രാജ്യത്ത് കോടികൾ കാഴ്ചക്കാരായുള്ള കായിക ഇനമാണ് ക്രിക്കറ്റ്. ഓരോ വർഷവും ജനപ്രീതി കുത്തനെ ഉയരുന്ന കളി. അതുകൊണ്ട് തന്നെ കുരുന്നുകൾക്കിടയിലും ക്രിക്കറ്റ് ഏറെ ജനപ്രിയമാണ്. എന്നെങ്കിലും രാജ്യത്തെ പ്രതിനിധാനം ചെയ്യാൻ കൊതിക്കുന്ന കുട്ടികളേറെ. അതിനിടെയാണ് ഒരു ഗ്രാമത്തിലെ കുട്ടികൾ കളി ‘ലൈവായി’ കാണുന്ന വിഡിയോ സമൂഹ മാധ്യമത്തിലെത്തിയത്.
ഒരു ‘ടെലിവിഷൻ സെറ്റി’നു മുന്നിലിരിക്കുന്ന കുട്ടികൾ അവരെപോലുള്ള കുട്ടികൾ തന്നെ കളിക്കുന്ന ക്രിക്കറ്റ് കാണുന്നതാണ് വിഡിയോ. ദൂരക്കാഴ്ചയിൽ എവിടെയോ ആണ് മത്സരം നടക്കുന്നത്. എന്നാൽ, ബാറ്റർ അടിച്ച പന്ത് ടി.വിക്കുള്ളിലൂടെ കാഴ്ചക്കാരായ കുട്ടികളുടെ കൈകളിലേക്ക് പറന്നെത്തുമ്പോഴാണ് യഥാർഥ കാഴ്ചയിലേക്ക് നാം ഉണരുക.
സ്ക്രീനടക്കം പ്രധാനമായതൊന്നും ഇല്ലാത്ത പേരിനു മാത്രമുള്ള ഒരു ടെലിവിഷൻ സെറ്റിനു മുന്നിലാണ് കുട്ടികളുള്ളത്. അവർ ടി.വിയിൽ കാണുന്ന കളിയാകട്ടെ, തൊട്ടപ്പുറത്ത് കൂടെയുള്ളവർ കളിക്കുന്നതും. അതാണ്, ബാറ്റർ അടിച്ചപ്പോൾ ടി.വിക്കുള്ളിലൂടെ കാഴ്ചക്കാരുടെ കൈകളിലേക്ക് പറന്നെത്തിയത്. സമൂഹ മാധ്യമങ്ങളിൽ അതിവേഗം വൈറലായ വിഡിയോക്ക് രസകരമായ പ്രതികരണങ്ങളും കാണാം.
ബൗളറുടെ ആക്ഷൻ തെറ്റിയതുൾപ്പെടെ വലിയ ‘കോലാഹല’മുണ്ടാക്കുന്നവരുമുണ്ട്. ബൗളിങ് അല്ല, ‘മാങ്ങയേറ്’ ആണെന്നാണ് അവരുടെ വിലയിരുത്തൽ. എന്നാൽ, അപൂർവമായി ഒരുക്കിയ ഈ കാഴ്ചക്ക് കൈ കൊടുക്കണമെന്ന് പറയുന്നവരാണ് അവരുൾപ്പെടെ എല്ലാവരും.
ഐ.പി.എൽ 16ാം സീസൺ മത്സരങ്ങൾ പുരോഗമിക്കുന്നതിനാൽ രാജ്യമെങ്ങും ക്രിക്കറ്റ് ആവേശം പരകോടിയിലാണ്. അതിനിടയിലാണ് കുട്ടിക്രിക്കറ്റും തത്സമയ സംപ്രേഷണവുമായി കുരുന്നുകൾ ശ്രദ്ധ നേടിയത്.
Now this is called live stream! 😂😂 pic.twitter.com/arKAv8BFkD
— The Figen (@TheFigen_) April 6, 2023