ജറുസലേമിലെ അൽ-അഖ്‌സ പള്ളിയിൽ ബുധനാഴ്ച പുലർച്ചെ റംസാൻ പ്രാർത്ഥനയ്ക്കിടെയുണ്ടായ ഇസ്രയേൽ പോലീസിന്റെ ആക്രമണത്തിൽ വൻ പ്രതിഷേധം. പോലീസ് നടത്തിയ റെയ്ഡിന് പിന്നാലെയുണ്ടായ സംഭവത്തില്‍ നിരവധി പലസ്തീനികൾ ആക്രമണത്തിനിരയാകുകയും അറസ്റ്റ് ചെയ്യപ്പെടുകയുമായിരുന്നു. അധിനിവേശ കിഴക്കൻ ജറുസലേമിലും വെസ്റ്റ് ബാങ്കിലും മാസങ്ങളായി നിലനിൽക്കുന്ന സംഘർഷാവസ്ഥയുടെ ബാക്കിയായിരുന്നു അൽ അഖ്‌സ പള്ളിയിലെ ആക്രമണം.
എന്താണ് അൽ അഖ്‌സ പള്ളിയുടെ ചരിത്രം?
ജൂതന്മാർക്ക് ഹർ-ബൈത്ത് അല്ലെങ്കിൽ ടെമ്പിൾ മൗണ്ട് എന്നും മുസ്ലീങ്ങൾക്ക് അൽ ഹറം അൽ-ഷെരീഫ് അല്ലെങ്കിൽ നോബിൾ സാങ്ച്വറി എന്നും അറിയപ്പെടുന്ന അൽ-അഖ്സ പള്ളി ജറുസലേമിലെ ഒരു പഴയ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള കുന്നിൻ മുകളിലാണ് സ്ഥിതിചെയ്യുന്നത്. മക്കയും മദീനയും കഴിഞ്ഞാൽ ഇസ്ലാമിലെ മൂന്നാമത്തെ വിശുദ്ധ സ്ഥലമായാണ് മുസ്ലീങ്ങൾ ഈ സ്ഥലത്തെ കണക്കാക്കുന്നത്.
ജൂതരും മുസ്ലീങ്ങളും ഒരു പോലെ പുണ്യഭൂമിയായി കരുതുന്നിടത്താണ് അൽ അഖ്സ പള്ളി സ്ഥിതിചെയ്യുന്നത്. ഡോം ഓഫ് ദി റോക്ക്, അൽ-അഖ്സ പള്ളി അഥവാ ഖിബ്ലി മസ്ജിദ് എന്നീ രണ്ട് പുണ്യസ്ഥലങ്ങളും കൂടി ചേർന്നതാണ് അൽ-അഖ്സ. ജൂതരുടെ പ്രാർഥനാ കേന്ദ്രമായ പടിഞ്ഞാറൻ മതിലിനെ അഭിമുഖീകരിക്കുന്ന രീതിയിലാണ് ഈ കോമ്പൗണ്ട് സ്ഥിതി ചെയ്യുന്നത്. ജൂതരുടെ ഏറ്റവും പവിത്രമായ കേന്ദ്രം കൂടിയാണ് ടെമ്പിൾ മൗണ്ട്. സോളമൻ രാജാവ് 3,000 വർഷങ്ങൾക്ക് മുൻപ് അവിടെ ആദ്യത്തെ ക്ഷേത്രം നിർമിച്ചതായി ജൂതന്മാർ വിശ്വസിക്കുന്നു. എന്നാൽ എ ഡി 70-ൽ റോമാക്കാർ രണ്ടാമത്തെ ക്ഷേത്രം തകർത്തു.
പിന്നീട് 1967-ലെ പശ്ചിമേഷ്യൻ യുദ്ധത്തിൽ ഇസ്രായേൽ ഈ പ്രദേശം പിടിച്ചെടുക്കുകയും കിഴക്കൻ ജറുസലേമിന്റെ ബാക്കി ഭാഗങ്ങളും വെസ്റ്റ് ബാങ്കിന്റെ സമീപ പ്രദേശങ്ങളുമായി കൂട്ടിച്ചേർക്കുകയും ചെയ്തു. മുസ്ലീം, ക്രിസ്ത്യൻ പ്രദേശങ്ങളുടെ ഭരണാധികാരമുള്ള ജോർദാനാണ് ഈ സ്ഥലത്തിന്റെ മേൽനോട്ടം വഹിക്കുന്ന വഖഫ് സ്ഥാപനത്തിലെ അംഗങ്ങളെ നിയമിക്കുന്നത്.
ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിൽ അൽ അഖ്‌സ പള്ളിയുടെ പ്രാധാന്യം എന്താണ്?
പരമാധികാരത്തിന്റെയും മതത്തിന്റെയും പേരിൽ ഭീകരമായ അക്രമങ്ങൾ നടക്കുന്ന കേന്ദ്രമാണ് ജറുസലേമിലെ അൽ അഖ്സ വളപ്പ്. മുസ്ലീങ്ങൾ അല്ലാത്തവർക്കും ഈ പ്രദേശം സന്ദർശിക്കാൻ കഴിയും. എന്നാൽ, മുസ്ലീങ്ങൾക്ക് മാത്രമേ പള്ളി വളപ്പിൽ ആരാധന നടത്താൻ അനുവാദമുള്ളൂ. കുറച്ച് നാളുകളായി നിയമങ്ങൾ ലംഘിച്ച് കൊണ്ട് ജൂതന്മാർ ഈ പ്രദേശത്ത് സന്ദർശനം നടത്തുന്നതും പരസ്യമായി പ്രാർഥിക്കുന്നത് തുടരുന്നതും ഒപ്പം മുസ്ലീം വിശ്വാസികൾക്ക് ഇവിടേയ്ക്കുള്ള പ്രവേശനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും കടുത്ത പ്രതിഷേധങ്ങൾക്കും അക്രമങ്ങൾക്കും കാരണമായി. ഇതേത്തുർന്നുണ്ടായ ഏറ്റുമുട്ടലുകൾ 2021 ൽ ഗാസയും ഇസ്രയേലും തമ്മിൽ 11 ദിവസത്തെ യുദ്ധത്തിന് കാരണമായി.