കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസിലേക്ക് ചുവടുമാറ്റി എംഎല്‍എമാര്‍. ഒരാഴ്ചയ്ക്കിടെ എംഎല്‍എമാരടക്കം പത്തിലധികം നേതാക്കന്‍മാരാണ് പാര്‍ട്ടി മാറിയത്. സീറ്റുറപ്പിക്കലും തിരഞ്ഞെടുപ്പിലെ വിജയസാധ്യതയുമാണ് ചുവടുമാറ്റത്തിന്റെ കാരണം.
ഫെബ്രുവരി 20ന് ആണ് ചിക്കമംഗളുരുവിലെ ബിജെപി നേതാവ് ഡി. തിമ്മയ്യ, മുന്‍ എംഎല്‍എ കിരണ്‍കുമാര്‍, വൊക്കലിഗ നേതാവ് സന്ദേശ് നാഗരാജ്, ജെ.ഡി.എസ് നേതാവും തുമുകുരു മുന്‍ എംഎല്‍എയുമായ എച്ച്. നിംഗപ്പ, ബിജെപി എംഎല്‍എസി പുട്ടണ്ണ എന്നിവര്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറിയത്.
പിന്നാലെ കല്‍ബുറഗിയില്‍ നിന്നുള്ള ബിജെപി എംഎല്‍എസിയായ ബാബുറാവു ചിഞ്ചന്‍സും, ജെഡിഎസ് എംഎല്‍എ എസ്.ആര്‍ ശ്രീനിവാസും കോണ്‍ഗ്രസിലെത്തി. കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ കിരണ്‍കുമാറും പുട്ടണ്ണയും സ്ഥാനം പിടിച്ചിരുന്നു.
കഴിഞ്ഞ ദിവസം വിജയനഗര ജില്ലയിലെ കൂഡ്‌ലിഗി മണ്ഡലത്തിലെ ബിജെപി എംഎല്‍എ ഗോപാലകൃഷ്ണയും ഹാസന്‍ ജില്ലയിലെ അറക്കല്‍ഗുഡ് എംഎല്‍എ ടി. രാമസ്വാമിയും പാര്‍ട്ടി വിട്ടു.