ആത്തിഖ് അഹമ്മദ് കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം; യുപിയിൽ ജാഗ്രതാ നിർദ്ദേശം, സേനയെ വിന്യസിച്ചു

0
347

ദില്ലി: കൊലക്കേസ് പ്രതിയും മുൻ എംപിയുമായ ആത്തിഖ് അഹമ്മദും സഹോദരനും വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. മൂന്നംഗ ജുഡീഷ്യൽ കമ്മീഷനാണ് സംഭവം അന്വേഷിക്കുക. കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം നൽകിയെന്ന് യുപി എഡിജിപി അറിയിച്ചു. കാൺപൂരിലും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ദ്രുത കർമ്മ സേനയെ പ്രയാഗ് രാജിൽ വിന്യസിച്ചിട്ടുണ്ട്. മറ്റു ജില്ലകളിൽ നിന്ന് പൊലീസ് സേനയെ പ്രയാഗ് രാജിലേക്ക് എത്തിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ 17 പൊലീസുകാരെ ഇതിനോടകം സസ്പെൻഡ് ചെയ്തു. ആത്തിഖ് അഹമ്മദ് കൊലപാതകത്തിൽ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് സ്ഥിരീകരിച്ചു.

ഉമേഷ് പാൽ വധക്കേസുമായി ബന്ധപ്പെട്ടാണ് ആത്തിഖ് അഹമ്മദിനെയും സഹോദരൻ അഷ്റഫ് അഹമ്മദിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഇവരെ മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോകാനിറങ്ങുമ്പോഴാണ് അക്രമികൾ വെടിയുതിർത്തത്. ആത്തിഖ് അഹമ്മദിന്റെ മകന്‍ ആസാദ് അഹമ്മദും കൂട്ടാളി ഗുലാമും ഉത്തര്‍പ്രദേശ് പൊലീസിന്റെ പ്രത്യേക ദൗത്യസേനയുമായുള്ള ഏറ്റുമുട്ടലില്‍ വ്യാഴാഴ്ച കൊല്ലപ്പെട്ടിരുന്നു. സമാജ്‌വാദി പാര്‍ട്ടി മുന്‍ എംപിയായ ആത്തിഖ് അഹമ്മദ് നൂറോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. 2005ല്‍ ബിഎസ്പി എംഎല്‍എ ആയിരുന്ന രാജുപാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാലും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഫെബ്രുവരി 24നാണ് പ്രയാഗ് രാജിലുള്ള ധൂമംഗഞ്ചിലെ വീടിനുപുറത്ത് വെടിയേറ്റ് മരിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here