ന്യൂഡൽഹി: അപകീർത്തിക്കേസിൽ കോടതി ശിക്ഷിച്ചതിനെ തുടർന്ന് എം പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കു പിന്നാലെ, വയനാട്ടിൽനിന്ന് 2019ൽ ജനവിധി തേടിയ മറ്റൊരു രാഹുൽ ഗാന്ധിക്കു കൂടി അയോഗ്യത. വൽസമ്മയുടെ മകൻ രാഹുൽ ഗാന്ധി കെ ഇ എന്ന കോട്ടയം സ്വദേശിയെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കിയത്. 2024 സെപ്റ്റംബർ 13 വരെ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽനിന്ന് തിരഞ്ഞെടുപ്പു കമ്മീഷൻ ഈ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത്.
1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 10 എ വകുപ്പ് പ്രകാരം അയോഗ്യരാക്കിയവരുടെ പട്ടിക മാർച്ച് 29നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർമാർക്ക് അയച്ചത്. ഈ പട്ടികയിലാണ് രാഹുൽ ഗാന്ധിയുടെ അപരനും ഉൾപ്പെട്ടിരിക്കുന്നത്.
തിരഞ്ഞെടുപ്പ് ചെലവുമായി ബന്ധപ്പെട്ട കണക്ക് തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഹാജരാക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് രാഹുൽ ഗാന്ധി കെ.ഇയെ കമ്മീഷൻ അയോഗ്യനാക്കിയത്. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ എ പ്രകാരമാണ് നടപടി. 2021 സെപ്റ്റംബർ 13 മുതൽ 2024 സെപ്റ്റംബർ 13 വരെ (മൂന്നുവര്‍ഷം) തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്നാണ് അയോഗ്യത.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അപരനായാണ് അന്ന് 33 വയസുകാരനായ രാഹുൽ ഗാന്ധി കെ ഇ രംഗത്തെത്തിയത്. തിരഞ്ഞെടുപ്പു പോരാട്ടങ്ങളുടെ വാശിയേറ്റുന്നതിൽ അപരൻമാരുടെ സാന്നിധ്യവും നിർണായകമാകാറുണ്ട്. രാജ്യത്ത് ബിജെപി ഭരണം നിലനിർത്തിയെങ്കിലും കേരളത്തിൽ തരംഗം സൃഷ്ടിച്ച സ്ഥാനാർത്ഥിത്വത്തിലൂടെ, ഏഴു ലക്ഷത്തിലധികം വോട്ടിനാണ് കോൺഗ്രസ് നേതാവ് ജയിച്ചുകയറിയത്. അതേസമയം, സ്വതന്ത്രനായി രംഗത്തെത്തിയ രാഹുൽ ഗാന്ധി കെ ഇ 2196 വോട്ടാണ് നേടിയത്. കോട്ടയം എരുമേലി മുട്ടപ്പള്ളി ഇയാനത്തോട്ടം വീട്ടിൽ അംഗമാണ് ഇ.കെ രാഹുൽ ഗാന്ധി.