ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്വിറ്ററിൽ ഫോളോ ചെയ്ത് ട്വിറ്റർ മേധാവിയും കോടീശ്വരനുമായ ഇലോൺ മസ്‌ക്.195 പേരെയാണ് മസ്ക് ഫോളോ ചെയ്യുന്നത്. 134.3 ദശലക്ഷവുമായി ട്വിറ്ററിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള വ്യക്തിയാണ് മസ്‌ക്. മാർച്ച് അവസാനത്തോടെ മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയെ മറികടന്നാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്.
87.7 ദശലക്ഷം ഫോളോവേഴ്‌സുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ ഏറ്റവും കൂടുതൽ ആളുകൾ ഫോളോ ചെയ്യുന്ന നേതാക്കളിൽ ഒരാളാണ്. മസ്കിന്റെ അക്കൗണ്ട് പ്രവർത്തനം നിരീക്ഷിക്കുന്ന “ഇലോൺ അലേർട്ട്‌സ്” ആണ് മസ്‌കിന്റെ ഫോളോവർ അപ്‌ഡേറ്റിനെക്കുറിച്ചുള്ള വാർത്ത ട്വിറ്റ് ചെയ്തത്.ഇത് ട്വിറ്ററിൽ ഒരു ചർച്ചയ്ക്ക് തന്നെ തുടക്കമിട്ടിട്ടുണ്ട്. ടെസ്‌ല ഉടൻ തന്നെ ഇന്ത്യയിൽ എത്തുമെന്നതിന്റെ നല്ല സൂചനയാണെന്നാണ് ചില ഉപയോക്താക്കൾ അവകാശപ്പെടുന്നത്.
ഇന്ത്യയെ മികച്ച രാജ്യമാക്കാൻ പ്രധാനമന്ത്രി മോദി ശ്രമിക്കുന്നുണ്ടെന്നാണ് ചില ഉപയോക്താക്കൾ ഇതിനെക്കുറിച്ച് അഭിപ്രായപ്പെട്ടത്.”നന്ദി ഇലോൺ മസ്‌ക്! പ്രധാനമന്ത്രി മോദിജി നമ്മുടെ രാജ്യത്തെ മികച്ചതാക്കാൻ ശ്രമിക്കുമ്പോൾ, ഇന്നത്തെ കുട്ടികൾക്ക് മികച്ച ഭാവി ജീവിതം ഉറപ്പാക്കാൻ എലോൺ മസ്‌കും പരിശ്രമിക്കുന്നു” എന്നാണ് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്. ഗിന്നസ് വേൾഡ് റെക്കോർഡ്സ് പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച്, ട്വിറ്ററിന് പ്രതിമാസം ഏകദേശം 450 ദശലക്ഷം സജീവ ഉപയോക്താക്കളുണ്ട്.
ഇതിൽ മസ്‌കിനെ പിന്തുടരുന്നത് 30 ശതമാനം ട്വിറ്റർ ഉപയോക്താക്കളാണ്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് എലോൺ മസ്‌ക് ട്വിറ്ററിന്റെ ചുമതല ഏറ്റെടുത്തത്. അന്ന് അദ്ദേഹത്തിന് ഏകദേശം 110 ദശലക്ഷം ഫോളോവേഴ്സായിരുന്നു ഉള്ളത്. അഞ്ച് മാസത്തിനുള്ളിൽ ഇത് 133 ദശലക്ഷമായി ഉയർന്നു. ബരാക് ഒബാമയ്ക്കും ജസ്റ്റിൻ ബീബറിനും ശേഷം ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന മൂന്നാമത്തെ ട്വിറ്റർ ഉപയോക്താവാണ് അദ്ദേഹം.