കോഴിക്കോട്: ഒന്നേമുക്കാല്‍ കോടിയുടെ സ്വര്‍ണ്ണം തട്ടാന്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തിയ 6 പേർ പൊലീസ് പിടിയിൽ. കാരിയർമാരായ മൂന്ന് യാത്രക്കാരെ പൊലീസുകാരെന്ന വ്യാജേന വാഹനത്തിൽ കയറ്റി കൊണ്ടുപോകാനായിരുന്നു ശ്രമം. ഇന്നലെ രാത്രിയോടെയാണ് സംഭവം കാരിയർമാർ കടത്തിക്കൊണ്ട് വരുന്ന സ്വർണം എയർപോർട്ടിന് പുറത്തുവെച്ച് കവർച്ച ചെയ്യുന്ന സംഘത്തെയാണ് പൊട്ടിക്കൽ സംഘം എന്ന് വിശേഷിപ്പിക്കുന്നത്. ഇത്തരം പൊട്ടിക്കൽ സംഘത്തിൽ പെട്ട ആറ് പേരെയാണ് കരിപ്പൂർ പൊലീസ് പിടി കൂടിയത്.
കള്ളക്കടത്ത് സ്വര്‍ണ്ണവുമായി എയര്‍പോര്‍ട്ടിലിറങ്ങുന്ന മൂന്ന് യാത്രക്കാരിൽ നിന്നും സ്വർണ്ണം കവരാനായിരുന്നു ശ്രമം. പെരിന്തല്‍മണ്ണ ഏലംകുളം സ്വദേശികളായ മുഹമ്മദ് സുഹൈല്‍, അന്‍വര്‍ അലി, മുഹമ്മദ് ജാബിര്‍, അമല്‍ കുമാര്‍, ഒറ്റപ്പാലം സ്വദേശി മുഹമ്മദലി മണ്ണൊര്‍ക്കാട് സ്വദേശി ബാബുരാജ് എന്നിവരാണ് പിടിയിലായത്. മൂന്ന് പേരാണ് 3.18 കിലോയോളം സ്വർണ്ണം കടത്തിക്കൊണ്ടുവന്നത്. മൂന്നു പേരിൽ ഒരാൾ വിവരം പൊട്ടിക്കൽ സംഘത്തെ അറിയിക്കുകയായിരുന്നു. തന്റെ കൂടെ രണ്ട് പേർ വരുന്നുണ്ടെന്നും അവരുടെ കയ്യിൽ സ്വർണ്ണമുണ്ടെന്നും. പൊട്ടിക്കൽ സംഘത്തിലെ ആറ് പേർക്കും ഒരാൾക്കുമുൾപ്പെടെ ഏഴ് പേർക്ക് ഈ സ്വർണ്ണം വീതിച്ചെടുക്കാമെന്നായിരുന്നു പദ്ധതി.
എന്നാൽ എയർപോർട്ടിന് അകത്തുവെച്ചു തന്നെ ഇവർ മൂന്നുപേരും കസ്റ്റംസിന്റെ പിടിയിലായി. പിടികൂടിയ ആളുകളുമായി കസ്റ്റംസ് വാഹനത്തിൽ വരുന്ന സമയത്താണ് പൊട്ടിക്കൽ സംഘത്തിലെ ആറ് പേരും വാഹനത്തിന് അടുത്തെത്തിയത്. തുടർന്നാണ് കരിപ്പൂർ പൊലീസ് ഈ ആറുപേരെയും അറസ്റ്റ് ചെയ്തത്. സിവില്‍ ഡ്രസ്സില്‍ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാരെന്ന ഭാവേന വാഹനത്തില്‍ കയറ്റി കൊണ്ടുപോയി സ്വര്‍ണ്ണം തട്ടാനായിരുന്നു ഇവര്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ കാരിയർമാരും മൂന്ന് യാത്രക്കാരും എയർപോർട്ടിനുള്ളിൽ വച്ചു കസ്റ്റംസ് പിടിയിലായതോടെ ഇവരുടെ പദ്ധതി നടപ്പാക്കാന്‍ സാധിച്ചില്ല.