ലഖ്‍നൗ: രാജ്യം ഞെട്ടിയ സംഭവമായിരുന്നു മുൻ എം പിയും ഗുണ്ടാ നേതാവുമായ അതീഖ് അഹമ്മദിന്‍റെയും സഹോദരന്‍റെയും കൊലപാതകം. പൊലീസ് കസ്റ്റഡിയിലായിരുന്നു അക്രമി സംഘം ഇരുവരെയും വെടിവച്ച് കൊന്നത് എന്നതാണ് ഏവരെയും ഞെട്ടിച്ചത്. സംഭവ സ്ഥലത്ത് തന്നെ പിടിയിലായ കൊലയാളികളെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ് പൊലീസ്. അതീഖ് കൊലപാതകത്തിന് ഒരേ ഒരു കാരണമേയുള്ളു എന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. പ്രശസ്തിക്ക് വേണ്ടിയാണ് കൊലപാതകമെന്നാണ് പ്രതികളുടെ മൊഴി. എന്നാൽ പൊലീസ് കൂടുതൽ അന്വേഷണത്തിലാണ്. ഇവർക്ക് ചില സംഘടനകളുമായി ബന്ധമുണ്ട് എന്ന റിപ്പോർട്ടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. കസ്റ്റഡിയിലുള്ള മൂന്നു പേരെ കൂടാതെ തിരിച്ചറിയാത്ത രണ്ടു പേരെയും പ്രതിയാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്.
അതേസമയം അതീവസുരക്ഷ വലിയത്തിലായിരുന്ന മുൻ എം പിയും ഗുണ്ടാനേതാവുമായ അതീഖ് അഹമ്മദും സഹോദരനും കൊല്ലപ്പെടുന്നതിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇന്നലെ രാത്രി പുറത്തു വന്നത്. യു പി പൊലീസിനെതിരെ നിരവധി ചോദ്യങ്ങൾ സംഭവത്തിനു ശേഷം ഉയരുകയാണ്. ഉമേഷ് പാൽ കൊലപാതകക്കേസിൽ അതീഖിനെ നാല് ദിവസത്തെ ചോദ്യം ചെയ്യലിനായാണ് ഇന്നലെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടത്. രാത്രി മെഡിക്കൽ പരിശോധനയ്ക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് മാധ്യമപ്രവർത്തകരെന്ന വ്യാജേന മുന്നു പേർ വെടിവച്ചത്. ബാദാ സ്വദേശി ലവേഷ് തിവാരി, കാസ് ഗഞ്ച് സ്വദേശി സണ്ണി, ഹമീർപൂർ സ്വദേശി അരുൺ മൌര്യ എന്നിവരെയാണ് സംഭവസ്ഥലത്തു നിന്ന് പൊലീസ് പിടികൂടിയത്.
ആസൂത്രിതമായിട്ടായിരുന്നു പ്രതികളുടെ നീക്കം. വെള്ളിയാഴ്ച്ച രാത്രി പ്രയാഗ് രാജിൽ എത്തിയ പ്രതികൾ റെയിൽവേ സ്റ്റേഷന് മുന്നിലെ ഹോട്ടലിൽ താമസിച്ചു. തുടർന്ന് അതീഖിനെ ശനിയാഴ്ച്ച രാത്രി മെഡിക്കൽ കോളേജിൽ എത്തിക്കുമെന്ന വിവരം ലഭിച്ചതോടെ മാധ്യമപ്രവർത്തകരുടെ വേഷത്തിൽ അവിടേക്ക് നീങ്ങി. യൂട്യൂബ് വാർത്ത ചാനലിന്‍റഫെ മൈക്ക് ഐ ഡിയും ക്യാമറുമായി അരമണിക്കൂർ മുമ്പ് എത്തിയാണ് പ്രതികൾ മാധ്യമ പ്രവർത്തകർക്കൊപ്പം നിന്നത്. പൊലീസ് കാവൽ മറികടന്ന് പോയിന്‍റ് ബ്ളാങ്കിൽ നിറയൊഴിച്ചാണ് ഇവർ അതീഖിനെയും സഹോദരനെയും കൊലപ്പെടുത്തിയത്. കൊലയ്ക്കു ശേഷം കൈകളുയർത്തി പ്രതികൾ കീഴടങ്ങുകയായിരുന്നു. നേരത്തെയും ഇവർക്കെതിരെ കേസുകളുണ്ടായിരുന്നുവെന്നാണ് പ്രതികളുടെ കുടുംബത്തിന്‍റെ പ്രതികരണം.
ഇന്നലെ മതിയായ സുരക്ഷ ഇല്ലാതെയാണ് ആശുപത്രിയിൽ എത്തിച്ചതെന്ന് ആരോപണം അതീഖിന്റ അഭിഭാഷകൻ ഉന്നയിച്ചിട്ടുണ്ട്. അതീഖിനെ എത്തിച്ച കൃത്യം സമയം പ്രതികൾക്ക് ചോർന്നു കിട്ടിയതെങ്ങനെ എന്ന ചോദ്യവും ഉയരുന്നു. സംഭവത്തിൽ യു പി സർക്കാർ ഇന്നലെ തന്നെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. യു പിയിൽ നിരോധനാജ്ഞ പ്രഖ്യാപച്ചിട്ടുണ്ട്. പതിനേഴ് പൊലീസുകാരെ സസ്പെൻഡ് ചെയ്തിട്ടുമുണ്ട്. മുന്നറിയിപ്പുകൾ ഉണ്ടായിട്ടും ഇത്രയടുത്തെത്തി പ്രതികൾക്ക് ഈ കൊലപാതകം നടത്താനുള്ള സഹായം ആരു നല്കി എന്നതാണ് ഇനി വ്യക്തമാകേണ്ടത്.