സൂറത്ത്: മാനനഷ്ട കേസിൽ വിചാരണ കോടതി വിധിക്കെതിരെ രാഹുൽ ഗാന്ധിയുടെ അപ്പീൽ ഹർജിയിൽ ഇന്ന് വിശദമായി വാദം കേട്ടെങ്കിലും കോടതി വിധി പുറപ്പെടുവിച്ചില്ല. കുറ്റക്കാരൻ എന്ന വിധിക്കെതിരായ അപ്പീലിൽ ഏപ്രിൽ 20ന് ഇടക്കാല ഉത്തരവ് പറയാമെന്ന് കോടതി വ്യക്തമാക്കി. അപ്പീൽ ഹർജിയിൽ വാദം പൂർത്തിയായി.
മജിസ്ട്രേറ്റ് കോടതി വിധിച്ച രണ്ട് വർഷം തടവ് ശിക്ഷ നടപ്പാക്കുന്നത് സെഷൻസ് കോടതി സ്റ്റേ ചെയ്തിരുന്നു. എന്നാൽ കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ ലഭിച്ചാലെ നഷ്ടമായ എംപി സ്ഥാനം രാഹുലിന് തിരികെ ലഭിക്കൂകയുളളു. രണ്ട് അപ്പീൽ ഹർജികളാണ് കേസിൽ രാഹുൽ ഗാന്ധി നൽകിയത്. ശിക്ഷാവിധിക്കെതിരെയും ശിക്ഷ നടപ്പാക്കുന്നതിനെതിരെയുമാണ് അപ്പീൽ ഹർജികൾ. 2019 ൽ തെരഞ്ഞെടുപ്പ് റാലിക്കിടെ കർണാടകയിലെ കോലാറിൽ നടത്തിയ പ്രസംഗത്തിലെ പരാമർശത്തിലാണ് ബിജെപി എംഎൽഎ പൂർണേഷ് മോദി അപകീർത്തി കേസ് കൊടുത്തത്. കോലാറിലെ പ്രസംഗത്തിന് ഗുജറാത്തിലെ സൂറത്തിലാണ് കേസെടുത്തത്. എല്ലാ കള്ളന്മാരുടെയും പേരില്‍ എങ്ങനെയാണ് ‘മോദി’ എന്ന് വരുന്നത് എന്നായിരുന്നു പ്രസംഗത്തിനിടെ രാഹുലിന്റെ ചോദ്യം.