കാസർകോട് ∙ ജില്ലാ ആസ്ഥാനത്തെ റെയിൽവേ സ്റ്റേഷന്റെ മുഖച്ഛായ തന്നെ മാറുന്ന വിധത്തിലാണ് അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി കാസർകോട് റെയിൽവേ സ്റ്റേഷനിൽ വരുന്ന മാറ്റങ്ങൾ. അടുത്ത മാസം നിർമാണ ജോലികളുടെ ടെൻഡർ നടത്തി ജൂണിൽ ജോലി ആരംഭിച്ച് ഡിസംബറോടെ ആദ്യഘട്ടം പൂർത്തിയാക്കുകയെന്നതാണ് റെയിൽവേയുടെ ലക്ഷ്യം. സംസ്ഥാനത്താകെ 34 സ്റ്റേഷനുകളാണ് ആദ്യഘട്ടത്തിൽ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെട്ടത്. കാസർകോട്, പയ്യന്നൂർ സ്റ്റേഷനുകളാണ് വടക്കൻ മലബാറിൽ നിന്നുള്ളത്. രണ്ടാം ഘട്ടത്തിൽ കൂടുതൽ സ്റ്റേഷനുകളെ പദ്ധതിയിൽ പരിഗണിക്കുമെന്നാണ് അധികൃതർ പറയുന്നത്. കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ സ്റ്റേഷനുകളെ രണ്ടാം ഘട്ടത്തിൽ പരിഗണിക്കുമെന്നാണു സൂചന.
വരുന്ന സൗകര്യങ്ങൾ
192 കാറുകൾക്കും 744 ഇരുചക്രവാഹനങ്ങൾക്കും സ്റ്റേഷന്റെ മുൻവശത്ത് തെക്കു ഭാഗത്തായി പാർക്കിങ് സൗകര്യമൊരുക്കും. 71 പ്രീപെയ്ഡ് ഓട്ടോകൾക്ക് പാർക്ക് ചെയ്യാൻ ക്രമീകരണമുണ്ടാകും. പ്രീമിയം പാർക്കിങ് മേഖല സ്റ്റേഷനു മുന്നിൽ തന്നെയുണ്ടാകും. ഇവിടെ 29 കാറുകളും 10 ഇരുചക്രവാഹനങ്ങളും പാർക്ക് ചെയ്യാം. ഒന്നാം റെയിൽവേ പ്ലാറ്റ്ഫോമിലെ ഷെൽട്ടർ വടക്കു ഭാഗത്തേക്കു വ്യാപിപ്പിക്കും. രണ്ടാം പ്ലാറ്റ്ഫോമിലെ ഷെൽട്ടർ 2 വശത്തേക്കും നീട്ടും. ഒന്നാം പ്ലാറ്റ്ഫോം വടക്കു ഭാഗത്തേക്ക് നീളം വർധിപ്പിക്കും.
സ്റ്റേഷന്റെ വടക്കു ഭാഗത്ത് ഒന്നാം പ്ലാറ്റ്ഫോമിനു പിന്നിലുള്ള സ്ഥലം പാർക്കിങ്ങിനുള്ള അധികസ്ഥലമായി വികസിപ്പിക്കും. സ്റ്റേഷന്റെ പോർച്ചിനു മുന്നിലൂടെ പുറത്തക്കു കടക്കാൻ 3.5 മീറ്റർ വീതിയുള്ള 3 വരിപ്പാത വികസിപ്പിക്കും. പ്രവേശിക്കുന്ന ഭാഗം 15 മീറ്റർ വീതിയിൽ വികസിപ്പിക്കും. വിശ്രമമുറികൾ ഉൾപ്പെടെ പുതിയ പ്ലാനിൽ ഉൾപ്പെടുന്നു. കൊച്ചി ആസ്ഥാനമായ കിറ്റ്കോയാണ് രൂപരേഖ തയാറാക്കിയത്.