ചെന്നൈ: ഐപിഎല്ലില്‍ ഇന്നലെ നടന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ്-ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് മത്സരത്തില്‍ ചെന്നൈ പേസര്‍മാര്‍ നിരവധി വൈഡുകളും നോ ബോളുകളും എറിഞ്ഞതിനെ ക്യാപ്റ്റന്‍ എം എസ് ധോണി തന്നെ മത്സരശേഷം പരസ്യമായി വിമര്‍ശിച്ചതിന് പിന്നാലെ വൈഡ് എറിയുന്നത് നിയന്ത്രിക്കാന്‍ പുതിയ നിര്‍ദേശവുമായി ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്കര്‍. ഉയര്‍ന്ന സ്കോര്‍ പിറന്ന ചെന്നൈ-ലഖ്നൗ പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സടിച്ചപ്പോള്‍ ലഖ്നൗ ബൗളര്‍മാര്‍ ഏഴ് വൈഡും ഒരു നോബോളും അടക്കം 16 എക്സ്ട്രാസ് വഴങ്ങി.
മറുപടി ബാറ്റിംഗില്‍ ലഖ്നൗ 20 ഓഴറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സടിച്ചപ്പോള്‍ ചെന്നൈ വഴങ്ങിയത് 18 എക്സ്ട്രാ റണ്ണുകള്‍. ഇതില്‍ 13 വൈഡും മൂന്ന് നോബോളുകളുമുണ്ടായിരുന്നു. പേസര്‍ ദീപക് ചാഹര്‍ അഞ്ച് വൈഡ് എറിഞ്ഞപ്പോള്‍ തുഷാര്‍ ദേശ്‌പാണ്ഡെ നാല് വൈഡും മൂന്ന് നോ ബോളും എറിഞ്ഞിരുന്നു. ചെന്നൈ ബൗളര്‍മാര്‍ തുടര്‍ച്ചയായി വൈഡുകളെറിഞ്ഞപ്പോഴാണ് കമന്‍ററി ബോക്സിലുണ്ടായിരുന്ന സുനില്‍ ഗവാസ്കര്‍ വിചിത്ര നിര്‍ദേശവുമായി രംഗത്തുവന്നത്. തുടര്‍ച്ചയായി രണ്ട് വൈഡുകള്‍ എറിഞ്ഞാല്‍ ബാറ്റിംഗ് ടീമിന് ഫ്രീ ഹിറ്റ് നല്‍കണമെന്ന് ഗവാസ്കര്‍ പറഞ്ഞു.
എന്നാല്‍ സമയം കമന്‍ററി ബോക്സില്‍ ഗവാസ്കര്‍ക്ക് ഒപ്പം ഉണ്ടായിരുന്നത് മുന്‍ പേസര്‍മാരായ സൈമണ്‍ ഡൂളും ഇയാന്‍ ബിഷപ്പുമായിരുന്നു. ഗവാസ്കറുടെ നിര്‍ദേശം വിഡ്ഢിത്തരമാണെന്നും ബൗളര്‍മാരെ അടുത്തിരുത്തി എങ്ങനെ ഗവാസ്കര്‍ക്ക് ഇത് പറയാന്‍ തോന്നിയെന്നും ഇരുവരും ചോദിച്ചു. മത്സരശേഷം നടന്ന സമ്മാനദാന ചടങ്ങില്‍ ബൗളര്‍മാര്‍ അച്ചടക്കത്തോടെ പന്തെറിയേണ്ട ആവശ്യകത തുറന്നു പറഞ്ഞ ചെന്നൈ നായകന്‍ ധോണി ഇനിയും ഇതാവര്‍ത്തിച്ചാല്‍ തനിക്ക് പകരം പുതിയ ക്യാപ്റ്റന് കീഴില്‍ ചെന്നൈ കളിക്കേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.