ആതിഖ് കൊല: സണ്ണി ‘ഡോണ്‍’ പ്രകാശിന്റെ ആരാധകന്‍; പ്രകാശ് കൊല്ലപ്പെട്ടത് 25-ാം വയസില്‍ ഏറ്റുമുട്ടലില്‍

0
246

ലഖ്‌നൗ: ആതിഖ് അഹമ്മദിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളായ മോഹിത് എന്ന സണ്ണി ഉത്തര്‍പ്രദേശിലെ കുപ്രസിദ്ധ ഗുണ്ടയായിരുന്ന ശ്രീപ്രകാശ് ശുക്ലയുടെ കടുത്ത ആരാധകന്‍. സണ്ണിയുടെ ബന്ധുക്കളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

വായിച്ചും കേട്ടും അറിഞ്ഞാണ് സണ്ണി പ്രകാശ് ശുക്ലയുടെ കടുത്ത ‘ആരാധകനായി’ മാറിയത്. പത്താം വയസില്‍ കഫെകളില്‍ നിന്ന് പ്രകാശ് ശുക്ലയുടെ ചിത്രം പ്രിന്റ് എടുത്തശേഷം പ്രദര്‍ശിപ്പിക്കുന്ന സ്വഭാവം സണ്ണിക്കുണ്ടായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകളിലുണ്ട്. പഠനകാര്യങ്ങളില്‍ ശ്രദ്ധയില്ലാതിരുന്ന സണ്ണിക്ക് തോക്കുകളെ കുറിച്ച് അറിയാനായിരുന്നു കൂടുതല്‍ താല്‍പര്യമെന്നും 12-ാം വയസില്‍ നാടുവിട്ട് പോയ സണ്ണി പിന്നീട് സ്വദേശത്തേക്ക് തിരികെ വന്നിട്ടില്ലെന്നും സഹോദരന്‍ പിന്റു സിംഗ് പറഞ്ഞു.

1990കളില്‍ യുപിയെ വിറപ്പിച്ച ഗുണ്ടാനേതാവായിരുന്നു പ്രകാശ് ശുക്ല. അക്കാലത്തെ രാഷ്ട്രീയപ്രമുഖരുമായി അടുത്ത ബന്ധമുള്ള വ്യക്തി കൂടിയായിരുന്നു. കൊലപാതകങ്ങള്‍, ബിസിനസുകാരുടെ മക്കളെ തട്ടി കൊണ്ടുപോയി വിലപേശല്‍, കൊള്ള തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയായതോടെ പ്രകാശിനെ പിടികൂടാന്‍ യുപി പൊലീസ് തീരുമാനിക്കുകയായിരുന്നു. 1998ല്‍ സംസ്ഥാനത്തെ 43 കൊടുംക്രിമിനലുകളുടെ പട്ടികയില്‍ പ്രകാശും ഉള്‍പ്പെട്ടു. തുടര്‍ന്ന് നടത്തിയ നീക്കങ്ങളിലൂടെ 1998 സെപ്തംബര്‍ 22ന് ഗാസിയാബാദില്‍ വച്ച് യുപി പൊലീസ് നടത്തിയ വെടിവെപ്പില്‍ 25കാരനായ പ്രകാശ് കൊല്ലപ്പെടുകയായിരുന്നു.

അതേസമയം, ആതിഖ് അഹമ്മദിന്റെ മൃതശരീരത്തില്‍ നിന്ന് ഒന്‍പത് വെടിയുണ്ടകള്‍ കണ്ടെത്തിയെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തലയില്‍ നിന്ന് ഒരു വെടിയുണ്ടയും നെഞ്ച്, പുറംഭാഗം എന്നിവിടങ്ങളില്‍ നിന്ന് എട്ട് വെടിയുണ്ടകളുമാണ് കണ്ടെത്തിയത്. സഹോദരന്‍ അഷറഫ് അഹമ്മദിന്റെ ശരീരത്തില്‍ നിന്ന് അഞ്ച് വെടിയുണ്ടകളാണ് കണ്ടെത്തിയതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഒന്ന് മുഖത്ത് നിന്നും നാല് വെടിയുണ്ടകള്‍ പുറംഭാഗത്ത് നിന്നുമാണ് കണ്ടെത്തിയത്. അഞ്ച് വിദഗ്ദ ഡോക്ടര്‍മാരാണ് ഇരുവരുടെയും പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. പ്രതികളായ ലവ്‌ലേഷ് തിവാരി, സണ്ണി സിംഗ്, അരുണ്‍ മൗര്യ എന്നിവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ഇതിനിടെ ആറ് വര്‍ഷത്തിനുള്ളില്‍ യുപിയില്‍ നടന്നത് 183 ഏറ്റുമുട്ടല്‍ കൊലപാതകങ്ങളാണെന്നും ഇതില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സുപ്രീകോടതിയില്‍ അഭിഭാഷകന്‍ ഹര്‍ജി നല്‍കി. വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ വിശാല്‍ തിവാരിയാണ് കോടതിയെ സമീപിച്ചത്. ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ജനാധിപത്യത്തിന് വെല്ലുവിളിയാണ്. ജനാധിപത്യ സമൂഹത്തില്‍ പൊലീസ് അന്തിമ വിധി പുറപ്പെടുവിക്കരുത്. ശിക്ഷിക്കാനുള്ള അവകാശം ജുഡീഷ്യറിക്ക് മാത്രമാണെന്ന് വിശാല്‍ തിവാരി ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചു. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഉത്തര്‍പ്രദേശില്‍ 183 ഏറ്റുമുട്ടല്‍ കൊലപാതകങ്ങളാണ് നടന്നതെന്ന് പൊലീസ് വെള്ളിയാഴ്ച പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here