തിരുവനന്തപുരം: ഏപ്രിൽ ഒന്നിന് ഭൂമിയുടെ ന്യായവില വർദ്ധന നടപ്പാവും മുമ്പ് ആധാരം രജിസ്റ്റർ ചെയ്യാൻ കൂട്ടത്തള്ളായതോടെ രജിസ്ട്രേഷൻ വകുപ്പിന് നല്ലകാലം. മാർച്ചിലെ വരവ് 600 കോടിയിലെത്തിയേക്കും. ഇന്നലെ വരെ 550 കോടിയാണ്. കഴിഞ്ഞ സാമ്പത്തികവർഷം ഇതേമാസം 400 കോടിയാണ് കിട്ടിയത്. ഭൂമിയുടെ ന്യായവില 20 ശതമാനമാണ് ബഡ്‌ജറ്റിൽ കൂട്ടിയത്. ഇതനുസരിച്ച് സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും ഒന്നു മുതൽ കൂടും.
നടപ്പുസാമ്പത്തിക വർഷത്തെ ആകെ വരുമാനം 5300 കോടി കവിയുമെന്നാണ് പ്രതീക്ഷ. 2021-22-ൽ ഇത് 4431.88 കോടിയായിരുന്നു. 315 സബ് രജിസ്ട്രാർ ഓഫീസുകളിലായി ശരാശരി 80,000 രജിസ്ട്രേഷനാണ് ഒരു മാസം നടക്കുക. ഈ മാസം ഇത് ഒരു ലക്ഷം കവിഞ്ഞേക്കും.
കഴിഞ്ഞ ദിവസങ്ങളിൽ സബ് രജിസ്റ്റാർ ഓഫീസുകളിൽ എത്തിയ പലർക്കും ടോക്കൺ കിട്ടാതെ മടങ്ങേണ്ടിവന്നു. ദിവസം 38 ടോക്കണുകളാണ് നൽകുക. ഇതിനിടെ സെർവർ മന്ദഗതിയിലുമായി. കുടുംബ ബന്ധാധാരങ്ങളുടെ (ഇഷ്ടദാനം) രജിസ്ട്രേഷനാണ് ഏറെയും.
മറുതന്ത്രവും
മാർച്ച് 31ന് മുമ്പ് ആധാരം തയ്യാറാക്കി, അതിനനുസരിച്ചുള്ള മുദ്രപ്പത്രവും വാങ്ങിയാൽ നാല് മാസത്തിനുള്ളിൽ രജിസ്ട്രേഷൻ നടത്തിയാൽ മതി. അധിക ചെലവും കഴിഞ്ഞ ദിവസങ്ങളിലെ തിരക്കും ഒഴിവാക്കാൻ നിരവധി പേർ ഈ മറുതന്ത്രവും പ്രയോഗിച്ചു. ഭൂമി വിലയുടെ എട്ടുശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയും രണ്ട് ശതമാനം രജിസ്ട്രേഷൻ ഫീസുമാണ് നൽകേണ്ടത്.
മാർച്ചിലെ പ്രതീക്ഷ
വരുമാനം
600 കോടി
രജിസ്ട്രേഷൻ
ഒരു ലക്ഷം
2022-23ൽ ആകെവരവ്
5300 കോടി
2021-22ൽ കിട്ടിയത്
4431.88 കോടി