റിയാദ്: ഒരിടവേളയ്ക്ക് ശേഷം കോവിഡ്19 പടരുന്ന സാഹചര്യത്തിൽ മുൻ കരുതലുമായി സഊദി ഭരണകൂടം. പ്രതിരോധ കുത്തിവയ്പ്പിന്റെ റീ ആക്ടിവേഷൻ ഡോസ് പൂർത്തിയാക്കാൻ ആരോഗ്യ മന്ത്രാലയം നിർദേശം നൽകി. മുമ്പത്തെ ഡോസ് എടുത്ത് രണ്ടു മാസമോ അതിൽ കൂടുതലോ കഴിഞ്ഞവരാണ് റീ ആക്ടിവേഷൻ ഡോസ് അതായത് രണ്ടാമത്തെ ബൂസ്റ്റർ ഡോസ് എടുക്കേണ്ടത്.
12 വയസോ അതിൽ കൂടുതലോ പ്രായത്തിലുള്ള പൗരന്മാർക്കും പ്രവാസികൾക്കും നിർദേശം ബാധകമാണ്. ബൂസ്റ്റർ ഡോസിനുള്ള അപോയിന്റ്മെന്റ് ‘മൈ ഹെൽത്ത്’ ആപ്ലിക്കേഷൻ വഴി എടുക്കണം. വാക്സീന്റെ ആദ്യ ബൂസ്റ്റർ ഡോസ് സ്വീകരിച്ചവർക്ക് രണ്ട് മാസത്തിന് ശേഷം രണ്ടാമത്തെ ബൂസ്റ്റർ ഡോസിന് ഇപ്പോൾ അപ്പോയ്ന്റ്മെന്റ് ലഭിക്കും.
രണ്ട് മാസത്തിനുള്ളിൽ മുൻ വാക്സീൻ ഡോസ് സ്വീകരിച്ചവർ, പ്രായമായവർ, ഉയർന്ന അപകടസാധ്യതയുള്ളവർ, പ്രതിരോധശേഷി കുറഞ്ഞവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, അണുബാധ അല്ലെങ്കിൽ വൈറസ് പടരാനുള്ള സാധ്യത വർധിപ്പിക്കുന്ന ജോലി സാഹചര്യങ്ങളിലെ തൊഴിലാളികൾ എന്നിവർ റീ ആക്ടിവേഷൻ ഡോസ് സ്വീകരിക്കണം.’