മലപ്പുറം: കഴിഞ്ഞ ദിവസമാണ് മലപ്പുറത്തെ മുസ്ലിം പള്ളിയിലെ അപൂർവ്വ കാഴ്ച വലിയ ചർച്ചയായത്. കിഴുപറമ്പ് കുറ്റൂളി ഹയാത്തുല്‍ മുസ്ലി പള്ളി വളപ്പിലെ പപ്പായയുടെ ഇലയുടെ തണ്ടിൽ കായ ഉണ്ടായെന്ന വാർത്ത ഏവർക്കും വലിയ കൗതുകമായി മാറിയിരുന്നു. വാർത്ത കേട്ടപാടെ നിരവധി പേരാണ് ഇലയുടെ തണ്ടിൽ കായ ഉണ്ടായ പപ്പായ കാണാനായി പള്ളിയിലേക്ക് എത്തുകയും ചെയ്തു. ഇപ്പോഴും നൂറുകണക്കിന് പേരാണ് ഇവിടെ എത്തുന്നത്. അതിനിടിയിലാണ് കൃഷിവകുപ്പിന്‍റെ തീരുമാനവും എത്തിയത്. കിഴുപറമ്പ് കുറ്റൂളി ഹയാത്തുല്‍ മുസ്ലി പള്ളി വളപ്പിൽ ഏവർക്കും കൗതുകമായി മാറിയ അപൂർവ്വ കാഴ്ച സമ്മാനിച്ച പപ്പായ സംരക്ഷിക്കാനാണ് കൃഷി വകുപ്പിന്‍റെ തീരുമാനം. നല്ല രീതിയില്‍ വളവും വെള്ളവും നല്‍കി സംരക്ഷിക്കുമെന്നാണ് കൃഷി വകുപ്പ് പറയുന്നത്. മരത്തിലും തണ്ടിലും ഒരേ പോലെ കായ ഉണ്ടാകുന്നത് അപൂര്‍വമാണെന്നും കൃഷി വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
നാടന്‍ ഇനത്തില്‍ പെട്ട പപ്പായയാണ് മലപ്പുറത്തെ പള്ളി വളപ്പിൽ അപൂര്‍വ കാഴ്ചക്ക് കാരണമായത്. സാധാരണ ഗതിയില്‍ പപ്പായ അധികം ഉള്ളില്ലാത്ത, പൊള്ളയായ തടി അഞ്ച് മുതല്‍ 10 മീറ്റര്‍ വരെയാണ് വളരുക. മുകളിലായി കാണപ്പെടുന്ന ഇലകള്‍ 70 സെ.മീ വരെ വ്യാപ്തിയില്‍ ഏകദേശം നക്ഷത്രാകൃതിയിലാണ് ഉണ്ടാവുക. ഇലകളുടെ തണ്ടും പൊള്ളയാണ്. തടിയും തണ്ടും ചേരുന്നിടത്ത് പൂക്കളുണ്ടായി, അത് ഫലമായി മാറുകയാണ് ചെയ്യാറ്. എന്നാല്‍ ഇവിടെ ഇലയിലെ തണ്ടിലാണ് കായ ഉണ്ടായത്. അതാണ് എവരെയും കൗതുകത്തിലാക്കിയത്. ഇലയുടെ തണ്ടിൽ കായ ഉണ്ടായത് എങ്ങനെയാണെന്നത് സംബന്ധിച്ച് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ തന്നെ വിശദമായി പരിശോധിച്ച ശേഷം മറുപടി നൽകിയേക്കാം. എന്തായാലും നൂറ് കണക്കിന് ആളുകളാണ് കുറ്റൂളിപള്ളിയില്‍ അപൂർവ്വ കാഴ്ച കാണാനെത്തുന്നത്.