കോഴിക്കോട്∙ വന്ദേഭാരതിന്റെ ട്രയൽ റണ്ണിനിടെ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ പരിഹസിച്ച് ബിജെപി പ്രവർത്തകർ. കോഴിക്കോട്ടെത്തിയ വന്ദേഭാരത് എക്സ്പ്രസിന് നൽകിയ സ്വീകരണത്തിനിടെ, ബിജെപി പ്രവർത്തകർ സ്റ്റേഷനിൽ അപ്പം വിതരണം ചെയ്തു. വന്ദേഭാരത് എക്സ്പ്രസിൽ എത്തിയ ഉദ്യോഗസ്ഥർക്കും ലോക്കോ പൈലറ്റ് ഉൾപ്പെടെയുള്ളവർക്കം അപ്പം നൽകി സ്വീകരിച്ചു. എം.വി.ഗോവിന്ദന്റെ പേര് വിളിച്ചുപറഞ്ഞു കൊണ്ടായിരുന്നു അപ്പം വിതരണം.
വന്ദേഭാരത് എക്സ്പ്രസിൽ കണ്ണൂരിലേക്ക് അപ്പം കൊടുത്തുവിടുമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. ഇതിനിടെയാണ് റെയിൽവേ സ്റ്റേഷനിൽ ബിജെപി പ്രവർത്തകർ ഗോവിന്ദന്റെ പേരു വിളിച്ചുപറഞ്ഞ് അപ്പം വിതരണം നടത്തിയത്.
രാവിലെ 11.16നാണ് വന്ദേഭാരത് ട്രെയിൻ കോഴിക്കോട്ടെത്തിയത്. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടെത്താൻ എടുത്തത് ആറു മണിക്കൂറും 7 മിനിറ്റും. പുഷ്പവൃഷ്ടി നടത്തിയും മുദ്രാവാക്യം വിളിച്ചുമാണ് ബിജെപി പ്രവർത്തകർ വന്ദേഭാരത് എക്സ്പ്രസിനെ സ്വീകരിച്ചത്. ഇതിനിടെ, കേരളത്തിന് ട്രെയിൻ അനുവദിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞും മുദ്രാവാക്യം ഉയർന്നു.
രാവിലെ 5.10നാണ് വന്ദേഭാരത് ട്രെയിൻ തിരുവനന്തപുരത്തു നിന്നു പുറപ്പെട്ടത്. ഉന്നത റെയിൽവേ ഓഫിസർമാർക്കു പുറമേ വന്ദേഭാരത് ട്രെയിനിൽ പോകേണ്ട ജീവനക്കാരും ട്രെയിനിലുണ്ട‌്.
മുൻപ് സിൽവർലൈൻ പദ്ധതിയെക്കുറിച്ച് വിശദീകരിക്കുമ്പോൾ എം.വി.ഗോവിന്ദൻ പറഞ്ഞ ‘അപ്പക്കഥ’ വൈറലായിരുന്നു. വന്ദേഭാരത് ട്രെയിൻ അനുവദിച്ചതിനു പിന്നാലെ ഗോവിന്ദനെ ‘ട്രോളി’ ബിജെപി നേതാവ് പി.കെ.കൃഷ്ണദാസ് രംഗത്തെത്തിയിരുന്നു. എന്നാൽ, തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നാണ് ഗോവിന്ദൻ ഇന്നലെയും വിശദീകരിച്ചത്.
‘‘അപ്പവുമായി കുടുംബശ്രീ യൂണിറ്റിന്റെ രണ്ട് അമ്മമാർ രാവിലെ പുറപ്പെടുന്നു. എന്നിട്ട് എവിടെയാണോ എത്തേണ്ടത് അവിടെ രണ്ട് രണ്ടര മണിക്കൂർ കൊണ്ട് എത്തുന്നു. അവിടെയെത്തി അപ്പവും വിറ്റ് നേരെ തിരിച്ചുപോരുന്നു. രാവിലെ പ്രഭാത ഭക്ഷണം കഴിച്ചിട്ടു പോകുന്ന അവർക്ക് തിരിച്ചെത്തി ഉച്ചഭക്ഷണം കഴിക്കാം. ഇതാണ് ഞാൻ പറഞ്ഞതിന്റെ അർഥം.’ – ഗോവിന്ദൻ ഇന്നലെ പറഞ്ഞത് ഇങ്ങനെ.
‘‘ഇതൊക്കെ ജഡ്ജിക്കും ഉയർന്ന ഉദ്യോഗസ്ഥൻമാർക്കും വക്കീലൻമാർക്കും മാത്രമേ പറ്റൂ എന്നാണ് നിങ്ങൾ ധരിച്ചുവച്ചത്. അവിടെ ബോധപൂർവം തന്നെയാണ് ഞാൻ കുടുംബശ്രീയെ ഉദാഹരിച്ചത്. അതിൽത്തന്നെ ഞാൻ ഇപ്പോഴും ഉറച്ചുനിൽക്കുന്നു. വന്ദേഭാരതിൽ കയറി അപ്പവുമായി പോയാൽ രണ്ടാമത്തെ ദിവസമെങ്കിലും എത്തുമോ? അപ്പൊപ്പിന്നെ അപ്പമുണ്ടാകുമോ? അതോടെ അപ്പം പോയില്ലേ? കുടുംബശ്രീയുടെ അപ്പവുമായി കെ റെയിലിൽത്തന്നെ പോകും. അതിലേക്ക് എത്തിക്കാനാണ് ശ്രമം.’ – ഗോവിന്ദൻ പറഞ്ഞു. ഇതിനു പിന്നാലെയാണ് വന്ദേഭാരതിന് നൽകിയ സ്വീകരണത്തിനിടെ ഗോവിന്ദന്റെ പേരു വിളിച്ചുപറഞ്ഞ് അപ്പം വിതരണം ചെയ്തത്.