തിരുവനന്തപുരം : എലത്തൂരിൽ ട്രെയിനിന് തീ കൊളുത്തിയ സംഭവത്തിന്റെ ഞെട്ടൽ മാറുംമുമ്പ് വീണ്ടും ട്രെയിനിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് നേരെ രണ്ടംഗസംഘത്തിന്റെ ആക്രമണം. പുനലൂർ – മധുര പാസഞ്ചറിലാണ് സംഭവം. എസ്-6 റിസർവേഷൻ കോച്ചിലെ യാത്രക്കാരായിരുന്ന പുനലൂർ ആവണീശ്വരം സ്വദേശി മോഹനൻ പിള്ളയ്ക്കും ഭാര്യയ്ക്കും മകൻ റിനുവിന്റെ ഭാര്യാമാതാവിനും നേരെയാണ് ആക്രമണമുണ്ടായത്. പുനലൂരിൽ നിന്നും പേട്ട പാൽകുളങ്ങരയിൽ താമസിക്കുന്ന റിനുവിന്റെ വീട്ടിലേക്ക് വരികയായിരുന്നു ഇവർ.
ഇന്നലെ രാത്രി 7.40 ന് ട്രെയിൻ ചിറയിൻകീഴ് റെയിൽവേസ്റ്റേഷൻ വിട്ടതുമുതലാണ് സംഭവം. 8.18ന് ട്രെയിൻ പേട്ട സ്റ്റേഷനിൽ എത്തുംവരെ യാത്രക്കാർക്ക് അക്രമം നേരിടേണ്ടിവന്നു. ട്രെയിൻ ചിറയിൻകീഴ് വിട്ടപ്പോൾ മദ്യലഹരിയിലായിരുന്ന രണ്ടുപേർ ഇവരുടെ സമീപത്തേക്ക് എത്തുകയായിരുന്നു. ആദ്യം പരസ്പരം വഴക്കുകൂടുന്നതായി ഭാവിച്ച അക്രമികൾ പെട്ടെന്ന് സ്ത്രീകളുടെ കൈവശമുണ്ടായിരുന്ന ബാഗ് തട്ടിയെടുക്കാൻ ശ്രമിച്ചു. മോഹനൻപിള്ള ഇത് തടഞ്ഞു. തുടർന്ന് അക്രമികൾ മോഹനൻപിള്ളയേയും സ്ത്രീകളേയും അസഭ്യംപറയുകയും കൈയേറ്റത്തിന് ശ്രമിക്കുകയുമായിരുന്നു.
ഇതേ കോച്ചിൽ യാത്രചെയ്ത തമിഴ്നാട് സ്വദേശിയും കുടുംബവും ഇടപെട്ട് അക്രമികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവരെയും ഇവർ ഭീഷണിപ്പെടുത്തി ട്രെയിൻ പേട്ട സ്റ്റേഷനിൽ എത്തിയപ്പോൾ മോഹനൻപിള്ള അവസാന കോച്ചിൽ നിന്ന് ആർ.പി.എഫുകാരെ കൂട്ടിക്കൊണ്ടുവന്നെങ്കിലും അപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു.സംഭവത്തിൽ ആർക്കും കാര്യമായ പരിക്കില്ല. സഹായത്തിനായി റെയിൽഅലർട്ടിലും ആർ.പി.എഫ് കൺട്രോളിലും യാത്രക്കാർ ബന്ധപ്പെട്ടെങ്കിലും യഥാസമയം എത്തിയില്ലെന്ന് ആരോപണമുണ്ട്.