ദില്ലി: കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കെതിരായ യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്‍റ് ബി വി ശ്രീനിവാസിന്‍റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എ കെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി. കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനര്‍ പദവി രാജി വച്ചതിന് പിന്നാലെ ഇന്‍ബോക്സിലും കമന്‍റ് ബോക്സിലും നിറയുന്ന അസഭ്യ വര്‍ഷം വ്യക്തമാക്കുന്നത് അവരുടെ മനസിലുള്ളതാണ്.
സംസ്കാരമില്ലാത്ത വായില്‍ നിന്നാണ് രാഷ്ട്രീയ വാഗ്വാദത്തിന് വേണ്ടിയാണെങ്കില്‍ പോലും ഇത്തരം പരാമര്‍ശങ്ങള്‍ വരികയെന്നും വിശദമാക്കിക്കൊണ്ടാണ് ബി വി ശ്രീനിവാസിന്‍റെ വിവാദ പരാമര്‍ശ വീഡിയോ അനില്‍ പങ്കുവച്ചത്. നാണം കെട്ടവര്‍ എന്നും കുറിപ്പില്‍ അനില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിന് പിന്നാലെ വിഷയം സംബന്ധിയായ ചാനല്‍ ചര്‍ച്ചയില്‍ സ്മൃതി ഇറാനിയെ പിന്തുണച്ചും കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചും അനില്‍ പങ്കെടുക്കുകയും ചെയ്തു.
Shameless people.
From the day I resigned from my party roles, my inboxes and comment sections are flooded with filthy abuses from their underlings.
Being an uncultured gutter mouth even if one can’t make any political argument of substance has become a basic criterion of the… https://t.co/Cfs7ppAWoy— Anil K Antony (@anilkantony) March 27, 2023
നേരത്തെ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിനെ പ്രശംസിച്ച് അനിൽ ആന്‍റണി രംഗത്തെത്തിയിരുന്നു. ഉള്ളത് ഉള്ളത് പോലെ പറയുന്ന വ്യക്തിയാണ് ജയ്‍ശങ്കര്‍. അന്താരാഷ്ട്ര വേദികളില്‍, ഇന്ത്യയുടെ താത്പര്യം എപ്പോഴും ഉയര്‍ത്തിക്കാട്ടാന്‍ ജയ്ശങ്കറിന് കഴിയുന്നുണ്ടെന്നും അനില്‍ ആന്‍റണി പ്രതികരിച്ചത്. ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പരാമർശിച്ചുളള ബി ബി സിയുടെ “ഇന്ത്യ- ദി മോദി ക്വസ്റ്റ്യൻ” ഡോക്യുമെന്‍ററിക്കും ബി ബി സിക്കും എതിരായ അനിൽ ആന്റണിയുടെ ട്വീറ്റ് നേരത്തെ വലിയ ചർച്ചയായിരുന്നു. ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോദിയെ വിമർശിക്കുന്ന ബി ബി സി ഡോക്യുമെന്ററിയെ കോൺഗ്രസും രാഹുൽ ഗാന്ധിയുമടക്കം അനുകൂലിക്കുന്നതിനിടെയാണ് മുതിർന്ന നേതാവ് എ കെ ആന്റണിയുടെ മകൻ വിമർശിച്ച് രംഗത്തെത്തിയത്.
എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിക്കെതിരെയും അനിൽ ആന്റണി പ്രതികരിച്ചിരുന്നു. ഒരു വ്യക്തിയുടെ മണ്ടത്തരങ്ങളിൽ പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കരുതെന്നും രാജ്യത്തിന്റെ പ്രശ്നങ്ങളിൽ പ്രവര്‍ത്തിക്കണമെന്നും അനിൽ ട്വീറ്റ് ചെയ്തു. രാജ്യത്തിന്റെ പ്രശ്നങ്ങളിൽ പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിച്ചില്ലെങ്കിൽ 2024 ന് അപ്പുറത്തേക്ക് കോൺഗ്രസ് നിലനിൽക്കില്ലെന്നും രണ്ടായിരത്തി പതിനേഴിന് ശേഷമുള്ള കോൺഗ്രസിന്റെ സ്ഥിതി ഒരു കദന കഥാപഠനമാണെന്നും അനിൽ പരിഹസിച്ചിരുന്നു.