തിരുവനന്തപുരം: ദേശീയപാർട്ടി അംഗീകാരം നിലനിർത്തുന്നതിൽ സി.പി.എമ്മിന് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് നിർണായകം. നിലവിൽ സി.പി.എമ്മിന്റെ ദേശീയപാർട്ടി പദവി തുലാസിലാണ്. ഇതു പാലിക്കുന്നതിനുള്ള സമയപരിധി തിരഞ്ഞെടുപ്പ് കമ്മിഷൻ നീട്ടിനൽകിയതിന്റെ അടിസ്ഥാനത്തിലാണ് സി.പി.എമ്മും ബി.എസ്.പി.യും ദേശീയപാർട്ടിയായി തുടരുന്നത്. സി.പി.ഐ., എൻ.സി.പി., തൃണമൂൽ കോൺഗ്രസ് എന്നിവയ്ക്കുള്ള ദേശീയപാർട്ടി അംഗീകാരം കഴിഞ്ഞദിവസം ഒഴിവാക്കിയിരുന്നു.
മാനദണ്ഡങ്ങളും സി.പി.എമ്മും
1. നാലുസംസ്ഥാനങ്ങളിൽ സംസ്ഥാനപാർട്ടി അംഗീകാരം നേടിയാൽ ദേശീയപാർട്ടിയാകും. സംസ്ഥാനപാർട്ടി അംഗീകാരത്തിന് ആകെ പോൾചെയ്ത വോട്ടിന്റെ ആറുശതമാനം, 30 മണ്ഡലങ്ങളിൽ ഒരു എം.എൽ.എ. എങ്കിലും ഉണ്ടാകുക, 25 ലോക്‌സഭാ മണ്ഡലങ്ങളിൽ ഒരിടത്തെങ്കിലും അംഗമുണ്ടാകുക എന്നിവയിലേതെങ്കിലും നേടണം.
* സി.പി.എമ്മിന് നിലവിൽ മൂന്നിടത്തുമാത്രമാണ് സംസ്ഥാനപദവി -ത്രിപുര, കേരളം, തമിഴ്‌നാട്. ബംഗാളിൽ സംസ്ഥാനപാർട്ടി പദവി നിലനിർത്താനുള്ള വോട്ടുവിഹിതമോ അംഗബലമോ ഇപ്പോൾ സി.പി.എമ്മിനില്ല. 2021-ലെ തിരഞ്ഞെടുപ്പിലാണ് അത് നഷ്ടമാകുന്നത്. നിലവിൽ എം.എൽ.എ.മാരോ എം.പി.മാരോ ബംഗാളിൽ സി.പി.എമ്മിനില്ല. വോട്ടുവിഹിതം 4.71 ശതമാനം.