തെരഞ്ഞെടുപ്പ് റാലിക്കിടെ ജനങ്ങൾക്ക് നേരെ കറൻസി നോട്ടുകൾ എറിഞ്ഞു; വെട്ടിലായി ഡി കെ ശിവകുമാർ

0
198

ബം​ഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ജനങ്ങൾക്ക് നേരെ കറൻസി നോട്ടുകൾ എറിഞ്ഞ സംഭവത്തിൽ കോൺ​ഗ്രസ് കർണാടക അധ്യക്ഷൻ ഡി കെ ശിവകുമാറിനെതിരെ കേസ്. മാർച്ച് 29ന് മാണ്ഡ്യയിലാണ് സംഭവം നടന്നത്. ശിവകുമാറിനെതിരെ തെര‍ഞ്ഞെടുപ്പ് കമ്മീഷൻ പരാതി രജിസ്റ്റർ ചെയ്തിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് മാണ്ഡ്യ പൊലീസ് സ്റ്റേഷൻ കോടതി നിർദ്ദേശപ്രകാരം ശിവകുമാറിനെതിരെ കേസ് എടുത്തത്.

ബെവിനാഹള്ളിയിൽ പ്രചാരണ റാലിക്കിടെ, ബസിന് മുകളിൽ കയറി നിന്ന് ജനക്കൂട്ടത്തിലേക്ക് നോട്ടുകൾ വീശി‌യെറിയുന്ന ശിവകുമാറിന്റെ ദൃശ്യങ്ങൾ  വൈറലാ‌യിരുന്നു. പ്രജ ധ്വനി യാത്രക്കി‌‌ടെയായിരുന്നു സംഭവം. എന്നാൽ, താൻ ജനങ്ങൾക്കു നേരെയല്ല നോട്ടുകൾ എറിഞ്ഞതെന്നാണ് ശിവകുമാറിന്റെ വാദം. റാലിയിൽ പങ്കെടുത്ത ജനങ്ങൾ ദൈവങ്ങളുടെ വി​ഗ്രഹം തലയിൽ ചുമന്നിരുന്നു. ഇതിന് നേരെ‌യാണ് താൻ പണം സമർപ്പിച്ചത് എന്നാണ് ശിവകുമാർ പറ‌യുന്നത്. അതേസമയം. റാലിയിൽ പങ്കെടുത്ത കലാകാരന്മാർക്ക് പണം നൽകുക മാത്രമാണ് ശിവകുമാർ ചെയ്തതെന്നാണ് കോൺ​ഗ്രസ് പ്രവർത്തകരുടെ വാദം.

കോൺ​ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി‌യായി ഒരുവിഭാ​ഗം വിലയിരുത്തപ്പെടുന്ന നേതാവാണ് ഡി കെ ശിവകുമാർ. കനക്പുര നിയോജക മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം ഇക്കുറി ജനവിധി തേടുന്നത്.  മെയ് 10നാണ് കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പ്. മെയ് 13ന് ഫലം പ്രഖ്യാപിക്കും. മുഖ്യമന്ത്രി സ്ഥാനത്തിന്റെ പേരിൽ ശിവകുമാറും സിദ്ധരാമയ്യയും തമ്മിൽ പോര് രൂക്ഷമാണെന്ന് അഭ്യൂഹങ്ങളുണ്ട്. ഇരുവരെയും ഒരേപോലെ മുൻനിരയിൽ നിർത്തി‌യാണ് കോൺ​ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കോൺ​ഗ്രസ് അധികാരത്തിൽ എത്തുമ്പോൾ മുഖ്യമന്ത്രി ആരാ‌യിരിക്കും എന്നത് ജനാധിപത്യപരമായി തീരുമാനിക്കും എന്നാണ് സിദ്ധരാമയ്യ പറയുന്നത്. ഇക്കാര്യത്തിൽ ഹൈക്കമാൻഡ് ഇട‌പെടൽ ഉണ്ടാവില്ലെന്നും സിദ്ധരാമയ്യ കഴി‍ഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here