യു.പി.ഐ ഇടപാടുകള്‍ നടത്താന്‍ നാം പലപ്പോഴും ഉപയോഗിക്കുന്ന പേയ്‌മെന്റ് ആപ്പാണ് ഗൂഗിള്‍പേ. സേവനത്തോടൊപ്പം റിവാര്‍ഡുകളും ക്യാഷ്ബാക്കും മറ്റും തന്ന് ഗൂഗിള്‍പേ ഉപഭോക്താക്കളെ സന്തോഷിപ്പിക്കാറുമുണ്ട്. അതേസമം, ഗൂഗിള്‍ പേ ഉപയോഗിക്കുമ്പോള്‍ നമ്മുടെ ചെറിയൊരു കൈയ്യബദ്ധമോ അശ്രദ്ധയോ കാരണം ചിലപ്പോള്‍ പണം നഷ്ടപ്പെടാറുണ്ട്. പലര്‍ക്കും ഇത്തരമൊരു സാഹചര്യമുണ്ടായിട്ടുണ്ടാവാം. പലപ്പോഴും പണിമുടക്കിയ സന്ദര്‍ഭങ്ങളും ഉണ്ടാവാറുണ്ട്.
എന്നാല്‍ ഇപ്പോള്‍ റിവാര്‍ഡായിട്ടല്ലാതെ ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് ഗൂഗിള്‍പേ പണം അയച്ചിരിക്കുകയാണ്. സാങ്കേതിക തകരാര്‍ മൂലമാണ് ഇത്തരത്തില്‍ പണം എത്തിയതെന്നാണ് റിപ്പോര്‍ട്ട്. 800 രൂപ മുതല്‍ 80000 രൂപ വരെ അക്കൗണ്ടില്‍ ക്രെഡിറ്റ് ആയ ഉപഭോക്താക്കളുണ്ട്. എന്നാല്‍ പണം ലഭിച്ച സന്തോഷം അധികസമയം നീണ്ടുനിന്നില്ല. അബദ്ധം സംഭവിച്ചത് തിരിച്ചറിഞ്ഞ കമ്പനി ഉപയോക്താക്കള്‍ക്ക് ഉടന്‍ തന്നെ മെയില്‍ അയക്കുകയും ക്രെഡിറ്റ് ചെയ്യപ്പെട്ട തുക തിരിച്ചെടുക്കുകയാണെന്ന് അറിയിക്കുകയും ചെയ്തു.
അതേസമയം, ഈ പണം ഉപയോഗിച്ചു പോവുകയോ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുകയോ ചെയ്തവരുടെ പണം തിരികെ എടുക്കുന്നില്ലെന്നും അത് അവരുടെ പണമായി കണക്കാക്കുമെന്നും കൂടുതല്‍ നടപടികളൊന്നും ഉണ്ടാവില്ലെന്നും കമ്പനി മെയിലില്‍ പറഞ്ഞു.
ഇത്തരത്തില്‍ പണം ലഭിച്ച അനുഭവം മാധ്യമപ്രവര്‍ത്തകന്‍ മിഷാല്‍ റഹ്മാന്‍ ട്വീറ്റ് ചെയ്തു. ഗൂഗിള്‍ പേ ഇപ്പോള്‍ ഉപയോക്താക്കള്‍ക്ക് സൗജന്യമായി പണം നല്‍കുന്നതായി തോന്നുന്നു. തന്റെ ഗൂഗിള്‍പേ ഓപ്പണ്‍ ചെയ്തപ്പോള്‍ അതിന്റെ റിവാര്‍ഡ്‌സ് വിഭാഗത്തില്‍ തനിക്ക് 46 ഡോളര്‍ ലഭിച്ചതായി കണ്ടു, ഗൂഗിള്‍പേയ്ക്ക് അബദ്ധം സംഭവിച്ചതിനാലാകാം ഇത്തരത്തില്‍ പണം എത്തിയതെന്ന് തോന്നുന്നു എന്നും അതിനാല്‍ തന്റെ അക്കൗണ്ടില്‍ത്തന്നെ ആ പണം കിടപ്പുണ്ട് എന്നും അദ്ദേഹം ട്വീറ്റിലൂടെ അറിയിച്ചു.
ഉപയോക്താക്കള്‍ക്ക് പണം എത്തുന്നുണ്ടോ എന്ന് കമ്പനി പരീക്ഷിച്ചുറപ്പിച്ചതാകാം എന്നും അദ്ദേഹം തമാശരൂപത്തില്‍ പ്രതികരിച്ചു. നിങ്ങള്‍ക്കും പണം എത്തിയിട്ടുണ്ടോ എന്നറിയാന്‍ ഗൂഗിള്‍പേ ഓപ്പണ്‍ ചെയ്ത് റിവാര്‍ഡ് വിഭാഗം പരിശോധിക്കാനും മിഷാല്‍ നിര്‍ദേശിച്ചു.
നിരവധി റെഡ്ഡിറ്റ് ഉപയോക്താക്കളും തങ്ങള്‍ക്ക് ഗൂഗിള്‍പേയില്‍നിന്ന് പണം ലഭിച്ചതായി വെളിപ്പെടുത്തി. ഒരു റെഡ്ഡിറ്റ് യൂസര്‍ തന്റെ അക്കൗണ്ടിലേക്ക് 1072 യുഎസ് ഡോളര്‍ എത്തിയെന്നാണ് വെളിപ്പെടുത്തയത്. മറ്റൊരു യൂസര്‍ക്ക് 240 ഡോളറാണ് ഇതുവഴി ലഭിച്ചത്.