ന്യൂദല്‍ഹി: രാമനവമി ശോഭായാത്രക്കിടെ രാജ്യത്തുണ്ടായ അക്രമ സംഭവങ്ങളില്‍ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി കോണ്‍ഗ്രസ്-ശിവസേന നേതാക്കള്‍ രംഗത്ത്. രാമനവമിയുടെ മറവില്‍ ബി.ജെ.പി സ്‌പോണ്‍സര്‍ ചെയ്ത കലാപമാണ് ബംഗാളിലും ബീഹാറിലും അരങ്ങേറിയതെന്ന് മഹാരാഷ്ട്രയിലെ ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.
എവിടെയൊക്കെ തെരഞ്ഞെടുപ്പ് നടക്കാനുണ്ടോ, അവിടെയൊക്കെ കലാപങ്ങള്‍ക്ക് ശ്രമിക്കുന്നതാണ് ബി.ജെ.പിയുടെ തന്ത്രമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബംഗാളില്‍ നടന്ന അക്രമ സംഭവങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കിയ ആസൂത്രണത്തിന്റെ ഭാഗമാണ്. ബി.ജെ.പിയാണത് സ്‌പോണ്‍സര്‍ ചെയ്തത്. എവിടെയെങ്കിലും തെരഞ്ഞെടുപ്പ് നടക്കാനുണ്ടെങ്കിലോ, അല്ലെങ്കില്‍ ഏതെങ്കിലും സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് സ്വാധീനം നഷ്ടപ്പെടുന്നതായി തോന്നിയാലോ അവിടെ കലാപമുണ്ടാക്കല്‍ ബി.ജെ.പിയുടെ തന്ത്രമാണ്, സഞ്ജയ് റാവത്ത് പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
Also Read:‘സൂക്ഷിച്ച് ഉപയോഗിക്കുക, ഐഫോൺ ജീവനെടുക്കും’; മുന്നറിയിപ്പുമായി ആപ്പിൾ
സമാന പ്രതികരണവുമായി കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രംഗത്തെത്തിയിട്ടുണ്ട്.ബി.ജെ.പിക്ക് തങ്ങളുടെ ആധിപത്യം നഷ്ടപ്പെടുന്നതായി തോന്നിയാല്‍ അവിടെ ഒരു കലാപമുണ്ടാക്കുകയും വര്‍ഗീയ ധ്രുവീകരണം നടത്തുകയും ചെയ്യും, ഖാര്‍ഗെ മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ ബംഗാളിലെ രാമനവമി കലാപത്തില്‍ ബി.ജെ.പിയുടെ പങ്കിനെ ചോദ്യം ചെയ്ത് മുഖ്യമന്ത്രി മമത ബാനര്‍ജിയും രംഗത്തെത്തിയിരുന്നു. ശോഭായാത്രക്കിടെ മനപൂര്‍വം കലാപമുണ്ടാക്കാനായി സംസ്ഥാനത്തിന് പുറത്ത് നിന്ന് ബി.ജെ.പി ഗുണ്ടകളെ ഇറക്കിയെന്നാണ് മമത പറഞ്ഞത്.
നിരോധനാഞ്ജ ലംഘിച്ച് തെരുവിലിറങ്ങിയ ജനം പള്ളികള്‍ക്ക് നേരെ കല്ലെറിയുകയും വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. സംഭവ സ്ഥലത്തെത്തിയ പൊലീസിനെതിരെയും ആക്രമണമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ ബി.ജെ.പി പങ്ക് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തിയത്.
രാമനവമിയുടെ പേരില്‍ സംസ്ഥാനത്ത് അസ്ഥിരതയുണ്ടാക്കാനുള്ള ശ്രമങ്ങളാണ് ബി.ജെ.പി നടത്തിയതെന്ന് തൃണമൂല്‍ വക്താവ് കുനാല്‍ ഘോഷ് പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ കലാപത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മൗനം പാലിക്കുകയാണെന്നും മമത ഹിന്ദു വിരോധിയാണെന്നുമുള്ള ആരോപണമാണ് ബി.ജെ.പി ഉന്നയിച്ചത്. രാജ്യത്ത് രാമഭക്തന്മാര്‍ കൊല്ലപ്പെടുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് ബംഗാളിലെ ബി.ജെ.പി അധ്യക്ഷന്‍ സുഗന്ദ മജുംദാര്‍ അമിത് ഷാക്ക് കത്തയച്ചിട്ടുണ്ട്. ബംഗാളിലെ അക്രമങ്ങള്‍ അവസാനിച്ചിട്ടില്ലെന്നും സംസ്ഥാനത്തെ ക്രമസമാധാന നില അപകടകത്തിലാണെന്നും പറഞ്ഞാണ് കത്തയച്ചിരിക്കുന്നത്.
അതേസമയം ബീഹാറിലുണ്ടായ കലാപത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും പത്തിലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്നാണ് കലാപത്തില്‍ ബി.ജെ.പിയുടെ പങ്ക് ആരോപിച്ച് കൊണ്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയത്.