റിയാദ്: രാമനവമി ആഘോഷത്തിനിടെ മുസ്ലിം വിഭാഗങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ. ആക്രമണം നടത്തിയവർക്കെതിരെ ഇന്ത്യ നടപടി സ്വീകരിക്കണം. ഇസ്ലാമോഫോബിയ ഇന്ത്യയിൽ വർധിക്കുന്നതിന് തെളിവാണ് ആക്രമണമെന്നും ഒ ഐ സി ചൂണ്ടിക്കാട്ടി.
സൗദി അറേബ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന 54 മുതൽ 57ഓളം ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഒഐസി. ആഘോഷങ്ങളുടെ മറപിടിച്ച് ഹൈന്ദവ തീവ്രവാദികൾ നടത്തിയ മുസ്ലിം വിരുദ്ധ ആക്രമണ പ്രവർത്തനങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് ഒഐസി പ്രസ്താവനയിൽ പറയുന്നു. ആരാധനാലയങ്ങൾ തകർക്കപ്പെട്ടതും അതീവ ഗൗരവത്തോടെ തന്നെ കാണണം. അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഒഐസി ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇസ്ലാമോഫോബിയ ഇന്ത്യയിൽ വർധിച്ച് വരുന്നതിന്റെ തെളിവാണ് തുടരെയുണ്ടാകുന്ന ഇത്തരം ആക്രമണങ്ങളെന്നും ഒഐസി പ്രസ്താവനയിൽ പറയുന്നുണ്ട്. നേരത്തെ ഇന്ത്യയിൽ നടക്കുന്ന ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾക്കെതിരെ ഒഐസി പ്രസ്താവന ഇറക്കിയിരുന്നു. അതിനാൽ, വിഷയത്തിൽ ശക്തമായ നടപടി ഉണ്ടാകണമെന്നാണ് നിലവിലെ പ്രസ്താവനയിലെ ഒഐസി ആവർത്തിക്കുന്നത്.
രാമനവമി ആഘോഷത്തിന് പിന്നാലെ ബിഹാര്‍ നളന്ദ ജില്ലയിലെ ബിഹാർ ഷെരീഫിലാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. ആയിരത്തോളം വരുന്ന ആള്‍ക്കൂട്ടം ബിഹാർ ഷെരീഫിലെ മുരാർപൂർ പ്രദേശത്തെ മദ്രസ തകർക്കുകയും ലൈബ്രറിക്ക് തീയിടുകയും ചെയ്തതായി മസ്ജിദിന്റെ ഇമാമും കാര്യസ്ഥനുമായ മുഹമ്മദ് സിയാബുദ്ദീൻ പറഞ്ഞു.4,500-ലധികം പുസ്തകങ്ങളുടെ ശേഖരമുള്ള 110 വർഷം പഴക്കമുള്ള ലൈബ്രറി ആക്രമണത്തിൽ ചാരമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മസ്ജിദിന്റെ മിനാരം (ടവർ) തകർന്നതിനാൽ ജില്ലാ ഭരണകൂടം അറ്റകുറ്റപ്പണികൾ നടത്തിവരികയാണ്. “ഹോട്ടൽ സിറ്റി പാലസിന് സമീപമുള്ള ഗഗൻ ദിവാൻ പ്രദേശത്ത് അക്രമം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഞങ്ങൾ വെള്ളിയാഴ്ച പ്രാർത്ഥന പൂർത്തിയാക്കിയിരുന്നു.തുടർന്ന് ഒരു സംഘം മദ്രസയിൽ കയറി കല്ലെറിയാൻ തുടങ്ങി.മസ്ജിദിലുള്ള ഒരാളോട് ജയ് ശ്രീം വിളിക്കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. അവർ പള്ളിയിലേക്കും ലൈബ്രറിയിലേക്കും പെട്രോൾ ബോംബുകൾ എറിയുകയും പരിസരത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു” സിയാബുദ്ദീൻ വിശദീകരിച്ചു.
ഉച്ചക്ക് ശേഷമാണ് ആക്രമണം നടന്നതെന്നും രാത്രി 11 മണിയായിട്ടും പൊലീസ് സ്ഥലത്തെത്തിയില്ലെന്നും സിയാബുദ്ദീൻ ആരോപിച്ചു. ” പുക നിറഞ്ഞ മുറിയിൽ രണ്ട് കുട്ടികൾ കുടുങ്ങി. ഞാൻ കൃത്യസമയത്ത് അവിടെ എത്തിയില്ലായിരുന്നെങ്കില്‍, ഞങ്ങൾക്ക് അവരെ നഷ്ടപ്പെടുമായിരുന്നു” സിയാബുദ്ദീന്‍ പറയുന്നു. ലൈബ്രറിയിലും 22 ക്ലാസ് മുറികളുടെ പുറത്തും പെട്രോള്‍ ബോംബുകള്‍ കണ്ടെത്തിയതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.