കാസർകോട് : ദേശീയപാത 66 വികസനത്തിൽ ചെങ്കള – നീലേശ്വരം റീച്ചിൽ പ്രവൃത്തി കുതിക്കുന്നു. 30 ശതമാനം പ്രവൃത്തി പൂർത്തിയായി. ആറുവരിപാതയുടെയും സർവീസ് റോഡിന്റെയും നിർമാണം വേഗത്തിലാണ്. ആറുവരിപ്പാത ഇരുഭാഗത്തുമായി 12 കിലോമീറ്റർ കഴിഞ്ഞു. സർവീസ് റോഡ് 25 കിലോമീറ്റർ നിർമാണം കഴിഞ്ഞു. 11 കിലോമീറ്റർ ഓവുചാൽ നിർമിച്ചു.
കാഞ്ഞങ്ങാട്, മാവുങ്കാൽ മേൽപ്പാലത്തിന്റെ 20ഗർഡറുകൾ സ്ഥാപിച്ചു. ആകെ 40 എണ്ണമാണുള്ളത്. തെക്കിൽ പാലത്തിന്റെ ഏഴുതൂണുകളിൽ ആറിന്റെ ക്യാപുകൾ പൂർത്തിയായി. പുല്ലൂർ ഒന്നാംപാലത്തിന്റെ എട്ട് തൂണുളിൽ അഞ്ചെണ്ണം പൂർത്തിയായി. രണ്ടിന്റെ പൈൽക്യാപുകളായി. പുല്ലൂർ രണ്ടാംപാലത്തിന്റെ എട്ടുതൂണും പൂർത്തിയായി. ആറ് അടിപ്പാതകളിൽ ബട്ടത്തൂർ, ചെമ്മട്ടംവയൽ പുർത്തിയായി. പെരിയ, പെരിയാട്ടടുക്കം ഒരുഭാഗവും പൂർത്തിയായി. പെറുവാഹനങ്ങൾക്കുള്ള ആറ് അടിപ്പാതകളിൽ നീലേശ്വരം തോട്ടം ജങ്‌ഷനിൽ പൂർണമായും കേന്ദ്ര സർവകലാശാലക്കടുത്ത് ഒരുഭാഗവും കഴിഞ്ഞു.
ഉയരംകൂട്ടി നീലേശ്വരം പാലം
ഉൾനാടൻ ജലഗതാഗത അതോറിറ്റിറ്റിയുടെ നിർദേശപ്രകാരം നീലേശ്വരം പാലത്തിന്റെ ഉയരം കൂട്ടി ഡിസൈൻ പരിഷ്‌കരിച്ചു. ഇതിനായി 16 പൈലിങ് അധികം നടത്തും. ഏഴെണ്ണം കഴിഞ്ഞു. ഇതോടെ 54 ൽ 44 പൈലിങ് കഴിഞ്ഞു. പടന്നക്കാട് മൂന്നുവരി റെയിൽവേ മേൽപാലത്തിന്റെ ഡിസൈൻ പരിഷ്‌കരിച്ച് പ്രവൃത്തി പുനരാരംഭിക്കും. ഇരുവശത്തുമായി 14 തൂൺ പൂർത്തിയായി. നിലവിലുള്ള രണ്ടുവരിമേൽപാലം നിലനിർത്തി മൂന്നുവരി മേൽപാലമാണ് നിർമിക്കുക.
മറികടക്കും ചെർക്കള – ചട്ടഞ്ചാൽ മല
റീച്ചിലെ അതിദുർഘടമായ ചെർക്കള – ബേവിഞ്ച – തെക്കിൽ -ചട്ടഞ്ചാൽ പാതയിൽ പ്രവൃത്തി വേഗത്തിലായി. ചെർക്കള, ബേവിഞ്ച, തെക്കിൽ, ചട്ടഞ്ചാൽ വഴിയുള്ള കുന്നുകളും ചെങ്കുത്തായ കുഴികളും കയറ്റവും ഇറക്കവും വളവുമുള്ളതാണ് പ്രദേശം. സർവീസ് റോഡിന് സ്ഥലം കണ്ടത്താൻ പ്രയാസപ്പെടുന്നു. സർവീസ് റോഡിനായി നാട്ടുകാർ പ്രതിഷേധം തുടങ്ങിയിട്ടുണ്ട്. ചെർക്കള മേൽപാലത്തിന്റെ നാല് തണുകൾക്കായി 23 പൈലിങ് കഴിഞ്ഞു. ബേവിഞ്ചയിൽനിന്ന് തെക്കിലിലേക്കുള്ള 240 മീറ്റർ നീളത്തിലുള്ള വയഡക്ടിന്റെ 34 തൂണുകളിൽ 19 പൂർത്തിയായി. ബാക്കിയുള്ളവയുടെ അടിത്തറയായി. ഒരുതൂണിന്റെ ക്യാപ് പൂർത്തിയായപ്പോൾ രണ്ടെണ്ണത്തിന്റെ പ്രവൃത്തി പുരോഗമിക്കുന്നു. തെക്കിൽ കഴിഞ്ഞ് ചട്ടഞ്ചാൽ എത്തുന്നതിനുമുമ്പ് കുന്നുകളെ ബന്ധിപ്പിച്ച് കൂടുതൽ നീളമില്ലാത്ത പുതിയ വയഡക്ടിന്റെ ഡിസൈൻ തയ്യാറാകുന്നു.