ഇന്ന് തീരെ വയ്യ സാറേ.. ലീവ് എടുത്തോട്ടെ..ശബ്ദത്തില്‍ പരമാവധി നിസ്സഹായത വരുത്തി ഇത്തരത്തിലൊരു നമ്പര്‍ ബോസിനു മുന്നില്‍ പയറ്റാത്തവരായി ആരുമുണ്ടാവില്ല. വിളിക്കുന്നവരുടെ ശബ്ദത്തിലെ നിസ്സഹായതയില്‍ മിക്കവാറും ബോസ് വീഴുകയും ചെയ്യും. എന്നാല്‍ ഇത്തരം ‘പറ്റിക്കല്‍’ ലീവുകള്‍ക്ക് പിടിവീഴാന്‍ പോവുകയാണ്. ലീവ് ആവശ്യപ്പെട്ട് വിളിക്കുന്നവരുടെ ശബ്ദത്തിലെ ‘അസുഖവും’ അസുഖമില്ലായ്മയും പിടികൂടാന്‍ കഴിയുന്ന എഐ ടൂള്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.
നിര്‍മിത ബുദ്ധി രാക്ഷസന്‍ രംഗത്ത് എത്തിയതോടെ ഇത് മാത്രമാണ് ചര്‍ച്ചകളില്‍. ചാറ്റ്ജിപിടി പോലുള്ള വളര്‍ന്നുവരുന്ന വിവിധ എഐ പ്ലാറ്റ്‌ഫോമുകള്‍ വിവിധ മേഖലകളിലുള്ള ആളുകളുടെ ജോലി കളയുമെന്നതടക്കം നെഗറ്റിവും പോസിറ്റിവുമായ നിരവധി വാര്‍ത്തകളാണ് പുറത്തു വരുന്നത്. അത്തരത്തില്‍ ഒരു ‘പാര’യാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്ന പുതിയ എ.ഐ ടൂള്‍.
ശബ്ദം വിലയിരുത്തി ആളുകള്‍ക്ക് പനിയുണ്ടോ എന്ന് കണ്ടെത്തുന്ന ഒരു എഐ ടൂള്‍ ഗവേഷകര്‍ കണ്ടെത്തിയതായി ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൂറത്തിലെ സര്‍ദാര്‍ വല്ലഭായ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഒരു സംഘം ഗവേഷകര്‍ ആണ് എഐ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി പനി കണ്ടെത്തുന്ന ഈ ടൂള്‍ വികസിപ്പിച്ചിരിക്കുന്നത്. ഒരു ഡോക്ടറെ സന്ദര്‍ശിക്കേണ്ട ആവശ്യമില്ലാതെ ഒരാള്‍ക്ക് ജലദോഷം ഉണ്ടോ എന്ന് തിരിച്ചറിയുക എന്നതായിരുന്നു ഗവേഷണത്തിന്റെ പ്രാഥമിക ഉദ്ദേശ്യം.
630 പേരുടെ ശബ്ദ മാതൃകകള്‍ വിശകലനം ചെയ്തുകൊണ്ടാണ് ഈ എഐ സംവിധാനം വിജയമാണ് എന്ന് ഗവേഷകര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പരിശോധനയില്‍ ശേഖരിച്ച ശബ്ദസാമ്പിളുകളുടെ ഉടമകളില്‍ 111 പേര്‍ ജലദോഷം ബാധിച്ചവരായിരുന്നു. ഇവരെ തിരിച്ചറിയാന്‍ എഐക്ക് കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. ആളുകളില്‍ ജലദോഷത്തിന്റെ സാന്നിധ്യം കണ്ടെത്തുന്നതിന് പഠനത്തില്‍ ഹാര്‍മോണിക്‌സ് (മനുഷ്യന്റെ സംസാരത്തിലെ വോക്കല്‍ റിഥം) ഉപയോഗിച്ചതായി റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. ജലദോഷം ബാധിച്ച ഒരാളുടെ ശബ്ദത്തില്‍ അതിന്റെ സൂചനകള്‍ ഉണ്ടാകും.
ശബ്ദത്തിലെ ഏറ്റക്കുറച്ചിലുകള്‍ മെഷീന്‍ ലേണിംഗ് അല്‍ഗോരിതം ഉപയോഗിച്ച് വിലയിരുത്തിയാണ് ജലദോഷം തിരിച്ചറിയുക. പരീക്ഷണത്തിന്റെ ഭാഗമായി ആളുകളോട് 1മുതല്‍ 10 വരെ എണ്ണാനും ഞായറാഴ്ച എന്തായിരുന്നു പരിപാടിയെന്ന് വിശദീകരിക്കാനുമൊക്കെ ആവശ്യപ്പെട്ടു. ആളുകള്‍ സംസാരിക്കുമ്പോള്‍ അവരുടെ ശബ്ദം വിലയിരുത്താനായിരുന്നു ഇത്. എഐ ഉപയോഗിച്ച് വിലയിരുത്തിയ ഈ ശബ്ദങ്ങളുടെ പരിശോധനയില്‍ ജലദോഷമുള്ള 70 ശതമാനം ആളുകളെ തിരിച്ചറിയാന്‍ കഴിഞ്ഞു.
ഗവേഷണം വിജയകരമായി എങ്കിലും പനികണ്ടുപിടിക്കാനുള്ള ഒരു ഉപകരണമെന്ന നിലയില്‍ ഉപയോഗിച്ച് തുടങ്ങണമെങ്കില്‍ ഈ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ സാധിക്കുന്ന ഒരു ഡിവൈസ് തയാറാക്കേണ്ടതുണ്ട്. അതായത് ഇപ്പോള്‍ എഐ ഉപയോഗിച്ച് ശബ്ദം വിശകലനം ചെയ്ത് പനിയും ജലദോഷവും തിരിച്ചറിയാന്‍ സാധിക്കും എന്ന് തെളിയിക്കാന്‍ മാത്രമാണ് ഗവേഷകര്‍ക്ക് സാധിച്ചിട്ടുള്ളത്. അതിനപ്പുറം കമ്പനികള്‍ വിചാരിക്കുന്നതുപോലെ ജീവനക്കാരുടെ കള്ളപ്പനി തിരിച്ചറിയണമെങ്കില്‍ ഇനിയും കുറച്ചുകൂടി മുന്നോട്ട് പോകേണ്ടതുണ്ട്.
എന്നാല്‍ ഗവേഷണം പൂര്‍ത്തിയായപ്പോഴേക്കും ആരോഗ്യമേഖലയിലെക്കാള്‍ വ്യവസായ സ്ഥാപനങ്ങളിലും മറ്റുമായിരിക്കും ഈ സംവിധാനം കൂടുതല്‍ ഉപയോഗിക്കപ്പെടുക എന്ന വിലയിരുത്തലാണ് വന്നുകൊണ്ടിരിക്കുന്നത്. സാഹചര്യം ചൂഷണം ചെയ്ത് പനിയുടെ പേരില്‍ അവധിയെടുക്കുന്നവരുടെ എണ്ണം കൂടിയതായും അതിനാല്‍ത്തന്നെ നുണ പറഞ്ഞ് വീട്ടിലിരിക്കുന്നവരെ കണ്ടെത്താന്‍ ഇത്തരമൊരു സംവിധാനം അനിവാര്യമാണ് എന്നുമാണ് കമ്പനികളുടെ അഭിപ്രായം. അവധിയെടുക്കാനും മറ്റുമായി ഏറ്റവുമധികം ജീവനക്കാര്‍ ഉപയോഗപ്പെടുത്തിയിരുന്നത് ജലദോഷത്തെയും പനിയെയുമൊക്കെയാണ്. കൊവിഡിന്റെയും മറ്റും വരവോടെ പനി, ജലദോഷം എന്നൊക്കെ പറഞ്ഞുതീരും മുമ്പേ അവധി പാസായിരിക്കും- കമ്പനി മേധാവികള്‍ ചൂണ്ടിക്കാട്ടുന്നു.