ദില്ലി : ലോക്സഭയിൽ നിന്ന് അയോഗ്യനായതിന് പിന്നാലെ വീണ്ടും കോലാറിലേക്ക് പോകാൻ തീരുമാനിച്ച് രാഹുൽ ഗാന്ധി. കർണാടകയിലെ കോലാറിൽ നടത്തിയ പ്രസംഗത്തിലെ പരാമർശത്തെ തുടർന്നാണ് രാഹുലിനെതിരെ മാനനഷ്ടക്കേസെടുത്തതും പിന്നീട് തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ടതും. ഈ പശ്ചാത്തലത്തിലായിരുന്നു സ്പീക്കർ രാഹുലിനെ അയോഗ്യനായി പ്രഖ്യാപിച്ചത്.
എന്നാൽ കോലാറിൽ വീണ്ടുമെത്താനാണ് രാഹുലിന്റെ തീരുമാനം. ഏപ്രിൽ 5 ന് കോലാറിൽ വൻ പ്രതിഷേധപരിപാടിക്ക് കളമൊരുക്കുകയാണ് കോൺഗ്രസ്. രാഹുലിനെ അയോഗ്യനാക്കിയത് 2019-ൽ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് കോലാറിൽ പ്രസംഗം നടത്തിയ അതേ സ്ഥലത്ത് വേദിയൊരുക്കി വീണ്ടും തെരഞ്ഞെടുപ്പ് പ്രചാരണപരിപാടി നടത്തും. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ രാഹുലിന്‍റെ അയോഗ്യതയും പ്രചാരണവിഷയമാക്കാൻ ആണ് കോൺഗ്രസ് തീരുമാനം.
കോലാറിൽ നടത്തിയ പ്രസംഗത്തിൽ രാഹുലിനെതിരെ ഗുജറാത്തിലെ സൂറത്തിലാണ് കേസെടുത്തത്. സൂറത്തിലെ സിജെഎം കോടതിയാണ് രാഹുലിനെ രണ്ട് വർഷത്തേക്ക് ശിക്ഷിച്ചത്. ഉടൻ തന്നെ രാഹുലിന് ജാമ്യവും ലഭിച്ചിരുന്നു. എന്നാൽ പിന്നാലെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കി. ഇതേ തുടർന്ന് വൻ പ്രതിഷേധമാമ് പ്രതിപക്ഷ പാര്ർട്ടികൾ ഉയർത്തുന്നത്. ഈ വിഷയം ഉന്നയിച്ച് ഇന്നും ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷം പ്രതിഷേധിച്ചു.