൊളപ്പുറം തെരുവത്ത് വീട്ടിൽ ഹരിദാസേൻറയും ദേവുവിേൻറയും മകനും ഹഫറിൽ സാമൂഹിക പ്രവർത്തകനുമായ ജിതേഷ് തെരുവത്ത്. ഇവിടെ കോഫിഷോപ്പ് നടത്തുന്ന ജിതേഷ് ശിഹാബിനെ സൗദിയിലേക്ക് സ്വീകരിച്ചതുമുതൽ ഒപ്പമുണ്ട്. ഹഫറിലെ സാമൂഹിക പ്രവർത്തകരാണ് ശിഹാബിന് ഒരു കൂട്ടായി വാഹനത്തിൽ പിന്തുടരുയോ ഒപ്പം നടക്കുകയോ ചെയ്യുന്നത്. ദീർഘദൂരം ഒപ്പം നടക്കാൻ മൂന്നാം ദിവസത്തെ ദൗത്യമാണ് ജിതേഷ് ഏറ്റെടുത്തത്. സൗദിയിൽ ശിഹാബിെൻറ യാത്രയുടെ ചുമതലയുള്ള കോഓഡിനേറ്റർ കൂടിയായ സാഹിർ വാഴക്കാടിനോട് ‘ഇക്ക ഇന്ന് നിങ്ങൾ വിശ്രമിച്ചോളു, ഞാൻ ഒപ്പം പോയ്ക്കൊള്ളാമെന്ന്’ ജിതേഷ് അറിയിക്കുകയായിരുന്നു.
ഇതൊരു പ്രേത്യകതരം അനുഭവമാണെന്ന് ജിതേഷ് പറയുന്നു. എത്ര രാജ്യങ്ങൾ താണ്ടി ഈ പുണ്യ ഭൂമിയിലെത്താൻ ശിഹാബിക്ക എടുത്ത ഒരു ധൈര്യമുണ്ടല്ലോ അത് എന്നെ വല്ലാതെ ആകർഷിച്ചു. അതുകൊണ്ട് തന്നെയാണ് അദ്ദേഹം ഇവിടെയെത്തിയതുമുതൽ ഒപ്പം കൂടിയത്. ഇതൊരു പുണ്യയാത്രയല്ലേ. അതിെൻറ പുണ്യം എനിക്കും കിട്ടുമല്ലോ- ജിതേഷ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ഞങ്ങളുടെ കൊളപ്പുറം എല്ലാ മതവിശ്വാസികളുടേയും നാടാണ്. സ്വന്തം വിശ്വാസത്തെ സംരക്ഷിക്കുേമ്പാഴും മറ്റുള്ളവരുടെ വിശ്വാസങ്ങളെ അംഗീകരിക്കാനും ബഹുമാനിക്കാനും കഴിയുന്ന ജീവിതത്തിലാണ് ഞാൻ വളർന്നത്. പ്രവാസികൾക്കിടയിൽ ഒരു വിവേചനവുമില്ല? എല്ലാവരും കൂടെപിറപ്പുകളാണ് -ജിതേഷ് പറയുന്നു.
ഞായറാഴ്ച 45 കിലോമീറ്ററാണ് ജിതേഷ് ശിഹാബിനൊപ്പം നടന്നു തീർത്തത്. കുടപിടിച്ച് ഒപ്പം നടന്നെത്താൻ പ്രയാസപ്പെടുന്ന ജിതേഷിനൊപ്പമുള്ള വീഡിയോയും ശിഹാബ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരുന്നു. 12 വർഷമായി പ്രവാസിയാണ് ജിതേഷ്. ഭാര്യ മോളിയും ഏക മകൾ ഇയയും നാട്ടിലാണ്. നിലവിൽ ഉമർ ഗെയ്ബ എന്ന സ്ഥലത്തെത്തിയ ശിഹാബിന് ഇനി കേവലം 700 കിലോമീറ്റർ കൂടി പിന്നിട്ടാൽ മദീനയിലെത്താം.
മിനിമം 40 കിലോമീറ്ററിലധികം ദിവസവും നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം തടഞ്ഞതിനാൽ യാത്രചെയ്യാനായില്ല. ശക്തമായ മഴയുണ്ടാകുമെന്നായിരുന്നു അവരുടെ മുന്നറിയിപ്പ്. പലപ്പോഴും യാത്രക്കിടയിൽ 100 കണക്കിന് ആളുകളാണ് അനുഗമിക്കാനായി എത്താറ്. എന്നാൽ അധികം ആൾക്കുട്ടമുണ്ടായി മറ്റുള്ളവരുടെ യാത്രക്ക് തടസ്സമുണ്ടാക്കരുതെന്ന് സുരക്ഷാ ഉദ്യോഗസ്രുടെ മുന്നറിയിപ്പ് ഉള്ളതിനാൽ പലരേയും സ്നേഹപൂർവം തിരിച്ചയക്കുകയാണ് ചെയ്യുന്നത്.