‘കരുണാകരന്റെ മകനെ സംഘിയാക്കാൻ ആരും മെനക്കെടേണ്ട’, ബിജെപിയിലേക്ക് പോകുന്നെന്ന പ്രചാരണത്തിനെതിരെ കെ മുരളീധരൻ

0
192

ബിജെപിയിലേക്ക് പോകുന്നുവെന്ന പ്രചാരണങ്ങൾക്കെതിരെ കോൺഗ്രസ് നേതാവ് കെ മുരളീധരൻ എം പി. നട്ടാൽ കുരുക്കാത്ത പിതൃശൂന്യമായ നുണകളാണ് ചിലർ തനിക്കെതിരെ പ്രചരിപ്പിക്കുന്നത്. രാഹുൽ ഗാന്ധിയോടൊപ്പം 495 കിലോമീറ്റർ കേരളം മുഴുവൻ കാൽനടയായി സഞ്ചരിച്ചത് അദ്ദേഹത്തിന്റെ നേതൃത്വത്തോടുള്ള അചഞ്ചലമായ വിശ്വാസം കൊണ്ടാണ് അല്ലാതെ ബിജെപിയിൽ ചേരാനല്ലെന്നും മുരളീധരൻ വ്യക്തമാക്കി.

കെ കരുണാകരന്റെ മകനെ സംഘിയാക്കാൻ ആരും മെനക്കെടേണ്ട എന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ മുരളീധരൻ പറഞ്ഞു. ത്രിപുരയിലെ സാഹചര്യം ചൂണ്ടിക്കാട്ടിയപ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് താൻ പറഞ്ഞതെന്നും അതിന്റെ പേരിൽ വേട്ടയാടാൻ നോക്കേണ്ടെന്നും കുറിപ്പിലുണ്ട്.

സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതു പോലെ ബിജെപിയിൽ ചേർന്ന്, ലഭിക്കുന്ന കേന്ദ്ര മന്ത്രിസ്ഥാനത്തെക്കാൾ അഭിമാനം സാധാരണ കോൺഗ്രസ് പ്രവർത്തകൻ ആകുന്നതാണ്. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇത്തരം പ്രചാരവേലകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്നും മുരളീധൻ കുറിച്ചു.

വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട് കോൺഗ്രസ് കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയിൽ കെ മുരളീധരനെ സംസാരിക്കാൻ അനുവദിക്കാതിരുന്നത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പിന്നാലെ നടപടിയെ വിമർശിച്ച് മുരളീധരൻ രംഗത്തെത്തിയിരുന്നു. പാർട്ടിയിൽ കൂട്ടായ ചർച്ചകൾ നടക്കുന്നില്ലെന്നും പാര്‍ട്ടി പുനഃസംഘടന നടക്കുമ്പോള്‍ കൂടിയാലോചന നടന്നില്ലെന്നുമായിരുന്നു ആരോപണം. കെ മുരളീധരനെ സംസാരിക്കാൻ അനുവദിക്കാതിരുന്ന നടപടിയെ വിമർശിച്ച് ശശി തരൂരും എം കെ രാഘവനും രംഗത്ത് വന്നിരുന്നു. മുരളീധരന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് തെറ്റുപറ്റിയെന്നും അദ്ദേഹത്തെപ്പോലുള്ളൊരു നേതാവിനെ അപമാനിക്കുന്നത് ശരിയല്ലെന്നുമായിരുന്നു തരൂരിന്റെ പ്രതികരണം. മുരളീധരനെ ന്യായമായും സംസാരിക്കാന്‍ വിളിക്കേണ്ടതായിരുന്നുവെന്നും മുതിര്‍ന്ന നേതാക്കളെ ഉള്‍ക്കൊണ്ടുപോകാനുള്ള ഒരു നേതൃത്വമാണ് ആവശ്യമെന്ന് എംകെ രാഘവനും പ്രതികരിച്ചിരുന്നു.

കെ മുരളീധരൻ പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം

നട്ടാൽ കുരുക്കാത്ത പിതൃശൂന്യമായ നുണകളാണ് ചിലർ എനിക്കെതിരെ പ്രചരിപ്പിക്കുന്നത്. കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇത്തരം പ്രചാരവേലകൾക്ക് ചുക്കാൻ പിടിക്കുന്നത്.

രാഹുൽ ഗാന്ധിയോടൊപ്പം 495 കിലോമീറ്റർ കേരളം മുഴുവൻ ഞാൻ കാൽനടയായി സഞ്ചരിച്ചത് ബി.ജെ.പിയിൽ ചേരാനല്ല. അദ്ദേഹത്തിന്റെ നേതൃത്വത്തോടുള്ള അചഞ്ചലമായ വിശ്വാസം കൊണ്ടാണ്. ഏതൊരു പ്രതികൂല സാഹചര്യത്തിലും കോൺഗ്രസ് പ്രസ്ഥാനത്തിൽ അടിയുറച്ചു നിൽക്കും.എത്ര അപമാനിക്കാൻ ശ്രമിച്ചാലും കോൺഗ്രസിന്റെ സാധാരണ പ്രവർത്തകനായി തുടരും.ത്രിപുരയിലെ സാഹചര്യം ചൂണ്ടിക്കാട്ടിയപ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് ഞാൻ പറഞ്ഞത്.അതിന്റെ പേരിൽ വേട്ടയാടാൻ നോക്കണ്ട.

സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതു പോലെ ബിജെപിയിൽ ചേർന്നു ലഭിക്കുന്ന കേന്ദ്ര മന്ത്രിസ്ഥാനത്തെക്കാൾ എനിക്ക് അഭിമാനം സാധാരണ കോൺഗ്രസ്സ് പ്രവർത്തകൻ ആകുന്നതാണ് .അതു കൊണ്ട് കെ. കരുണാകരന്റെ മകനെ സംഘിയാക്കാൻ ആരും മെനക്കെടണ്ട.മതേതര നിലപാടുകൾ എന്നും ഹൃദയത്തോടെ ചേർത്തു പിടിച്ചിട്ടുണ്ട്.

അത് കേരളത്തിലെ ജനങ്ങൾക്കറിയാം.

LEAVE A REPLY

Please enter your comment!
Please enter your name here