കോഴിക്കോട്: താമരശ്ശേരിയിൽ നിന്നും പ്രവാസിയെ തട്ടികൊണ്ടു പോയ സംഭവത്തിൽ നാല് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത കാസർകോട് സ്വദേശികളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മുഹമ്മദ് നൗഷാദ്, ഇസ്മയിൽ ആസിഫ്, അബ്ദുറഹ്മാൻ, ഹുസൈൻ എന്നിവരാണ് അറസ്റ്റിലായത്. മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടുപോകുന്നതിന്റെ രണ്ടാഴ്ച മുൻപ് പരപ്പൻപൊയിലിൽ നിരീക്ഷണത്തിനായി എത്തിയ സംഘം സഞ്ചരിച്ച കാർ ഹുസൈനാണ് വാടകക്ക് എടുത്ത് നൽകിയത്. മറ്റു മൂന്നു പേർ കാറിൽ എത്തിയവരാണ് എന്നാണ് കിട്ടിയ വിവരം. അറസ്റ്റ് ചെയ്തവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് വിധേയരാക്കി.
ഷാഫിയെ തട്ടിക്കൊണ്ട് പോയിട്ട് പതിനൊന്ന് ദിവസമായിട്ടും അക്രമി സംഘത്തെക്കുറിച്ച് കൃത്യമായ വിവരം പൊലീസിന് കിട്ടിയിട്ടില്ല. തട്ടിക്കൊണ്ട് പോകലിന് രണ്ടാഴ്ച മുൻപ് പരപ്പൻപൊയിൽ ഭാഗത്ത് ഇടക്കിടെ കാറിലെത്തിയ സംഘത്തെ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം. ഇവരുടെ കാറിന്റെ സിസിടി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ട് പോവുന്നതിന് രണ്ടാഴ്ച മുൻപുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. അക്രമി സംഘം ഷാഫിയുടെ വീടും പരിസരവും നിരീക്ഷിക്കാനെത്തിയതാണെന്നാണ് സൂചന. ഈ കാർ കാസർകോട് ചെർക്കളയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.