ബെംഗളൂരു: അഴിമതിക്കേസിൽ കർണാടക ബിജെപി എംഎൽഎയും മകനും ഒരേ ജയിലിൽ. ലോകായുക്ത ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത ബിജെപി എംഎൽഎ മദൽ വിരൂപാക്ഷപ്പയെ കോടതി ഒമ്പത് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇദ്ദേഹത്തെ ബെംഗളൂരു സെൻട്രൽ ജയിലിലേക്കാണ് അയച്ചത്. ഇതേ കേസിൽ, വിരുപാക്ഷയുടെ മകൻ പ്രശാന്തും ബെംഗളൂരു ജയിലിലാണ്.
കർണാടക സ്റ്റേറ്റ് ഓഡിറ്റ് ആൻഡ് അക്കൗണ്ട്‌സ് സർവീസസ് ഓഫീസറായ പ്രശാന്തിന്റെ ജാമ്യാപേക്ഷയിൽ കോടതി ഏപ്രിൽ 10ന് തീരുമാനമെടുക്കും. കൈക്കൂലി കേസിൽ ലോകായുക്ത പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നു. മാർച്ച് രണ്ടിനാണ് വിരുപാക്ഷയുടെ ക്രസന്റ് റോഡിലെ ഓഫീസിൽ 40 ലക്ഷം രൂപയുടെ കണക്കിൽപ്പെടാത്ത പണവുമായി പ്രശാന്ത് പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച ഹൈക്കോടതി ജാമ്യാപേക്ഷ നിരസിച്ചതിനെത്തുടർന്ന് വിരൂപാക്ഷപ്പയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ശനിയാഴ്ച ഉച്ചയോടെയാണ് പ്രശാന്തിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. ജാമ്യാപേക്ഷയെ പബ്ലിക് പ്രോസിക്യൂട്ടർ സന്തോഷ് നഗർലെ എതിർത്തു. ഈ പ്രത്യേക കേസ് കോടതിയുടെ മനഃസാക്ഷിയെ മാത്രമല്ല, സമൂഹത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണെന്നും പ്രതി സിറ്റിംഗ് എംഎൽഎയും രണ്ടാം പ്രതി അദ്ദേഹത്തിന്റെ മകനുമാണെന്നും പ്രൊസിക്യൂട്ടർ കോടതിയെ അറിയിച്ചു. കേസിലെ സാക്ഷികളെയും ഉദ്യോഗസ്ഥരെയും സ്വാധീനിക്കാൻ കഴിയുമെന്നതിനാൽ ജാമ്യം അനുവദിക്കരുതെന്നും പ്രൊസിക്യൂട്ടർ പറഞ്ഞു.
കർണാടക ലോകായുക്ത രജിസ്റ്റർ ചെയ്ത അഴിമതിക്കേസിൽ ഒന്നാം പ്രതിയാണ് മാഡൽ വിരൂപാക്ഷപ്പ. മൈസൂർ സാൻഡൽ സോപ്സ് നിർമിക്കാനുള്ള നിർമാണ സാമഗ്രികൾ കൂട്ടത്തോടെ വിതരണം ചെയ്യാനുള്ള കരാർ നൽകാൻ 81 ലക്ഷം രൂപ കൈക്കൂലി ചോദിച്ചെന്നതാണ് കേസ്. കേസിൽ മാഡൽ വിരൂപാക്ഷപ്പയുടെ മകൻ മാഡൽ പ്രശാന്തിനെ കൈക്കൂലിപ്പണവുമായി ലോകായുക്ത അറസ്റ്റ് ചെയ്തിരുന്നു.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നിർദേശപ്രകാരം എംഎൽഎ രാജിവെച്ചിരുന്നു. എംഎൽഎയാണ് കൈക്കൂലി ആവശ്യപ്പെട്ടതെന്നും മകൻ വഴി കൈക്കൂലി നൽകണമെന്ന് പറഞ്ഞെന്നും കോൺട്രാക്റ്റർ പരാതി നൽകിയിരുന്നു.