മിക്ക ഇന്ത്യയ്ക്കാരും തങ്ങളുടെ സാമ്പത്തിക കാര്യങ്ങൾക്കായുള്ള പാസ്‌വേഡ് സൂക്ഷിക്കുന്നത് മൊബൈൽ ഫോണിലെന്ന് പഠനം. ലോക്കൽ സർക്കിൾസെന്ന ഓൺലൈൻ കമ്യൂണിറ്റിയുടെ പഠനം സീ ബിസിനസാണ് പ്രസിദ്ധീകരിച്ചത്. ബാങ്ക് അക്കൗണ്ട്, എ.ടി.എം, ഡെബിറ്റ് കാർഡ്, ക്രഡിറ്റ് കാർഡ് എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ 17 ശതമാനം പേരും സ്മാർട്ട് ഫോണിലെ കോൺടാക്റ്റ് ലിസ്റ്റ്, മൊബൈൽ നോട്ടുകൾ എന്നിവയിലാണ് സൂക്ഷിക്കുന്നതെന്ന് ബുധനാഴ്ച പുറത്തുവന്ന റിപ്പോർട്ടിൽ പറഞ്ഞു. 30 ശതമാനം പേർ പാസ്‌വേഡുകൾ കുടുംബാംഗങ്ങളുമായും ജീവനക്കാരുമായും പങ്കുവെക്കുന്നു. എട്ട് ശതമാനം പേർ ഗൗരവമുള്ള വിവരങ്ങൾ മൊബൈൽ ഫോൺ നോട്ടുകളിൽ സൂക്ഷിക്കുമ്പോൾ ഒമ്പത് ശതമാനം പേർ കോൺടാക്റ്റ് ലിസ്റ്റിലാണ് ശേഖരിച്ചുവെക്കുന്നതെന്നും റിപ്പോർട്ടിൽ പറഞ്ഞു. നോട്ടുകൾ വഴിയും കോൺടാക്റ്റ് ലിസ്റ്റ് വഴിയുമായി 24 ശതമാനം പേരും മൊബൈലാണ് ഉപയോഗിക്കുന്നത്.
പാസ്‌വേഡുകൾ മനസ്സിൽ സൂക്ഷിക്കാറാണ് പതിവുള്ളതെന്ന് 14 ശതമാനം പേർ വ്യക്തമാക്കി. 18 ശതമാനം പേർ കംപ്യൂട്ടറിലും ലാപ്‌ടോപ്പിലുമാണ് പാസ്‌വേഡുകൾ സൂക്ഷിക്കുന്നത്. 39 ശതമാനം പേർ സുപ്രധാന വിവരങ്ങൾ മറ്റു സ്ഥലങ്ങളിലും വഴികളിലുമായി സൂക്ഷിക്കുമെന്നാണ് വ്യക്തമാക്കിയത്.
സർവേയിൽ പങ്കെടുത്ത 88 ശതമാനം പേരും പറയുന്നത് വിവിധ അപ്ലിക്കേഷനുകൾക്കായും രേഖയായും ബുക്കിംഗിനും തങ്ങളുടെ ആധാർ കൈമാറിയിട്ടുണ്ടെന്നാണ്. ‘എളുപ്പത്തിൽ കയറാനാകുന്ന വിവരശേഖരണങ്ങളായതിനാൽ എ.ഐ( ആർട്ടിഫിഷ്യൽ ഇൻറലിജൻറ്‌സ്) ഉപയോഗിച്ച് 50 ശതമാനം പാസ്‌വേഡുകളും ഒരു മിനിട്ടിനുള്ളിൽ കണ്ടെത്താനാകും. ഇത് മിക്ക ഇന്ത്യയ്ക്കാരനെയും ബാധിക്കും’ പഠനം വ്യക്തമാക്കി.
പാസ്‌വേഡോ മറ്റോയില്ലാത്ത മൊബൈൽ നോട്ടുകൾ സുരക്ഷിതമല്ല. ചിലർ ഓർമിക്കാൻ എളുപ്പമുള്ള പാസ്‌വേഡുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ മറ്റു ചിലർ ബുദ്ധിമുട്ടേറിയതും ഉപയോഗിക്കുന്നു. ഇത്തരത്തിൽ എളുപ്പമുള്ള പാസ്‌വേഡുകൾ സൈബർ കുറ്റവാളികൾക്ക് പെട്ടെന്ന് കണ്ടെത്താൻ കഴിയുമെന്നും മോഷണം നടക്കാൻ ഇടയാക്കുമെന്നും പഠനത്തിൽ പറഞ്ഞു.
മൊബൈൽ ഫോണിൽ തന്നെ പാസ്‌വേഡുകൾ സുരക്ഷിതമായി സൂക്ഷിച്ചുവെക്കാനുള്ള സംവിധാനം നിലവിലുണ്ട്. പാസ്‌വേഡ് മാനേജർ സോഫ്റ്റ്‌വെയർ പാസ്‌വേഡ് വഴിയാണ് ഇത് സാധ്യമാകുക. ഒറ്റ മാസ്റ്റർ പാസ്‌വേഡ് ഉപയോഗിച്ചു ഡിജിറ്റൽ വാലറ്റിലാണ് പാസ്‌വേഡുകൾ ശേഖരിക്കുക. വിവിധ അക്കൗണ്ടുകൾ തുറക്കാൻ ഇതുവഴി സാധിക്കും. എന്നാൽ മാസം തോറും വലിയ സംഖ്യ ഫീ നൽകേണ്ടതിനാൽ ഇത് എല്ലാവർക്കും പ്രായോഗികമായിരിക്കില്ല.