ന്യൂഡല്‍ഹി: കയറ്റുമതി ചെയ്യുന്ന മാംസങ്ങൾക്കും മാംസ ഉത്പന്നങ്ങൾക്കും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ ഉത്പാദിപ്പിക്കുകയും സംസ്കരണം നടത്തുകയും പോതിയുകയും ചെയ്താൽ മാത്രമേ ഹലാൽ മുദ്രയോടെ കയറ്റുമതി ചെയ്യാൻ സാധിക്കൂ.
ഹലാൽ നിബന്ധനകൾ ഉള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമ്പോൾ രാജ്യത്തിൻ്റെ ആവശ്യകതകൾ നിറവേറ്റേണ്ട ബാധ്യത നിർമ്മാതാവ്, വിതരണക്കാരൻ കയറ്റുമതിക്കാരൻ എന്നിവർക്കുണ്ട്. നിലവിൽ ഹലാൽ സർട്ടിഫിക്കറ്റ് നൽകുന്ന സമിതികൾക്ക് നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ സർട്ടിഫിക്കേഷൻ ബോഡിയുടെ അംഗീകാരം നേടുന്നതിന് ആറുമാസം സമയപരിധി നൽകിയിട്ടുണ്ട്.
പുറത്തിറക്കിയ വിജ്ഞാപനത്തിൽ പോത്തിറച്ചി, മത്സ്യം, ചെമ്മരിയാടുകളുടെയും കോലാടുകളുടെയും മാംസം, സോസേജുകൾ, മാംസത്തിന്റെ മറ്റു ഉൽപ്പന്നങ്ങളും ഉൾപ്പെടും. കഴിഞ്ഞ ജനുവരിയിൽ ഇന്ത്യയിൽ നിന്നുള്ള മാംസവും മാംസ ഉൽപന്നങ്ങളും കയറ്റുമതി ചെയ്യുന്നതിനുള്ള ഹലാൽ സർട്ടിഫിക്കേറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കയറ്റുമതിയും ഇറക്കുമതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) കരട് മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാരിന് സമർപ്പിച്ചിരുന്നു.